X

ബ്രസീല്‍ ജയിലില്‍ മയക്കുമരുന്ന് സംഘങ്ങളുടെ കലാപം; തലവെട്ടിയും, കഴുത്തറുത്തും, ശ്വാസം മുട്ടിച്ചും കൊന്നത് 57 പേരെ

വെടിവയ്പുകളും നിലവിളികളും അടുത്തുള്ള വിമാനത്താവളത്തില്‍വരെ കേട്ടിരുന്നു.

ബ്രസീല്‍ ആമസോണിലെ ജയിലില്‍ ഉണ്ടായ കലാപത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പാരെ സംസ്ഥാനത്തെ അല്‍താമിറ നഗരത്തില്‍ നിന്നുള്ള പ്രാദേശിക മയക്കുമരുന്ന് സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 16 പേരെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ജയിലിന്റെ ഒരു ഭാഗത്ത് തീ പടരുകയും, പിന്നാലെ പുക ഉയര്‍ന്നതോടെ മറ്റ് തടവുകാര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുകയും ചെയ്തുവെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ 7 മണിയോടെ ജയിലില്‍ തടവുകാര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിക്കൊണ്ടിരിക്കെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയതെന്ന് പാരാ സംസ്ഥാനത്തെ പെനിറ്റന്‍ഷ്യറി സിസ്റ്റം സൂപ്രണ്ട് ജര്‍ബാസ് വാസ്‌കോണ്‍സെലോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലില്‍ 343 തടവുകാരാണുള്ളത്. അത് ജയിലിന്റെ ശേഷിയുടെ ഇരട്ടിയിലധികമാണ്.

‘ചിലരെ തലവെട്ടിയും മറ്റു ചിലരെ ശ്വാസം മുട്ടിച്ചുമാണ് കൊന്നത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിതമാണ്. രണ്ടു ക്രിമിനല്‍ സംഘങ്ങള്‍ പരസ്പരം ആക്രമിക്കുകയായിരുന്നു’ എന്ന് വാസ്‌കോണ്‍സെലോസ് പറയുന്നു. വെടിവയ്പുകളും നിലവിളികളും അടുത്തുള്ള വിമാനത്താവളത്തില്‍വരെ കേട്ടിരുന്നു. ചികിത്സയ്ക്കായി കൊണ്ടുവന്നവരില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റതായി പ്രാദേശിക ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 46 തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

വന്‍തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിന് ആമസോണ്‍ മേഖലയിലുടനീളമുള്ള നിയന്ത്രണങ്ങളാണ് ഏല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് സുരക്ഷാ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. 2017-ല്‍ ആമസോണ്‍ നഗരമായ മനാസിലെ ഒരു ജയിലില്‍ 56 തടവുകാരെ കൊന്നതിനും തുടര്‍ന്നുണ്ടായ രക്തരൂക്ഷിതമായ പ്രതികാര കൊലപാതകങ്ങള്‍ക്കും ഇത് കാരണമായതായി അവര്‍ കരുതുന്നു.

Read: സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; ബൈക്ക് ഷെയറിംഗ് ഫീച്ചറുമായി ഗൂഗിള്‍

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

 

This post was last modified on July 30, 2019 8:21 am