X

പ്രതിപക്ഷം ജയിച്ച ഇസ്താംബുൾ തെരഞ്ഞെടുപ്പ് തുർക്കി റദ്ദാക്കി; എർദോഗനെതിരെ ജയിക്കുന്നത് നിയമവിരുദ്ധമായി മാറിയെന്ന് ആരോപണം

എർദോഗന്റെ പാർട്ടിയായ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി (എകെപി)യാണ് പ്രതിപക്ഷമായ സിഎച്ച്പി പാർട്ടിക്ക് വിജയം നൽകിയ ജനവിധിയിൽ സംശയം പ്രകടിപ്പിച്ചത്.

പ്രതിപക്ഷം നേരിയ വിജയം നേടിയ തദ്ദേശ തെരഞ്ഞെടുപ്പ് തുർക്കി ‘ഹൈ ഇലക്ഷൻ ബോർഡ്’ റദ്ദാക്കി. നിലവിലെ പ്രസിഡണ്ട് റിസെപ് തയ്യിപ് എർദോഗന്റെ പാർട്ടി പരാജയപ്പെട്ട തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ സംവിധാനത്തിന്റെ ഈ നടപടി. അഞ്ച് ആഴ്ചകൾക്കു മുമ്പാണ് തെരഞ്ഞെടുപ്പ് നടന്നത്. വീണ്ടുമൊരു തെരഞ്ഞെടുപ്പു കൂടി നടത്താനാണ് നീക്കം.

എർദോഗന്റെ പാർട്ടിയായ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി (എകെപി)യാണ് പ്രതിപക്ഷമായ സിഎച്ച്പി പാർട്ടിക്ക് വിജയം നൽകിയ ജനവിധിയിൽ സംശയം പ്രകടിപ്പിച്ചത്. അതെസമയം ഭരണകൂടത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിച്ച് സിഎച്ച്പി ഡെപ്യൂട്ടി ചെയർമാനായ ഓൺസൽ അദിഗൂസൽ രംഗത്തു വന്നു. എകെപി പാർട്ടിക്കെതിരെ വിജയിക്കുന്നത് നിയമവിരുദ്ധമാണ് എന്നതാണ് ഈ നടപടി തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചില ഇലക്ടറൽ ഓഫീസർമാര്‍ ഔദ്യോഗിക നിർദ്ദേശപ്രകാരം അധികാരമേറ്റെടുത്തവരല്ലായിരുന്നു എന്നതാണ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിന് കാരണമായി പറയുന്നത്. ജില്ലാ ഇലക്ഷൻ ബോർഡ് മെമ്പർമാർ രൂപീകരിച്ച ചില ബാലറ്റ് ബോക്സ് കമ്മറ്റികൾ നിയമവിരുദ്ധമായിരുന്നെന്നും ആരോപണമുണ്ട്. ഇവർക്കെതിരെ നടപടി വന്നേക്കും. മാർച്ച് 31നായിരുന്നു വോട്ടെടുപ്പ്.

ഇസ്താംബുൾ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരമാണിത്. ജൂൺ 23ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. എകെപി പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇത് അസാധാരണമായ നീക്കമായിരുന്നു. അതെസമയം തുർക്കിയിലെ ജനങ്ങളുടെയും അന്തർദ്ദേശീയ സമൂഹത്തിന്റെയും വിശ്വാസത്തെ തകർക്കുന്ന നടപടിയാണ് ഹൈ ഇലക്ഷൻ ബോർഡിന്റേതെന്ന് സിഎച്ച്പി പാർട്ടി പറഞ്ഞു.

മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഏപ്രിൽ 13ന് പുറത്തുവന്ന ഫലം പ്രകാരം സിഎച്ച്പി പാർട്ടിക്ക് കിട്ടിയത് 4,169,765 വോട്ടാണ്. എകെപി പാർട്ടിക്ക് 4,156,036 വോട്ടും ലഭിച്ചു. 13,729 വോട്ടിന്റെ വ്യത്യാസത്തിൽ എകെപി പാർട്ടിയുടെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. കഴിഞ്ഞ 15 വർഷമായി എകെപി പാർട്ടിയാണ് ഇസ്താംബുൾ ഭരിക്കുന്നത്. എർദോഗനും ഇസ്താംബുൾ മേയറായിരുന്നിട്ടുണ്ട്.

This post was last modified on May 7, 2019 9:56 am