X

ലോകകപ്പ് വേദി തട്ടിയെടുക്കാൻ ഇതര രാജ്യങ്ങൾക്കെതിരെ ഖത്തർ അട്ടിമറി സംഘടിപ്പിച്ചു?

ലോകകപ്പ് നടത്താൻ യുഎസ്സിനും ആസ്ട്രേലിയയ്ക്കും വേണ്ടത്ര സന്നാഹങ്ങളില്ലെന്ന് ഫിഫയെ ബോധ്യപ്പെടുത്തുകയായിരുന്നു പ്രചാരണങ്ങളുടെ ലക്ഷ്യം.

2022 ഫിഫ ലോകകപ്പ് വേദിക്കു വേണ്ടി മത്സരിച്ച ഇതര രാജ്യങ്ങളെ കരിവാരിത്തേക്കുന്ന പ്രചാരണത്തിന് ഖത്തർ ഫണ്ടിറക്കിയെന്ന് ആരോപണം. ഒരു പിആർ ഏജൻസിയെയും ഒരു മുൻ സിഐഎ ഉദ്യോഗസ്ഥരെയും ഈ ആവശ്യത്തിലേക്കായി ഖത്തർ നിയമിച്ചിരുവന്നുവെന്നാണ് വിവരം. ലോകകപ്പ് വേദിക്കു വേണ്ടി മത്സരിക്കുന്ന യുഎസ്എ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുക എന്നതായിരുന്നു ഇവരിൽ ഏൽപ്പിക്കപ്പെട്ട ചുമതലയെന്ന് ഐഡന്റിറ്റി വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാൾ സൺഡേ ടൈംസിനോട് പറഞ്ഞു എന്നാണ് വിവരം.

മാധ്യമപ്രവർത്തകർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരെ പണം കൊടുത്ത് വശത്താക്കി റിപ്പോർട്ടുകൾ എഴുതിപ്പിക്കുന്നത് അടക്കമുള്ള തരികിടപ്പണികളാണ് ഈ പിആർ ഏജൻസിയും മുൻ സിഐഎ ഉദ്യോഗസ്ഥരും ചേർന്ന് ചെയ്തുവന്നിരുന്നത് എന്നറിയുന്നു. സൺഡേ ടൈംസിന്റെ സോഴ്സ് പറയുന്നതു പ്രകാരം, ലോകകപ്പ് സംഘടിപ്പിക്കുന്നതു വഴി യുഎസ്സിനുണ്ടാകുന്ന ഭയാനകമായ ചെലവ് ചൂണ്ടിക്കാട്ടി ലേഖനമെഴുതാൻ ഒരു പ്രൊഫസർക്ക് 9,000 ഡോളറാണ് നൽകിയത്. ഇങ്ങനെ മാധ്യമപ്രവർത്തകർക്കും ബ്ലോഗർമാർക്കുമെല്ലാം പണം നൽകിയിട്ടുണ്ട്. യുഎസ്സിലും ആസ്ട്രേലിയയിലുമുള്ള മാധ്യമങ്ങളിലും അന്തർദ്ദേശീയ മാധ്യമങ്ങളിലും ഇത്തരം റിപ്പോർട്ടുകൾ ധാരാളം വന്നിരുന്നതായും വെളിപ്പെടുത്തലുണ്ട്.

വേദി തട്ടിയെടുക്കാൻ തെറ്റായ വഴികളുപയോഗിച്ചെന്ന ആരോപണത്തെ നിഷേധിച്ച് ഖത്തർ രംഗത്തു വന്നിട്ടുണ്ട്. ഫിഫയുടെ ചട്ടങ്ങളനുസരിച്ചു മാത്രമേ തങ്ങൾ പ്രവർത്തിച്ചിട്ടുള്ളൂവെന്നും എല്ലാക്കാര്യങ്ങളും സുതാര്യമായിരുന്നെന്നും ഖത്തർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ലോകകപ്പ് നടത്താൻ യുഎസ്സിനും ആസ്ട്രേലിയയ്ക്കും വേണ്ടത്ര സന്നാഹങ്ങളില്ലെന്ന് ഫിഫയെ ബോധ്യപ്പെടുത്തുകയായിരുന്നു പ്രചാരണങ്ങളുടെ ലക്ഷ്യം.

യുഎസ്സിൽ ഈ പിആർ ടീമും സിഐഎ ഉദ്യോഗസ്ഥരും ചേർന്ന് നടപ്പാക്കിയ ഒരു പരിപാടി ശ്രദ്ധേയമാണ്. രാജ്യത്തെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെ കൈയിലെടുക്കുകയാണ് ഇവർ ചെയ്തത്. യുഎസ്സ് കോൺഗ്രസ്സിനെ ഇവര്‍ വഴി സ്വാധീനിക്കാൻ ശ്രമം നടത്തി. ലോകകപ്പിന് ചെലവഴിക്കുന്ന പണം രാജ്യത്തെ കുട്ടികളുടെ കായികക്ഷേമത്തിനായി ഉപയോഗിക്കണമെന്ന് കോൺഗ്രസ്സ് അംഗങ്ങളോട് ഇവർ ആവശ്യപ്പെട്ടു.

ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് ഫിഫ. ഫിഫയിലെ ഉന്നതർക്ക് കൈക്കൂലി നൽകിയാണ് ലോകകപ്പ് വേദി നേടിയെടുത്തതെന്ന ആരോപണമുയർന്നതിനു പിന്നാലെയാണ് പുതിയ ആരോപണങ്ങൾ വരുന്നത്.