X

പാകിസ്താന്റെ കള്ളപ്പണ-ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ വേണ്ടത്ര പുരോഗതിയില്ലെന്ന് എഫ്എടിഎഫ്

പാകിസ്താനെതിരെ ആഗോളതലത്തിൽ സമ്മർദ്ദമുയർത്തിക്കൊണ്ടു വരാൻ ഫ്രാൻസും ഇന്ത്യയും ചേർന്ന് നടത്തിയ നയതന്ത്ര ശ്രമങ്ങളോട് കാര്യമായി പ്രതികരിക്കാതെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (FATF) നിലപാട്. ഒക്ടോബർ മാസം വരെ പാകിസ്താനെ ‘ഗ്രേ ലിസ്റ്റി’ൽ നിലനിർത്താൻ എഫ്എടിഎഫ് തീരുമാനമെടുത്തു. 2018 ജൂൺ 6ന് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയിരുന്നതാണ്. തങ്ങൾ മുമ്പോട്ടുവെച്ച ഭീകരവിരുദ്ധ-കള്ളപ്പണ വിരുദ്ധ കർമ്മപദ്ധതി നടപ്പാക്കാൻ 15 മാസത്തെ സമയവും അനുവദിച്ചു. ഈ നിലപാടിൽ തന്നെ തൽക്കാലം ഉറച്ചു നിൽക്കാനാണ് സംഘടനയുടെ തീരുമാനം. ബ്ലാക് ലിസ്റ്റിൽ ഉടൻ പെടുത്തണമെന്ന ഫ്രാൻസിന്റെയും ഇന്ത്യയുടെയും ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഒക്ടോബർ മാസം വരെ പാകിസ്താനം സമയമുണ്ട്.

പാരിസിൽ സംഘടന ചേർന്ന ഒരാഴ്ച നീണ്ട യോഗങ്ങളുടെ അവസാനദിവസത്തിലാണ് ഈ തീരുമാനം പുറത്തുവന്നത്. വ്യാപാരബന്ധങ്ങളിൽ പാകിസ്താനുമേൽ സമ്മർദ്ദം ചെലുത്താൻ നിലവിലുള്ള പട്ടികപ്പെടുത്തലിനെ ഇതര രാജ്യങ്ങൾക്ക് ഉപയോഗിക്കാം. ബ്ലാക്ക് ലിസ്റ്റിൽ‌ പെടുത്തുന്നതിനു മുമ്പായി താക്കീത് നൽകുന്നതാണ് ഗ്രേ ലിസ്റ്റിൽ പെടുത്തൽ. ഗ്രേ ലിസ്റ്റിൽ‌ പെടുത്തുന്നത് പാകിസ്താന് അന്തർ‌ദ്ദേശീയ ലോണുകൾ ലഭിക്കുന്നതിൽ പ്രയാസമുണ്ടാക്കും. സാമ്പത്തിക ഉപരോധങ്ങളെ നേരിടേണ്ടതായി വരും.

കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ഫണ്ടിങ്ങിനുമെതിരെ ബിസിനസ് തലത്തിൽ അന്തർദ്ദേശീയ സമ്മർദ്ദം ഉയർത്തിക്കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്ന സംഘടനയാണ് എഫ്എടിഎഫ്. ചൈനയുമായും റഷ്യയുമായും വ്യാപാര ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തുന്ന പാകിസ്താന് എഫിഎടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടത് വലിയൊരു തിരിച്ചടിയാണ്.

ഭീകരവാദ ഫണ്ടിങ്ങും കള്ളപ്പണം വെളുപ്പിക്കുന്നതും ഇല്ലാതാക്കുന്നതിൽ പാകിസ്താൻ കാര്യമായ പുരോഗതി കൈവരിച്ചില്ലെന്ന് എഫ്എടിഎഫ് ചൂണ്ടിക്കാട്ടി. 15 മാസത്തെ സമയം നൽകിയതിൽ എട്ട് മാസത്തോളം കടന്നുപോയി. അൽ ഖായിദ, ജമാഅത്ത് ഉദ് ദാവ, ജെയ്ഷെ മൊഹമ്മദ് തുടങ്ങിയ സംഘടനകൾ സൃഷ്ടിക്കുന്ന അപകടസാധ്യതകളെ തിരിച്ചറിയുന്നതിൽ വേണ്ടത്ര പുരോഗതി പാകിസ്താൻ കൈവരിച്ചില്ല. പാകിസ്താനുമായി തുടർന്നും പ്രവർത്തിക്കും. ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുവരാൻ സഹായങ്ങൾ നൽകുമെന്നും എഫ്എടിഎഫ് പ്രസ്താവനയിൽ പറഞ്ഞു

ഭീകരതയ്ക്കും കള്ളപ്പണത്തിനുമെതിരായ കർമ്മപദ്ധതികളിൽ പുരോഗതിയുണ്ടാക്കണമെന്ന് എഫ്എടിഎഫ് പാകിസ്താനോട് ആവശ്യപ്പെട്ടു. ഇതിന് ഒക്ടോബർ വരെ സമയം നൽകുകയും ചെയ്തു. ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമാണ് ഗ്രേ ലിസ്റ്റിൽ പെടുത്തൽ. ഇതിൽ പ്രതീക്ഷിച്ച പോലുള്ള പുരോഗതി കൈവരിച്ചില്ലെങ്കിൽ ബ്ലാക് ലിസ്റ്റിൽ പെടുത്തും.

This post was last modified on February 22, 2019 10:10 pm