X

റാഖ ഇപ്പോഴും ശാന്തമായി ഉറങ്ങുന്നില്ല

യുഎസ് നേതൃത്വത്തിലുളള ബോംബാക്രമണത്തില്‍ റാഖയില്‍ 1000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതും 200,000 കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായതും തളളാനാവില്ല. എന്നിരുന്നാലും, ഐസിസ് കഥ ഇപ്പോഴും അവസാനിച്ചിട്ടില്ല. കണക്കുകള്‍ പ്രകാരം ലിബിയ പ്രവിശ്യയില്‍ സംഘം അത്യുഗ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി കരുതപ്പെട്ടിരുന്ന സിറിയയിലെ റാഖ സഖ്യകക്ഷികള്‍ കീഴടക്കിയത് ഈ ആഴ്ചയാണ്. ഒരുപാട് വിജയങ്ങളും അതിലേറെ തകര്‍ച്ചകളും കണ്ട ഈ മഹാനഗരത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴുണ്ടായിരിക്കുന്ന നടപടി മറ്റൊരു നാടകീയ സംഭവം തന്നെയാണ്.

അമേരിക്കന്‍ സ്പെഷ്യല്‍ ഫോഴ്സിന്റെ തന്ത്രങ്ങള്‍ക്ക് അനുസരിച്ച് കുര്‍ദിഷ്, അറബ് സൈനികര്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പിന്തുണയുള്ള സൈന്യം ചൊവ്വാഴ്ചയാണ് തങ്ങള്‍ റാഖ മോചിപ്പിച്ചതായി പ്രഖ്യാപിച്ചത്. തകര്‍ന്ന, നഗരത്തിന്റെ അവശിഷ്ടം മാത്രമാണ് ഇന്ന് റാഖ.

2014-ലെ വേനകല്‍ക്കാലത്താണ് ഐസിസ് തങ്ങളുടെ കൊടി റാഖയില്‍ നാട്ടുന്നത്. മൂന്നു വര്‍ഷവും മൂന്നു മാസവും നീണ്ട ഇസ്ലാമിക് സ്റ്റേറ്റ് തലസ്ഥാനം അങ്ങനെ പ്രതീകാത്മകമായി തന്നെ ഈ ആഴ്ച അവസാനിച്ചു. എന്നാല്‍ ലോകത്തിനാകെ, പ്രത്യേകിച്ച് അമേരിക്കക്കും യുറോപ്യന്‍ രാജ്യങ്ങള്‍ക്കും എതിരായി ഈ അക്രമി സംഘം അഴിച്ചു വിടുന്ന ഭീഷണികള്‍ ഇനിയും തുടരുമെന്നതാണ് വാസ്തവം.

റാഖ ഒരു സാധാരണ നഗരമല്ല

സിറിയയിലും ഇറാനിലുമായി പിണഞ്ഞുകിടക്കുന്ന ഇസ്ലാമിക വെളിപാട് ലോകത്തിന്റെ ഒരു ഭാഗമാണ് റാഖ. ഇസ്ലാമിക വേദപുസ്തകങ്ങള്‍ പ്രവചിച്ച ലോകാവസാനത്തിന്റെ അന്ത്യരംഗങ്ങള്‍ ഇതള്‍വിരിയുന്ന കാലിഫേറ്റിന്റെ ഹൃദയഭൂമി കൂടിയാണ്.

റാഖ ഒരു സാധാരണ നഗരമല്ല. എഡി 640 ല്‍ മുസ്ലിം ഭരണാധികാരി നഗരം പിടിച്ചെടുക്കുകയും ക്രിസ്ത്യാനികള്‍ കീഴടങ്ങുകയും ചെയ്ത നഗരമാണ് റാഖ. നഗരം കീഴടക്കുമ്പോള്‍ നിലവിലുളള ക്രിസ്ത്യന്‍ ആരാധനങ്ങളില്‍ അവര്‍ക്ക് ആരാധനകള്‍ നടത്താന്‍ അവകാശം നല്‍കുന്ന ഒരു കരാര്‍ ഭരണാധികാരി ഇയ്യാദ് ഇബ്‌നു ഖനം ഉണ്ടാക്കിയിരുന്നു. നഗരത്തില്‍ ജൂതര്‍ക്കും ക്രൈസ്തവര്‍ക്കും നഗരത്തില്‍ പ്രാധാന്യമുണ്ടായിരുന്നു. ആ സ്വാതന്ത്ര്യം നൂറ്റാണ്ടുകളോളം അവര്‍ ആസ്വദിച്ചു.

