X

കന്യാസ്ത്രീകൾ പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയാവുന്നുണ്ടെന്ന് സമ്മതിച്ച് പോപ്പ്; വെളിപ്പെടുത്തൽ ഫ്രാങ്കോ കേസിലെ സഭയുടെ നിലപാടിൽ പ്രതിഫലിക്കുമോ?

മീടൂ വെളിപ്പെടുത്തലുകൾ ശക്തമാവുന്ന സാഹചര്യത്തിലും സഭയിൽ കുട്ടികൾ ഉൾപ്പെടെ പീഡിപ്പിക്കപ്പെടുന്ന റിപ്പോർട്ടുകൾ നിരന്തരം പുറത്തുവരുന്ന സാഹചര്യത്തിൽ കുടിയാണ് പോപ്പ് വിഷയത്തിൽ പ്രതികരിക്കാന്‍ നിർബന്ധിതനാവുന്നത്.

കാത്തോലിക്ക സഭ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് കന്യാസ്ത്രീകൾക്കെതിരായ ലൈംഗീകാതിക്രമാണെന്ന് തുറന്ന് സമ്മതിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. പുരോഹിതർ, ബിഷപ്പുമാരുൾപ്പെടെ ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ പ്രഥമ യുഎഇ സന്ദർശനത്തിനിടെയാണ് ക്രിസ്ത്യൻ സഭയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് ഇതാദ്യമായി മാർപ്പാപ്പ പൊതുവേദിയിൽ പ്രതികരിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരോപണ വിധേയനായ കന്യാസ്ത്രീ ബലാൽസംഗക്കേസിൽ ഇന്ത്യയിലെ കത്തോലിക്ക സഭ പുരോഹിതന് അനുകൂലമായി നിലപാടുമായി മുന്നോട്ടുപോവുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ പരസ്യ പ്രതികരണം പുറത്ത് വരുന്നത്.

കത്തോലിക്ക സഭയ്ക്ക് കീഴിലെ കന്യാസ്ത്രീകൾ വർഷങ്ങളായി ഇത്തരം പീഢനങ്ങൾ അനുഭവിച്ച് വരുന്നവരാണെന്നും, ഇന്ത്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങലിൽ ഇത്തരം ധാരാളം പരാതികള്‍ ഉയർന്നിട്ടുണ്ട്. വത്തിക്കാൻ പുറത്തിറക്കുന്ന മാസിക അടുത്തിടെ വ്യക്തമാക്കിയിരുന്നു. പുരോഹിതരാൽ പീഡിപ്പിക്കപ്പെട്ട് കുട്ടികൾക്ക് ജൻമം നൽകേണ്ടിവന്നതും, ഗർഭശ്ചിദ്രം നടത്തേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും  മാസിക വെളിപ്പെടുത്തിയിരുന്നു. എന്നാൽ യുഎഇയില്‍ മാധ്യമങ്ങളെ കണ്ട പോപ്പ് ഫ്രാൻസിസ് ഇക്കാര്യത്തിൽ  ചോദ്യം ഉന്നയിക്കുന്നത് വരെ പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ ഇത് സത്യമാണെന്നായിരുന്നു ചോദ്യങ്ങൾക്ക് മറുപടിയായി പോപ്പിന്റെ പ്രതികരണം. ബിഷപ്പുമാരും, പുരോഹിതരും ഇത്തരം നടപടികളിൽ ആരോപണ വിധേയരായിട്ടുണ്ടെന്നും പോപ്പ് വ്യക്തമാക്കി. വിവിധ മേഖലകളിൽ മീടൂ വെളിപ്പെടുത്തലുകൾ ശക്തമാവുന്ന സാഹചര്യത്തിലും സഭയിൽ കുട്ടികൾ ഉൾപ്പെടെ പീഡിപ്പിക്കപ്പെടുന്ന റിപ്പോർട്ടുകളും നിരന്തരം പുറത്തുവരുന്ന സാഹചര്യത്തിൽ കുടിയാണ് പോപ്പ് വിഷയത്തിൽ പ്രതികരിക്കാന്‍ നിർബന്ധിതനാവുന്നത്.

അതേസമയം, സഭയ്ക്ക് അകത്തെ പീഡനങ്ങളെ കുറിച്ച് പോപ്പ് പരസ്യ പ്രതികരണത്തിന് മുതിർ‌ന്നതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ ഉൾപ്പെടെ പുതിയ വാദമുഖങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തല്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട ബലാൽസംഗക്കേസ് കത്തോലിക സഭാ വിശ്വാസികൾക്കിടയിൽ രണ്ട് ചേരി സൃഷ്ടിച്ച സാഹചര്യത്തിൽ പ്രതികരണത്തിന് രാജ്യത്ത് വളരെയധികം പ്രാധാന്യം ലഭിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെയും അവരെ പിന്തുണച്ച് രംഗത്തെത്തിയവരെയും എതിർക്കുന്ന നിലപാടായിരുന്നു കേരളത്തിലെ ഉൾപ്പെടെ സഭാ നേതൃത്വം സ്വീകരിച്ചത്. എന്നാൽ സഭയുടെ പരമോന്നത മേധാവിയുടെ നിലപാട് ഇന്ത്യയിലും മാറ്റം വരുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

This post was last modified on February 6, 2019 1:21 pm