X

‘ന്യൂക്ലിയര്‍ ബ്ലാക്‌മെയില്‍’ അംഗീകരിക്കില്ല: ഇറാനും ‘നിഴൽ സേനകൾക്കും’മെതിരെ 1000 സൈനികരെ യുഎസ് അയയ്ക്കും

മധ്യേഷ്യയിലെ വ്യോമ-നാവിക-കര സേനകള്‍ നേരിടുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ 1,000 സൈനികരെക്കൂടി അയയ്ക്കുകയാണെന്ന് ഷാനഹാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

‘ഇറാനിയൻ സേനയുടെയും അവരുടെ നിഴൽ സേനകളുടെയും ‘ശത്രുതാപരമായ പെരുമാറ്റത്തിന്’ മറുപടിയായി 1,000 സൈനികരെക്കൂടി മധ്യേഷ്യയിലേക്ക് അയക്കാന്‍ അമേരിക്ക തീരുമാനിച്ചു. ആക്ടിംഗ് ഡിഫൻസ് സെക്രട്ടറി പാട്രിക് ഷാനഹാനാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള തുടരുന്ന സംഘർഷം കൂടുതല്‍ വഷളാക്കും. ഒമാന്‍ കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ ഇറാനെ വാഷിംഗ്ടൺ കുറ്റപ്പെടുത്തിയിരുന്നു. ഡൊണാൾഡ് ട്രംപ് 2015ലെ ആണവക്കരാറിൽനിന്ന് പിൻവാങ്ങി സാമ്പത്തിക ഉപരോധങ്ങൾ പുനഃസ്ഥാപിച്ചതോടെയാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം രൂക്ഷമായത്.

മധ്യേഷ്യയിലെ വ്യോമ-നാവിക-കര സേനകള്‍ നേരിടുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ 1,000 സൈനികരെക്കൂടി അയയ്ക്കുകയാണെന്ന് ഷാനഹാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് ലഭിച്ച രഹസ്യ വിവരങ്ങളെ സാധൂകരിക്കുന്ന പ്രവര്‍ത്തികളാണ് ഇറാനിയൻ സേനയും അവരുടെ നിഴൽ സേനകളും ചെയ്തുകൊണ്ടിരിക്കുന്നത്’ എന്നും അദ്ദേഹം ആരോപിച്ചു.

ആണവകരാറില്‍ പറഞ്ഞിട്ടുള്ളതില്‍നിന്നും വ്യത്യസ്തമായി സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സംഭരണം എത്രത്തോളം ആവാമെന്നാണ് തങ്ങള്‍ നോക്കുന്നതെന്ന് ഇറാനും വ്യക്തമാക്കി. ഒബാമയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇറാന്‍ സമ്പുഷ്ടീകരിക്കുന്ന യുറേനിയത്തില്‍ 3.67% മാത്രമേ സൂക്ഷിക്കൂ എന്ന ഉറപ്പുണ്ടായിരുന്നു. എന്നാല്‍ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനാല്‍ യുറേനിയം സമ്പുഷ്ടീകരണം നാലുമടങ്ങ്‌ വര്‍ദ്ധിപ്പിച്ചതായി ഇറാന്‍ പറഞ്ഞു. ഇതിനെ ‘ന്യൂക്ലിയര്‍ ബ്ലാക്മെയില്‍’ എന്നാണ്‌ വൈറ്റ് ഹൌസ് നാഷണൽ സെക്യൂരിറ്റി കൌൺസിലിന്റെ വക്താവ് വിശദീകരിച്ചത്.

ഇറാന്റെ ഈ നീക്കമാണ് അമേരിക്കയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത്. ‘ഇറാനിയൻ ഭരണകൂടം ആണവായുധ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറി അന്താരാഷ്ട്ര സമൂഹത്തോടുള്ള അവരുടെ കടമകൾ പാലിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് മോർഗൻ ഓർറ്റഗോസ് പറഞ്ഞു. ഇറാന്റെ നീക്കത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും, ഇതുസംബന്ധിച്ച് രാഷ്ട്രത്തലവന്മാരുമായി നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സ്റ്റേറ്റ് സെക്രട്ടറിയായ മൈക്ക് പോംപിയോയും പറഞ്ഞു.

This post was last modified on June 18, 2019 1:52 pm