എന്നാല്‍, ഐസിസ് റാഖ നഗരത്തോട് ചെയ്യുന്നത് കുറ്റകൃത്യമാണ്. ഒരുകാലത്ത് 200,000 സിറിയക്കാരുണ്ടായിരുന്ന ഈ നഗരം ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അല്‍ഖ്വായ്ദായില്‍ നിന്നും വിപരീതമായി ഐസിസ് ഇപ്പോള്‍ വിശ്വസിക്കുന്നത് മൂര്‍ത്തമായ ഖിലാഫത്ത് വാഴ്ച്ചയാണ്. അവര്‍ക്ക് റാഖ, മൊസ്യൂളും മേഖലയില്‍ തകര്‍ന്നടിഞ്ഞ മറ്റ് നഗരങ്ങളും ഗ്രാമങ്ങളും പോലെയാണ്.

പ്രതാപത്തില്‍, ഇസ്ലാമിക് സ്റ്റേറ്റ് 80 ലക്ഷം പേര്‍ ജീവിക്കുന്ന ജോര്‍ദാന്റെ വലിപ്പമുളള ഒരു രാജ്യമാണ്. ഇന്ത്യ-കേരളം ഉള്‍പ്പെടെ മറ്റ് വന്‍കരകളില്‍ നിന്നും ആയിരക്കണക്കിനു താന്തോന്നികളായ ഐസിസ് അനുയായികളും അതില്‍ ഉള്‍പ്പെടുന്നു.

2014 ജൂണ്‍ 29ന് മൊസ്യൂളിലെ ഗ്രാന്റ് മസ്ജിദിലെ പ്രസംഗപീഠത്തില്‍ വെച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഈ ഖിലാഫത്ത് ഔപചാരികമായി അബൂബക്കര്‍ അല്‍-ബാഗ്ദാദി പ്രഖ്യാപിച്ചത്. ഐസിസിന്റെ നിയന്ത്രണത്തിലുളള ഏറ്റവും വലിയ നഗരമാണ് മൊസ്യൂള്‍. ഇറാഖി സുരക്ഷാസേനയുടെ ഒമ്പത് മാസം നീണ്ടുനിന്ന കഠിനമായ പോരാട്ടത്തിനു ശേഷം ജൂലൈ മാസം ഈ നഗരവും മോചിപ്പിച്ചു.

2004 ല്‍ അമേരിക്കന്‍ സേന ഇറാഖില്‍ നിന്നും പിടികൂടി ഏതാണ്ട് ഒരു വര്‍ഷം തടിവിലിട്ട ഒരു ഇസ്ലാമിക പണ്ഡിതനാണ് ബാഗ്ദാദി. ഖിലാഫത്ത് (ഭരണകൂടം) സ്ഥാപിച്ചതോടെ ബാഗ്ദാദിയെ പൊതു ഇടങ്ങളില്‍ കണ്ടിട്ടില്ല.

റാഖ യുദ്ധത്തില്‍ 6000 ഐസിസ് ആക്രമികള്‍ കൊല്ലപ്പെട്ടതായാണ് അമേരിക്ക പുറത്തുവിട്ട കണക്ക്. നുറുകണക്കിനു ഐസിസ് ആക്രമികള്‍ കീഴടങ്ങിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സിറിയക്കും ഇറാനുമിടയിലുളള നിയമരഹിത മേഖലയായ യുഫ്രട്ടീസ് നദീതീരത്ത് നിന്നും ഐസിസ് പുന:സംഘടന നടത്തുന്നതിനായി നുറുക്കണക്കിനു ആക്രമികള്‍ തെക്കോട്ടേക്ക് നീങ്ങിയെന്നും അമേരിക്ക പറയുന്നു.

