X

മസൂദ് അസ്ഹറിന് പാകിസ്താൻ യാത്രാനിരോധനം ഏർപ്പെടുത്തി; ആയുധങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വിലക്ക്; സ്വത്തുക്കൾ മരവിപ്പിച്ചു

ആയുധങ്ങൾ വാങ്ങുന്നതിനും വിൽ‌ക്കുന്നതിനും മസൂദിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് പാകിസ്താൻ.

ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിന് പാകിസ്താൻ യാത്രാനിരോധനം ഏർപ്പെടുത്തി. ഒരു ഔദ്യോഗിക ഉത്തരവിലൂടെയാണ് ഇത് നടപ്പായത്. മസൂദിന് രാജ്യത്തുള്ള എല്ലാ സ്വത്തുക്കളും മരവിപ്പിച്ചിട്ടുമുണ്ട് സർക്കാർ. മസൂദിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നടപടി.

ഇതുകൂടാതെ ആയുധങ്ങൾ വാങ്ങുന്നതിനും വിൽ‌ക്കുന്നതിനും മസൂദിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് പാകിസ്താൻ. സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഓഫ് പാകിസ്താന്‍ എന്ന സർക്കാർ സംവിധാനമാണ് അസ്ഹറിന്റെ സ്വത്തുക്കളെ മരവിപ്പിക്കുന്ന ഉത്തരവിട്ടിരിക്കുന്നത്. എല്ലാ ബാങ്കുകൾക്കും നിയന്ത്രണാധികാര സംവിധാനങ്ങള്‍ക്കും ഇതുസംബന്ധിച്ച വിജ്ഞാപനം നൽകിയിട്ടുണ്ട്. അസ്ഹറിന്റെ എല്ലാ നിക്ഷേപ അക്കൗണ്ടുകളും മരവിപ്പിക്കാനാണ് ഉത്തരവ്. ബാങ്കുകൾ എടുത്ത നടപടികൾ എന്തെല്ലാമെന്ന് മൂന്ന് ദിവസത്തിനകം സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഓഫ് പാകിസ്താനെ അറിയിക്കുകയും വേണം. പാകിസ്താന്റെ ഭീകരവിരുദ്ധ നിയമപ്രകാരം [Anti-Terrorist Act (ATA)] ഇതിനകം തന്നെ സഞ്ചാരനിരോധനം നിലവിൽ വന്നതായി പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൊലീസിന്റെ അനുമതിയില്ലാതെ സഞ്ചാരം അനുവദിക്കില്ല. മസൂദിന് ആയുധങ്ങളൊന്നും സ്വന്തം കൈവശം വെക്കാനും അനുമതിയില്ല.

ഇന്ത്യയിലെ പുൽവാമയിൽ 40 സൈനികരെ കൊലചെയ്ത ഭീകരാക്രമണം സംഘടിപ്പിച്ചതിനു ശേഷം നടന്ന നയതന്ത്രനീക്കങ്ങളാണ് മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്. ഫ്രാൻസിന്റെ നേതൃത്വത്തിൽ തുടങ്ങിയ നയതന്ത്ര നീക്കങ്ങളിൽ യുഎസ്സും ഭാഗഭാക്കായി. മസൂദിനെ പാകിസ്താനുവേണ്ടി ഐക്യരാഷ്ട്രസഭയിൽ സംരക്ഷിച്ചു നിർത്തിയിരുന്ന ചൈനയെ സമ്മര്‍ദ്ദത്തിലാക്കാൻ ഈ നീക്കങ്ങൾക്ക് സാധിച്ചു.