X

ജമാൽ ഖഷോഗിയുടെ തിരോധാനം: നിക്ഷേപകരും മാധ്യമങ്ങളും പിന്മാറുന്നു; സൗദി നിക്ഷേപക സമ്മേളം പ്രതിസന്ധിയിൽ

പ്രമുഖരായ നിരവധി മാധ്യമപ്രവർത്തകരും പരിപാടിയിൽ നിന്നും പിന്മാറിയിട്ടുണ്ട്.

ഈ മാസാവസാനം റിയാദിൽ നടക്കേണ്ട നിക്ഷേപക സംഗമം, ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് (Future Investment Initiative) പ്രതിസന്ധിയിലാകുന്നുവെന്ന് റിപ്പോർട്ടുകൾ. തുർക്കിയിലെ സൗദി കോണ്‍സുലേറ്റിൽ വെച്ച് മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയെ ദുരൂഹസാഹചര്യത്തിൽ കാണാതായതിൽ പ്രതിഷേധമറിയിച്ച് നിരവധഘി ബിസിനസ്സുകാർ സംഗമത്തിൽ നിന്നും പിന്മാറുന്നതായാണ് വിവരം. ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്നാണ് തുർക്കിയുടെ വിലയിരുത്തൽ. ഇതിനെ സ്ഥാപിക്കുന്ന നിരവധി തെളിവുകൾ (പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ) തുർക്കി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു.

ഫിനാൻഷ്യൽ ടൈംസ്, ബ്ലൂംബർഗ്, സിഎൻഎൻ, സിഎൻബിസി എന്നീ മാധ്യമങ്ങളും ഈ നിക്ഷേപസംഗമം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും പിന്മാറി.

തങ്ങളുടെ പ്രസിഡണ്ട് ജിം യോങ് കിം ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കില്ലെന്ന് ലോകബാങ്ക് അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ 23 മുതലാണ് നിക്ഷേപക സംഗമം തുടങ്ങുന്നത്. ഈ സംഗമത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ചില ഉപാധികളോടെ പിന്മാറിയിരിക്കുകയാണ് ചില നിക്ഷേപകർ. ജമാൽ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവരും വരെ സംഗമത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്. മറ്റു ചിലർ ഉപാധികളൊന്നും വെക്കാതെയാണ് പിന്മാറിയിരിക്കുന്നത്. കാര്യങ്ങളെ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും വ്യക്തമാക്കി മാസ്റ്റർകാർഡ് സിഇഒ സീമൻസിന്റെ വക്താവ് പറഞ്ഞു.

സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സ്പ്ന പദ്ധതിയായ വിഷൻ 2030 പ്രോജക്ടിന്റെ ഭാഗമാണ് ഈ നിക്ഷേപ സംഗമം. ഇക്കാരണത്താൽ തന്നെ സൽമാനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണ്.

പരിപാടിയുടെ സ്പോൺസർമാരിലൊരാളായിരുന്ന ന്യൂയോർക്ക് ടൈംസ് അതിൽ നിന്നും പിന്മാറിയിട്ടുണ്ട്. കോൺഫറൻസിന്റെ ഭാഗമായിരിക്കില്ലെന്ന് പ്രഖ്യാപിച്ച് പിന്നാലെ ഫിനാൻഷ്യൽ ടൈംസ് രംഗത്തെത്തി. സിഎൻഎൻ വക്താവ് ഇതേ നിലപാടുമായി രംഗത്തെത്തി.

പ്രമുഖരായ നിരവധി മാധ്യമപ്രവർത്തകരും പരിപാടിയിൽ നിന്നും പിന്മാറിയിട്ടുണ്ട്.

ഉബർ സിഇഒ ദാരാ ഖോസ്രോവ്സഷാഹിയാണ് പരിപാടിയിൽ നിന്നുള്ള പ്രിന്മാറ്റം അറിയിച്ച് രംഗത്തു വന്ന മറ്റൊരു പ്രമുഖൻ. ബ്രിട്ടിഷ് ബിസിനസ്സുകാരൻ റിച്ചാർ‌ഡ് ബ്രാൻസൺ ആണ് പിന്മാറ്റം അറിയിച്ച മറ്റൊരാൾ‌.

സൗദി ഒറ്റപ്പെടുന്നു?

ഐക്യരാഷ്ട്രസഭയും ജമാൽ ഖഷോഗിയുടെ തിരോധാനത്തിൽ കടുത്ത പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. ഖഷോഗിക്ക് എന്ത് സംഭവിച്ചെന്ന് തങ്ങൾ വ്യക്തത കിട്ടണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. ഒക്ടോബർ രണ്ടിന് ഉച്ചതിരിഞ്ഞ് 1.14നാണ് ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിലേക്ക് കടന്നുചെന്നത്. റിയാദിൽ നിന്നും സൽമാൻ രാജകുമാരൻ അയച്ച ‘ഹിറ്റ് ടീം’ ഖഷോഗിയെ കൊലപ്പെടുത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. തുർക്കിയുടെ കൈയിൽ ഇനിയും വെളിപ്പെടുത്താത്ത തെളിവുകൾ ഇക്കാര്യത്തിലുണ്ടെന്നാണ് വിവരം. എന്താണ് സംഭവിച്ചതെന്നതിൽ തുർക്കിയുടെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെന്നാണ് അറിയുന്നത്.

This post was last modified on October 13, 2018 6:15 pm