X

കുടിയേറ്റശ്രമം നടത്തുന്നവരുടെ ദുരിതജീവിതം: നൊമ്പരമായി മുങ്ങിമരിച്ച അച്ഛന്റെയും മകളുടെയും ചിത്രം

ആദ്യം മകള്‍ വലേറിയയുമായി മര്‍ട്ടിനസ് നീന്തി. മകളെ അമേരിക്കയുടെ ഭാഗത്ത് എത്തിച്ച അദ്ദേഹം തിരിച്ച് ഭാര്യയെ കൊണ്ടുപോകാനായി എത്തി. എന്നാല്‍ മകളും അദ്ദേഹത്തിന്റെ പിന്നാലെ തിരിച്ചു.

ജീവിക്കാനായി യുഎസിലേക്ക് അനധികൃതമായി കടക്കുന്ന അഭയാര്‍ത്ഥികളെ കുറിച്ചും അവര്‍ നേരിടുന്ന അമേരിക്കന്‍ നടപടികളെ കുറിച്ചും പല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അതിനിടെ ഏറ്റവും ഹൃദയഭേദകമായ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മെക്സിക്കോ-യു.എസ് അതിര്‍ത്തിയില്‍ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒരു പിതാവിന്റെയും മകളുടെയും ചിത്രമാണ് ലോകത്തെ നൊമ്പരപ്പെടുത്തുന്നത്. അഭയംതേടി വന്ന ഒസ്കാർ ആൽബർട്ടോ മാർട്ടിനെസ് റാമിറസും മകള്‍ വലേറിയയുമാണ് ആഴമില്ലാത്ത വെള്ളത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. 23 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ കൈ പിതാവിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച നലയിലായിരുന്നു. എല്‍സാല്‍വഡോര്‍ എന്ന ചെറിയ രാജ്യത്തില്‍ നിന്നാണ് വലിയ പ്രതീക്ഷകളുമായി അവര്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചത്. എന്നാല്‍ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ നദി മുറിച്ചു കടക്കാന്‍ അവര്‍ക്കായില്ല.

ഐലന്‍ കുര്‍ദിയെന്ന ബാലന്റെ അന്ത്യ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് തിങ്കളാഴ്ച പുറത്തു വന്ന ഈ ചിത്രവും. മെക്സിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ജൂലിയ ലെ ഡ്യൂക്ക് ആണ് ഈ ചിത്രം പകര്‍ത്തിയത്. അമേരിക്കയില്‍ അഭയം കിട്ടാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് റാമിറസ് നീന്തിത്തുടങ്ങിയതെന്ന് മെക്സിക്കന്‍ ദിനപത്രമായ ലാ ജൊര്‍ണാഡയുടെ റിപ്പോര്‍ട്ടര്‍ പറയുന്നു. ഈ പത്രമാണ്‌ ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതും.

സാല്‍വദോറില്‍ നിന്നും യു എസിലേക്ക് കുടിയേറാനായി കഴിഞ്ഞ ഞായറാഴ്ചയാണ് ആലര്‍ബര്‍ട്ടോ മാര്‍ട്ടിനസ് റാമിറസ്, ഭാര്യ വനേസ, മകള്‍ വലേറിയ എന്നിവര്‍ മെക്സിക്കോയിലെ മാടമോറോസിലെത്തിയത്. അഭയം തേടേണ്ട നടപടി ക്രമങ്ങള്‍ വൈകുമെന്ന് അറിഞ്ഞതോടെ മാര്‍ട്ടിനസ് നീന്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറയുന്നു.

ആദ്യം മകള്‍ വലേറിയയുമായി മര്‍ട്ടിനസ് നീന്തി. മകളെ അമേരിക്കയുടെ ഭാഗത്ത് എത്തിച്ച അദ്ദേഹം തിരിച്ച് ഭാര്യയെ കൊണ്ടുപോകാനായി എത്തി. എന്നാല്‍ മകളും അദ്ദേഹത്തിന്റെ പിന്നാലെ തിരിച്ചു. മകളെ രക്ഷിക്കാനായി അദ്ദേഹം പോയപ്പോഴാണ് ഇരുവരും അപകടത്തില്‍പെട്ടത്. മകളും ഭര്‍ത്താവും മുങ്ങിമരിക്കുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂവെന്ന് അദ്ദേഹത്തിന്റെ ഭാര്യ മെക്സിക്കന്‍ അധികൃതരോട് പറഞ്ഞു.

അക്രമം, അഴിമതി, ദാരിദ്ര്യം എന്നിവയിൽ നിന്ന് രക്ഷപ്പെടാനും അമേരിക്കയിൽ അഭയം കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ മധ്യ അമേരിക്കൻ കുടിയേറ്റക്കാർ നേരിടുന്ന അപകടങ്ങളെയാണ് ചിത്രം അടിവരയിട്ടു കാണിച്ചുതരുന്നത്. കുടിയേറ്റം വ്യാപകമായതോടെ അത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്ന നയമാണ് ട്രംപ് പിന്തുടരുന്നത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരും. അതാണ്‌ അപകടംപിടിച്ച പാതകളിലൂടെ നീങ്ങാന്‍ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നത്.