X

ഗ്രീൻലാൻഡ് വാങ്ങാനുള്ള ട്രംപിന്റെ പൂതി ടൂറിസം വളർത്താനുള്ള അവസരമാക്കി മാറ്റി അധികൃതർ

മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീൻലാൻഡിന്‍റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൂടിയായ ഡോണൾഡ് ട്രംപിനെ ആകർഷിച്ചതെന്നാണ് കരുതപ്പെടുന്നത്.

ഡെന്മാർക്ക് രാജ്യത്തിന്റെ സ്വയംഭരണാവകാശമുള്ള പ്രദേശമായ ഗ്രീൻലാൻഡിനെ വില കൊടുത്തു വാങ്ങാൻ ട്രംപിന് ആഗ്രഹം. അമേരിക്കയ്ക്കും യൂറോപ്പിനുമിടയിലുള്ള വിശാലമായ ഭൂപ്രദേശമാണിത്. ഈ ദ്വീപ് വാങ്ങാനുള്ള സാധ്യതകളെക്കുറിച്ച് ആരായാൻ ഡോണൾഡ് ട്രംപ് തന്റെ സിൽബന്തികളോട് ആവശ്യപ്പെട്ടതായാണ് വിവരം. വൈറ്റ് ഹൗസ് കൗൺസലിനോട് ഇതെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതായും അറിയുന്നു. വാൾസ്ട്രീറ്റ് ജേണലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഭൂരിഭാഗം മേഖലയും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീൻലാൻഡിന്‍റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൂടിയായ ഡോണൾഡ് ട്രംപിനെ ആകർഷിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വൈറ്റ് ഹൗസ് നടത്തിയിട്ടില്ല എന്നതിനാൽത്തന്നെ ഗ്രീൻലാൻഡ് നേരിട്ടൊരു പ്രതികരണം നടത്തിയില്ല. പകരം ഗ്രീൻലാൻ ഫോറിൻ അഫയേഴ്സ് മന്ത്രാലയം ഒരു ട്വീറ്റ് പുറത്തുവിട്ടു. ഇതൊരു ടൂറിസം അവസരമാക്കി മാറ്റാനാണ് ഗ്രീൻലാൻഡിന്റെ ആലോചന. ട്രംപിന്റെ ആർത്തി പൂണ്ട കണ്ണ് എവിടേക്കാണ് പോകുന്നതെന്നു കൂടി സൂചിപ്പിച്ചാണ് ട്വീറ്റ്.

“ധാതുക്കളും ശുദ്ധജലവും സമുദ്ര വിഭവങ്ങളും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളും കൊണ്ട് ഗ്രീൻലാൻഡ് സമ്പന്നമാണ്. സാഹസിക ടൂറിസത്തിലേക്കും ഗ്രീൻലാൻഡ് കടന്നിട്ടുണ്ട്. ഞങ്ങൾ ബിസിനസ്സിന് തയ്യാറാണ്, എന്നാൽ വിൽക്കാൻ തയ്യാറല്ല. ഗ്രീൻലാൻഡിനെ കുറിച്ച് കൂടുതൽ അറിയാൻ greenland.com സന്ദർശിക്കൂ,” -ട്വീറ്റ് പറഞ്ഞു.