X

കുടിയേറ്റ സംഘങ്ങള്‍ക്കെതിരെ ആയുധം പ്രയോഗിക്കേണ്ടി വരുമെന്ന് ട്രംപ്

കുടിയേറ്റ സംഘങ്ങൾ എത്താനിടയുള്ളത് മുന്നിൽക്കണ്ട് അതിർത്തിയിലെ സൈനികവിഭാഗത്തിന് കടുത്ത നിര്‍ദ്ദേശങ്ങൾ നൽകിയിരിക്കുയാണ് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഹോണ്ടുറാസ് അടക്കമുള്ള മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് അഭയാർത്ഥികളാണ് മെക്സിക്കയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇവർ യുഎസ് അതിർത്തി ലാക്കാക്കി നീങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പ്രസിഡണ്ടിന്റെ ഉത്തരവ്.

യുഎസ്സ് അതിർത്തിയിലേക്ക് മധ്യ അമേരിക്കൻ കുടിയേറ്റക്കാർ നീങ്ങുന്നതായി വിശ്വാസയോഗ്യമായ ഇന്റലിജൻസ് വിവരം കിട്ടിയെന്നും ഇവരുടെ വരവ് അക്രമങ്ങൾക്ക് വഴിയൊരുക്കുമെന്നും സൈന്യത്തിനും മറ്റ് ഉദ്യോഗസ്ഥർക്കും ഇവർ ഭീഷണിയായേക്കാമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ ‘തീരുമാന പത്ര’ത്തിൽ പറയുന്നു.

അവശ്യമായ ഘട്ടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി കടുത്ത മാർഗ്ഗങ്ങൾ അവലംബിക്കാമെന്ന് വൈറ്റ് ഹൗസ് സൈന്യത്തിന് നിര്‍ദ്ദേശം നൽകി. കഴിഞ്ഞ മിഡ്ടേം തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് ആറായിരത്തോളം സൈനികരെ അധികമായി അതിർത്തിയിലേക്ക് നിയോഗിച്ചത്. ഖജനാവിന് അധികച്ചെലവുണ്ടാക്കുന്ന ഈ നടപടി പരക്കെ വിമർശിക്കപ്പെട്ടിരുന്നു. തന്റെ കുടിയേറ്റ വിരുദ്ധ നിലപാടിനെ വിറ്റഴിച്ച് തെരഞ്ഞെടുപ്പിൽ വില വാങ്ങാനും ട്രംപ് ശ്രമിച്ചിരുന്നു.

അതെസമയം ശക്തമായ സൈനികനടപടികൾ ഉണ്ടാകണമെങ്കിൽ അതിന് തനിക്ക് ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ റിപ്പോർട്ട് കിട്ടണമെന്ന് പ്രതിരോധമന്ത്രി ജിം മാറ്റിസ് അറിയിച്ചു. നിലവിൽ ആഭ്യന്തര സുരക്ഷാ വിങാത്തിൽ നിന്നും അത്തരം റിപ്പോർട്ടുകളൊന്നും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on November 22, 2018 12:56 pm