X

കനത്ത മഴ; കുട്ടികള്‍ കുടുങ്ങിയ ഗുഹയില്‍ ഓക്‌സിജന്‍ സാന്നിധ്യം കുറയുന്നു, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി

പ്രതീക്ഷിച്ചതിലും ഒരു ദിവസം മുന്‍പ് മണ്‍സൂണ്‍ ആരംഭിച്ചതോടെ ഗുഹാ പരിസരത്ത് വെള്ളം ഉയര്‍ന്നതും മേഖലയില്‍ ഓക്‌സിജന്റെ തോത് കുറഞ്ഞതുമാണ് തുടര്‍നടപടികള്‍ക്ക് തിരിച്ചടിയായത്.

വടക്കന്‍ തായ്‌ലന്റില്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം നീട്ടിവയ്ക്കുന്നു. മേഖലയില്‍ പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവര്‍ത്തനം കഠിനമാക്കിയ സാഹചര്യത്തിലാണ് നടപടി. പ്രതീക്ഷിച്ചതിലും ഒരു ദിവസം മുന്‍പ് മണ്‍സൂണ്‍ ആരംഭിച്ചതോടെ ഗുഹാ പരിസരത്ത് വെള്ളം ഉയര്‍ന്നതും മേഖലയില്‍ ഓക്‌സിജന്റെ തോത് കുറഞ്ഞതുമാണ് തുടര്‍നടപടികള്‍ക്ക് തിരിച്ചടിയായത്. കുട്ടികളേയും കോച്ചിനേയും രക്ഷപ്പെടുത്തുന്നതിനായ ബദല്‍ മാര്‍ഗ്ഗങ്ങളും പരിഗണിക്കുമെന്ന് ചിയാങ് റായ് പ്രവിശ്യാ ഗവര്‍ണര്‍ പ്രതികരിച്ചു. കൂടുതല്‍ മുങ്ങല്‍ വിദഗ്ദരെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

നമ്മള്‍ തീര്‍ച്ചയായും ഈ കുട്ടികളെ പുറത്തെത്തിക്കും, കനത്ത മഴ വില്ലനായിരിക്കുകയാണ്, എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറയുന്നു. ഗുഹയ്ക്കുള്ളില്‍ ഏകദേശം 3.2 കിലോ മീറ്ററുകള്‍ ഉള്ളിലാണ് കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നത്. ഗൂഹയക്ക് അകത്ത ഓക്‌സിജന്‍ സാന്നിധ്യം കുറഞ്ഞു വരുന്നതാണ് വെല്ലുവിളി. ഇത് നികത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഓക്‌സിജന്‍ സാന്നിധ്യം 15 ശതമാനത്തിലേക്ക് കുറഞ്ഞത്. 21 ശതമാനം വേണമെന്നിരിക്കേയാണ് ഈ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് പരിഹരിച്ചു വരികയാണെന്നും അദ്ദേഹം പറയുന്നു.

അതിനിടെ, കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രക്ഷാ പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. മുന്‍ നേവി ഉദ്യോഗസ്ഥനായ സമന്‍കുനാനാണ് മരിച്ചത്. കുട്ടികള്‍ക്കുള്ള ഓക്‌സിജന്‍ ടാങ്കുകള്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ ഗുഹയക്കകത്ത് വച്ച് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടായിരുന്നു മരണം സംഭവിച്ചത്. ഇതോടെയാണ് കൂടുതല്‍ സുരക്ഷിതമായ രക്ഷാ പ്രവര്‍ത്തനമാര്‍ഗ്ഗം സ്വീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ എഴുതിയ കത്തുകള്‍ കഴിഞ്ഞ ദിവസം എത്തിച്ചു നല്‍കിയിരുന്നെന്നും ഗവര്‍ണര്‍ പറയുന്നു. രണ്ടാഴ്ചമുന്‍പാണ് 25 കാരനായ ഫുട്‌ബോള്‍ കോച്ചും തായ്‌ലന്റ് ജൂനിയന്‍ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളും ഗുഹയക്കുള്ളില്‍ അകപ്പെട്ടത്. 15-17 വയസ്സു പ്രായമുള്ള 12 ആണ്‍കുട്ടികളാണ് സംഘത്തിലുള്ളത്.