X

കുടിയേറ്റക്കാരുടെ കുട്ടികളെ താമസിപ്പിക്കാൻ യുഎസ് പട്ടാളകേന്ദ്രങ്ങളിൽ വൻ സംവിധാനമൊരുങ്ങുന്നു

ഈ ഷെൽട്ടറുകളിൽ കുട്ടികൾക്കൊപ്പം മാതാപിതാക്കളെയും താമസിപ്പിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

പിടിയിലാകുന്ന കുടിയേറ്റക്കാരുടെ കുട്ടികളെ താമസിപ്പിക്കാൻ പട്ടാളകേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമുണ്ടാക്കാന്‍ യുഎസ് ഭരണകൂടം നീക്കം തുടങ്ങി. നാല് പട്ടാളകേന്ദ്രങ്ങളിലായി 20,000 കുട്ടികളെ താമസിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ് സർക്കാർ ഒരുക്കുക. അതിർത്തിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം കുടിയറ്റേ കുടുംബങ്ങളെയും കുട്ടികളെയും ഒരുമിപ്പിക്കണമെന്ന ട്രംപിന്റെ ഉത്തരവ് നടപ്പിലാക്കാൻ ഇതുവരെയും അധികാരികൾക്ക് സാധിച്ചിട്ടില്ല.

ടെക്സാസിലും ആർകൻസാസിലുമുള്ള കേന്ദ്രങ്ങളിലാണ് 20,000 കുട്ടികളെ താമസിപ്പിക്കാൻ സൗകര്യമൊരുക്കുകയെന്ന് പെന്റഗൺ വക്താവ് ലെഫ്റ്റനന്റ് കേണൽ മൈക്കേൽ ആൻഡ്ര്യൂസ് പറഞ്ഞു. അതെസമയം, ഈ ഷെൽട്ടറുകളെക്കുറിച്ച് പെന്റഗണ്‍ പറയുന്നതല്ല മറ്റ് ഏജൻസികൾ പറയുന്നത്. ആരെയെല്ലാം ഇത്തരം കേന്ദ്രങ്ങളിൽ താമസിപ്പിക്കുമെന്ന കാര്യത്തിലും മറ്റ് വിശദാംശങ്ങളിലും മറ്റാർക്കും കാര്യമായ ധാരണയില്ല.

ഈ ഷെൽട്ടറുകളിൽ കുട്ടികൾക്കൊപ്പം മാതാപിതാക്കളെയും താമസിപ്പിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്ന മറുപടിയാണ് പെന്റഗൺ വക്താവ് നൽകിയത്.

അറസ്റ്റിലായ മാതാപിതാക്കളെയും കുട്ടികളെയും ഒരുമിപ്പിക്കണമെന്ന് ട്രംപ് ഇക്കഴിഞ്ഞ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. കുടിയേറ്റക്കാർ‌ക്കെതിരെയുള്ള നീക്കങ്ങളിൽ പക്ഷെ ഇളവൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്തര്‍ദ്ദേശീയമായി വലിയ വിമർശനങ്ങളുയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പിൻ‌വാങ്ങൽ.

അതെസമയം പ്രായോഗികമല്ലാത്ത പദ്ധതികളാണ് ട്രെപ് ഭരണകൂടം കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നാരോപിച്ച് ഡെമോക്രാറ്റുകൾ രംഗത്തു വന്നു. 20,000 ബെഡ്ഡുകൾ എന്നത് നടപ്പാക്കുക സാധ്യമാണോയെന്ന് അവർ ചോദിച്ചു.

കുടിയേറ്റക്കാർക്കു വേണ്ടി വാദിക്കുന്നവരും ഈ നീക്കത്തിൽ‌ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പട്ടാള ക്യാമ്പുകൾക്കടുത്ത് ഇത്തരം കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നത് വലിയ അസ്ഥിരത ഉണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.