X

വാർത്തയുടെ ഉറവിടം വെളിപ്പെടുത്തിയില്ല; യുഎസ്സിൽ മാധ്യമപ്രവർത്തകനെ പൊലീസ് വേട്ടയാടുന്നു

ബ്രിയാന്‍റെ വീട്ടിലെത്തിയ പോലീസ് സേര്‍ച്ച് വാറണ്ട് കാണിച്ച ശേഷം വീടാകെ പരിശോധിച്ചു. ഒരു കുറ്റവാളിയോട് പെരുമാറുന്നത്പോലെയാണ് അവര്‍ തന്നോട് പെരുമാറിയതെന്ന് അദ്ദേഹം പറയുന്നു.

വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തിയില്ലെന്ന കാരണത്താല്‍ മാധ്യമ പ്രവര്‍ത്തകനെതിരെ പ്രതികാര നടപടിയുമായി പോലീസ്. സാൻ ഫ്രാൻസിസ്കോയിലാണ് സംഭവം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ബ്രിയാൻ കാർമോഡിയെയാണ് പോലീസ് വേട്ടയാടുന്നത്. സര്‍ക്കാര്‍ വക്കീലായ ജെഫ്ഫ് അടാച്ചിയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകളാണ് അദ്ദേഹം പുറത്തുവിട്ടത്. കാലിഫോർണിയയിലെ ഒരേയൊരു സര്‍ക്കാര്‍ വക്കീലായിരുന്നു ജെഫ്ഫ് അടാച്ചി. സേനക്കുള്ളില്‍ നടക്കുന്ന എല്ലാ അനീതികളും തുറന്നുകാട്ടി ശക്തമായി പ്രതികരിക്കുമായിരുന്ന അദ്ദേഹം പോലീസിന്‍റെ കണ്ണിലെ കരടായിരുന്നു. ഹാര്‍ട്ട് അറ്റാക്കാണ് മരണകാരണം എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ അങ്ങിനെയല്ല എന്ന് തെളിയിക്കുന്നതായിരുന്നു ബ്രിയാൻ പുറത്തുവിട്ട രേഖകള്‍.

ഒരു ദിവസം രാവിലെ ബ്രിയാന്‍റെ വീട്ടിലെത്തിയ പോലീസ് സേര്‍ച്ച് വാറണ്ട് കാണിച്ച ശേഷം വീടാകെ പരിശോധിച്ചു. ഒരു കുറ്റവാളിയോട് പെരുമാറുന്നത്പോലെയാണ് അവര്‍ തന്നോട് പെരുമാറിയതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അവര്‍ ഉദ്ധേശിച്ച സാധനംമാത്രം അവര്‍ക്ക് കണ്ടെത്താനായില്ല. ഇതോടെ ബ്രിയാനെ പോലീസ് തുടരെത്തുടരെ ചോദ്യംചെയ്തു. എന്നിട്ടും ഉറവിടം അദ്ദേഹം വെളിപ്പെടുത്തിയില്ല. ലോക്കല്‍ പോലീസല്ല എഫ്.ബി.ഐ. നേരിട്ടെത്തി ചോദിച്ചാലും അതിനുള്ള ഉത്തരം താന്‍ പറയില്ലെന്നും, ഈ ലോകത്ത് ആ ചോദ്യത്തിന്‍റെ ഉത്തരമറിയുന്ന രണ്ടുപേരെയൊള്ളൂ ഒന്ന് ഞാനും മറ്റൊരാള്‍ എനിക്ക് വിവരങ്ങള്‍ കൈമാറിയവരാണെന്നും ഒരു സ്വകാര്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബ്രിയാന്‍ വ്യക്തമാക്കി.

രേഖകള്‍ പല മാധ്യമ സ്ഥാപനങ്ങളേയും കാണിച്ചെങ്കിലും അത് പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ എ.ബി.സി.7 എന്ന ചാനലാണ്‌ ആദ്യം വാര്‍ത്ത നല്‍കിയത്. അതോടെയാണ് അടാച്ചിയുടെ മരണം സ്വാഭാവികമല്ലെന്ന് പുറംലോകം അറിയുന്നത്. പോലീസ് ശേഖരിച്ച അടാച്ചിയുടെ അവസാന മണിക്കൂറുകളിലെ കുറച്ചു ഫോട്ടോകളും അനുബന്ധ രേഖകളുമായിരുന്നു അത്. കാതറീന എന്ന സ്ത്രീക്കൊപ്പമായിരുന്നു അടാച്ചിയെന്നും, ഒഴിഞ്ഞ മദ്യ കുപ്പികൾ, കഞ്ചാവ് ഗമ്മികൾ, രണ്ടു സിറിഞ്ചുകൾ തുടങ്ങി ഗുളികകള്‍ വരേ ഫോട്ടോയില്‍ കാണാമായിരുന്നുവെന്നും എ.ബി.സി.7 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനെകുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിയിട്ടില്ല.

‘മരണ ശേഷവും പോലീസ് അദാച്ചിയോട് പ്രതികാരം ചെയ്യുകയാണോ എന്നുവരെ സംശയിക്കുന്നവരുണ്ട്. കാരണം പോലീസിന് അദ്ദേഹം എത്രത്തോളം അനഭിമതനായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം എന്ന് ബ്രിയാന്‍ പറയുന്നു. എന്നാല്‍ എന്തിനാകാം പോലീസ് ഇത്തരത്തില്‍ പെരുമാറുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. പകരം എന്‍റെ ജോലി മാധ്യമപ്രവര്‍ത്തനമാണെന്നും, ഞാന്‍ അതുമാത്രമേ ചെയ്യൂ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

റെയ്ഡിന്‍റെ ഭാഗമായി ബ്രിയാൻ കാർമോഡിയുടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടാണുള്ളത്. മൊബൈല്‍ ഫോണും ലാപ്‌ടോപ്പുകളും ക്യാമറകളുമടക്കം നോട്ട്ബുക്കുകള്‍വരേ പോലീസ് കൊണ്ടുപോയി. പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ക്രൌഡ് ഫണ്ടിംഗിന് തയ്യാറായിയിരിക്കുകയാണ് ബ്രിയാൻ.

This post was last modified on May 13, 2019 12:49 pm