X

ഈജിപ്തിലെ ഭീകരാക്രമണം: മരണം 235; തിരിച്ചടി ഉറപ്പെന്ന് പ്രസിഡണ്ട്

സാധാരണയായി ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടാകാറുണ്ട്. ഇതാദ്യമായാണ് മുസ്ലിം പളളിക്ക് നേരെ ഇത്രയും ഭീകരമായ ആക്രമണം നടന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

ഈജിപ്തിലെ വടക്കന്‍ സിനായിയിലെ മുസ്ലിം പളളിക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 235 ആയി. 130 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അല്‍ അരീഷ് പട്ടണത്തിനടുത്തെ ബിര്‍ അല്‍അബെദിലെ അല്‍റൗദ പളളിയില്‍ വെളളിയാഴ്ച നമസ്‌കാരത്തിനിടെയാണ് ഭീകരവാദികള്‍ ബോംബ് ആക്രമണവും വെടിവെപ്പും നടത്തിയത്. സ്‌ഫോടനത്തിനു ശേഷം പളളിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് നേരെ അക്രമികള്‍ വെടിവെക്കുകയായിരുന്നു. നാലു വാഹനങ്ങളിലാണ് തിവ്രവാദികള്‍ സ്ഥലത്തെത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും സൈനികരും ഉണ്ട്. ഈജിപ്്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദേശീയ ദൂ:ഖാചരണം പ്രഖ്യാപിച്ചു. പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. അതിഭീകര തിരിച്ചടി ഉറപ്പെന്ന് പ്രസിഡണ്ട് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.സാധാരണയായി ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടാകാറുണ്ട്. ഇതാദ്യമായാണ് മുസ്ലിം പളളിക്ക് നേരെ ഇത്രയും ഭീകരമായ ആക്രമണം നടന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

This post was last modified on November 25, 2017 6:32 am