യുഎസ് നേതൃത്വത്തിലുളള ബോംബാക്രമണത്തില്‍ റാഖയില്‍ 1000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതും 200,000 കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായതും തളളാനാവില്ല. എന്നിരുന്നാലും, ഐസിസ് കഥ ഇപ്പോഴും അവസാനിച്ചിട്ടില്ല. കണക്കുകള്‍ പ്രകാരം ലിബിയ പ്രവിശ്യയില്‍ സംഘം അത്യുഗ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ഐസിസ് ആക്രമികള്‍ 183 ആക്രമണങ്ങള്‍ സംഘടിപ്പിച്ചു. 300 പേരെ കൊന്നു. ഈജിപ്തിലെ സിനായ് പ്രവിശ്യയില്‍ 150 ആക്രമണങ്ങള്‍ നടത്തി. അതില്‍ കൊല്ലപ്പെട്ടത് 370 പേരാണ്. അഫ്ഘാനിസ്ഥാനില്‍, ഐസിസ് ഖുറാസാന്‍ പ്രവിശ്യയില്‍ 100 കണക്കിനു ആക്രമണങ്ങളില്‍ 800ല്‍ അധികം പേരെയാണ് കഴിഞ്ഞ വര്‍ഷം കൊന്നത്.

ഈ ആക്രമി സംഘത്തിന്റെ ശക്തിയെ അളക്കാന്‍ പറ്റിയ പ്രധാന മാപിനിയായിരിക്കില്ല ഈ കണക്കുകള്‍. അതുകൊണ്ടുതന്നെ മരണനിരക്കിനേക്കാള്‍, ലിബിയയിലും ഈജിപ്തിലും അഫ്ഗാനിസ്ഥാനിലും മൊട്ടിട്ടു തുടങ്ങിയ ആക്രമണങ്ങള്‍ വേദനിപ്പിക്കുന്നുണ്ട്. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ ഐസിസ് അനുഭാവികളെ കുറിച്ച് അവര്‍ ഏറെ വ്യാകുലരാണ്. ഉഗ്രമായ മറ്റൊരു ആക്രമണം നടക്കാനുളള സാധ്യത വളരെ അധികമാണെന്ന് ചൊവ്വാഴ്ച ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.

ഐസിസ് പരാജയപ്പെട്ടതിനു ശേഷം ഇറാഖിന്റെ പരമാധികാരത്തിലേക്ക് തിരികെ എത്തിയ മൊസ്യൂളില്‍ നിന്നും വിപരീതമായി റാഖ സ്വാഭാവികമായും തിരിച്ചടിക്കും. ചരിത്രത്തിലെ തെറ്റുകള്‍ വീണ്ടും പ്രത്യക്ഷപ്പെടും. സിറിയയിലെ പ്രാദേശിക ജനവിഭാഗമായ പ്രത്യേകിച്ചും സുന്നി മുസ്ലിങ്ങളെ അസദ് ഭരണകൂടത്തിന്റെ ഭാഗമാവരുതെന്ന് നിര്‍ബന്ധിക്കുകയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. നിയമപരമായി, റാഖ ഇപ്പോഴും സിറിയയുടെ ഭാഗമാണ്. അതിന്റെ മേല്‍ അസദ് എന്തെങ്കിലും അവകാശം ഉന്നയിച്ചാല്‍ റഷ്യ, ഇറാന്‍, ലബനാന്‍ എന്നി ശക്തരായ സഖ്യരാജ്യങ്ങള്‍ അസദിനെ പിന്തുണയക്കും.

ഐസിസ് കിലാഫത്ത് നാണംകെട്ട പരാജയം അനുഭവിച്ചിട്ടുണ്ടാവാം. എന്നാല്‍, സിറിയന്‍ ചതുപ്പ് നിലത്തു നിന്നും  അത് പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. അത് പതുക്കെ പുതിയ വിമത നാളങ്ങള്‍ക്ക് എണ്ണ ഒഴിക്കും. കുപിതരായ, ശക്തരായ ഒരു പുതിയ പ്രതിപക്ഷത്തെ അത് വളര്‍ത്തും. ഭീകരതയുടെ മറ്റ് ആവിഷ്‌കാരങ്ങള്‍ അതില്‍ നിന്നും ഉയര്‍ന്നു വരും.

റാഖ ഇപ്പോഴും ശാന്തമായി ഉറങ്ങുന്നില്ല.

This post was last modified on October 26, 2017 12:02 pm