X

സിറിയയിൽ നിന്നും സൈന്യത്തെ പിൻവലിച്ച് ട്രംപ്; അന്ധാളിപ്പോടെ സഖ്യകക്ഷികളും ഉപദേശകരും

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഈ തീരുമാനത്തെ ശക്തിയായി എതിർക്കുന്നുണ്ട്.

Mandatory Credit: Photo by Andrew Harnik/AP/REX/Shutterstock (9447254j) President Donald Trump arrives at Palm Beach International Airport in West Palm Beach, Fla Trump, West Palm Beach, USA - 02 Mar 2018

സിറിയയിൽ നിന്നും അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിക്കാൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതായി റിപ്പോർട്ട്. പെട്ടെന്നുണ്ടായ ഈ നീക്കത്തിൽ അന്ധാളിച്ചിരിക്കുകയാണ് സഖ്യകക്ഷികളും ട്രംപിന്റെ ഉപദേശകരും. ഇസ്ലാമിക് സ്റ്റേറ്റിനു മേൽ വിജയം കൈവരിച്ചെന്ന് അവകാശപ്പെട്ടാണ് അമേരിക്കയുടെ പിൻവാങ്ങൽ. പെട്ടെന്നുണ്ടായ ഈ നീക്കത്തെ വിശദീകരിക്കാൻ യുഎസ് വിദേശകാര്യമന്ത്രാലയത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

ഐസിസിന്റെ സർവ്വനാശം വരെ സിറിയയിലെ യുഎസ് സൈനിക സാന്നിധ്യം നിലനിർത്തുക എന്നതാണ് യുഎസ് നയം. എന്നാൽ ഈ നയത്തിനാണ് ട്രംപിന്റെ തീരുമാനം കത്തി വെച്ചിരിക്കുന്നത്. നയം മാറിയതിന്റെ കാരണം ട്രംപ് വിശദീകരിച്ചിട്ടില്ല. ട്രംപിന്റെ ഉദ്യോഗസ്ഥരും ഇതിൽ ആശയക്കുഴപ്പത്തിലാണ്.

സിറിയയിൽ രണ്ടായിരം യുഎസ് സൈനികരാണ് നിലവിലുള്ളത്.

സിറിയയിൽ ഐസിസ് പൂർണമായും തകർന്നെന്ന ട്രംപിന്റെ വാദത്തെ രാഷ്ട്രീയനിരീക്ഷകർ ശക്തമായി എതിർക്കുന്നുണ്ട്. ഇപ്പോഴും സിറിയയിൽ 14,500 ഐസിസ് ഭടന്മാരുണ്ടെന്നാണ് കൗണ്ടറിങ് ടെററിസം ആൻഡ് എക്സ്ട്രീമിസം അറ്റ് ദി മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ചാൾസ് ലിസ്റ്റർ പറയുന്നത്. ട്രംപിന്റെ ട്വീറ്റ് വരുന്നതിനു മിനുറ്റുകൾക്ക് മുമ്പാണ് റാഖയിൽ നടത്തിയ ഒരു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതെന്നും ചാൾസ് ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ വിദേശകാര്യമന്ത്രാലയം തങ്ങളുടെ വാർത്താ സമ്മേളനം റദ്ദ് ചെയ്യുകയുണ്ടായി. അതെസമയം സൈന്യത്തെ ഉടനെ പിൻവലിക്കില്ലെന്നും ഇതിന് 60 മുതൽ 100 വരെ ദിവസങ്ങളെടുക്കുമെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഈ തീരുമാനത്തെ ശക്തിയായി എതിർക്കുന്നുണ്ട്.

This post was last modified on December 20, 2018 7:41 am