X

ബലാൽസംഗം ചെയ്ത ഭർത്താവിനെ കൊന്ന 19കാരിക്ക് ശരിഅ നിയമപ്രകാരം മരണശിക്ഷ; പ്രതിഷേധവുമായി അന്താരാഷ്ട്ര സമൂഹം

മരണശിക്ഷ വിധിക്കപ്പെട്ടതിനു ശേഷം തലയുയർത്തിപ്പിടിച്ചാണ് നൂറ കോടതിക്കു പുറത്തു വന്നതെന്ന് കോടതിയിലുണ്ടായിരുന്ന ചിലർ ട്വീറ്റ് ചെയ്തു.

ബലാൽസംഗം ചെയ്ത ഭർത്താവിനെ കുത്തിക്കൊന്ന പെൺകുട്ടിക്ക് വധശിക്ഷ നൽകിയ സുഡാനീസ് കോടതി വിധിക്കെതിരെ പ്രതിഷേധമുയരുന്നു. 19 വയസ്സുകാരിയായ പെൺകുട്ടിക്ക് സുഡാനിലെ ശരീഅത്ത് നിയമപ്രകാരമാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭർത്താവിന്റെ ബലാൽസംഗത്തെ ഈ നിയമം തിരിച്ചറിഞ്ഞിട്ടില്ല.

നൂറ ഹുസ്സൈൻ എന്ന പെൺകുട്ടിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. പതിനാറ് വയസ്സുമാത്രം പ്രായമുള്ളപ്പോൾ നൂറയുടെ വിവാഹം കഴിഞ്ഞു. പഠിക്കണമെന്നും ടീച്ചറാകണമെന്നും ആഗ്രഹമുണ്ടായിരുന്ന നൂറയെ പക്ഷെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു. വിവാഹം ചെയ്യേണ്ടി വരുമെന്ന് പേടിട്ട് വീടുവിട്ട് ഒരു ബന്ധുവിന്റെ വീട്ടിൽ പോയി നിന്ന നൂറയെ വീട്ടുകാർ ചതിയിലൂടെ തിരിച്ചെത്തിച്ച് നിർബന്ധിച്ച് വിവാഹപ്പന്തലിലെത്തിക്കുകയായിരുന്നു.

വിവാഹച്ചടങ്ങിനു ശേഷം ലൈംഗികബന്ധത്തിന് ഭർത്താവ് നിര്‍ബന്ധിച്ചപ്പോൾ നൂറ അനുസരിച്ചില്ല. ഇതോയെ ഇയാൾ‌ തന്റെ സഹോദരന്മാരെ സഹായത്തിനു വിളിച്ചു. ഇവർ നൂറയെ പിടിച്ചുവെക്കുകയും ഭർത്താവ് നൂറയെ ബലാൽസംഗം ചെയ്യുകയുമായിരുന്നു. ഇതിനു ശേഷവും ഭർത്താവ് പലതവണ പെൺകുട്ടിയെ ബലാൽസംഗത്തിനു വിധേയമാക്കാനെത്തി. ഈ സമയത്താണ് നൂറ അടുക്കളയിൽ നിന്നും ഒരു കത്തിയെടുത്ത് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയത്.

സംഭവമറിഞ്ഞെത്തിയ നൂറയുടെ പിതാവ് അവളെ പൊലീസിൽ ഏൽപ്പിച്ചു. തന്റെ തറവാടിന് ‘നാണക്കേട്’ ഉണ്ടാക്കിയവൾ എന്നാണ് പിതാവ് നൂറയെ വിശേഷിപ്പിച്ചത്. നൂറയുടെ ബന്ധുക്കളാരും വിധിപ്രസ്താവം കേൾക്കാൻ എത്തിയിരുന്നില്ല.

സുഡാനിൽ നിലവിലുള്ള ശരിഅ നിയമപ്രകാരം 10 വയസ്സുള്ള പെൺകുട്ടിയെ വരെ വിവാഹം ചെയ്യാനാകും. ഇതിന് ഒരു രക്ഷിതാവിന്റെയും ജഡ്ജിയുടെയും അനുവാദം മാത്രം ലഭിച്ചാൽ മതി.

അംഗീകരിക്കാനാകാത്ത ക്രൂരതയുടെ ഇരയാണ് നൂറയെന്ന് ആംനെസ്റ്റി ഇന്റർനാഷണലിന്റെ ഈസ്റ്റ് ആഫ്രിക്ക ഡെപ്യൂട്ടി റീജ്യണൽ ഡയറക്ടർ സെയ്ഫ് മഗാംഗോ പറഞ്ഞു. കഴിഞ്ഞമാസമാണ് നൂറ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയത്. വ്യാഴാഴ്ച അവളെ തൂക്കിക്കൊല്ലാൻ വിധിച്ചു. അപ്പീൽ സമർപ്പിക്കാൻ 15 ദിവസത്തെ സമയമുണ്ട്.

അധികാരമില്ലാത്ത പൗരനുനേരെ നടക്കുന്ന ഭരണകൂട ആക്രമണമായാണ് അന്താരാഷ്ട്ര സമൂഹം നൂറ സംഭവത്തെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ #JusticeForNoura എന്ന ഹാഷ്ടാഗ് പ്രചാരണം നടക്കുന്നുണ്ട്.

നിര്‍ബന്ധിത വിവാഹമോ ബാലവിവാഹമോ സുഡാനിൽ കുറ്റമല്ല. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ശിക്ഷയാണ് നൽകുക. പിഴ ഈടാക്കൽ, തൂക്കിക്കൊല, മാപ്പു നൽ‌കൽ എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. നൂറയുടെ കേസിൽ ഭർത്താവിന്റെ ബന്ധുക്കൾ വധശിക്ഷയാണ് തെരഞ്ഞെടുത്തത്. നൂറയ്ക്ക് മരണശിക്ഷ വിധിച്ചപ്പോൾ ബന്ധുക്കൾ ആർപ്പുവിളികളോടെയാണ് അതിനെ സ്വീകരിച്ചത്.

കോടതിക്കു പുറത്ത് നൂറയെ പിന്തുണച്ച് നിരവധി പേർ എത്തിയിരുന്നു. എന്നാൽ‌, പൊലീസ് ഇവരെ ആട്ടിയോടിച്ചു. മരണശിക്ഷ വിധിക്കപ്പെട്ടതിനു ശേഷം തലയുയർത്തിപ്പിടിച്ചാണ് നൂറ കോടതിക്കു പുറത്തു വന്നതെന്ന് കോടതിയിലുണ്ടായിരുന്ന ചിലർ ട്വീറ്റ് ചെയ്തു. “അവരിപ്പോൾ ഒരു ഹീറോയെപ്പോലെയാണ് നടക്കുന്നത്. കാലുകൾ നീട്ടിവെച്ച്, തലയുയർത്തിപ്പിടിച്ച്.”-ഒരു ട്വീറ്റ് പറഞ്ഞു.

സുഡാനിലെ നിയമവ്യവസ്ഥ

ശരിഅ നിയമമാണ് സുഡാൻ പിന്തുടരുന്നത്. സ്ത്രീകളെ കല്ലെറിഞ്ഞും തൂക്കിയും കൊലപ്പെടുത്തുന്നത് ഇവിടെ സാധാരണമാണ്. സദാചാര ലംഘനം നടത്തുന്ന സ്ത്രീകളെ പൊതുസ്ഥലത്തു വെച്ച് അടിക്കാൻ പൊലീസിന് നിയമപ്രകാരം അനുവാദമുണ്ട്.

This post was last modified on May 12, 2018 6:29 pm