യുഎസ്സിലെ ഡോണൾഡ് ട്രംപ് ഭരണകൂടം തന്നെ കൊലപ്പെടുത്താനുള്ള വഴികൾ അന്വേഷിക്കുകയാണെന്ന് വെനസ്വേലൻ പ്രസിഡണ്ട് നികോളാസ് മഡൂറോയുടെ ആരോപണം. മഡൂറോയുടെ സ്വേച്ഛാധിപത്യപരമായ നിലപാടുകളും മറ്റും ചൂണ്ടിക്കാട്ടി വെനസ്വേലയ്ക്കു മേൽ ഉപരോധം അടിച്ചേൽപ്പിച്ചിരിക്കുകയാണ് അമേരിക്ക. 2017 ജൂലൈ മുതൽ പല ഘട്ടങ്ങളിലായി വിവിധ വ്യാപാര മേഖലകളിൽ വെനസ്വേലയ്ക്കു മേൽ യുഎസ് ഉപരോധങ്ങൾ വന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ മഡൂറോയുടെ ഭാര്യക്കു നേരെയും ഉപരോധം ഏർപ്പെടുത്തിയിരുന്നു. സെപ്തംബർ 25നായിരുന്നു ഇത്. ലോകത്ത് സോഷ്യലിസം അപകടകരമാം വിധം വളരുകയാണെന്നും അത് തടയണമെന്നും ഉപരോധം ഏർപ്പെടുത്തവെ ഡോണൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു.
ട്രംപ് കൊല്ലാൻ നടക്കുകയാണെന്ന മഡൂറോയുടെ പ്രസ്താവനയെ നിഷേധിക്കാൻ വൈറ്റ് ഹൗസ് മെനക്കെട്ടില്ല. പകരം, സമാധാനപരമായി വെനസ്വേല ജനാധിപത്യത്തിലേക്ക് തിരിച്ചെത്തണമെന്ന അമേരിക്കയുടെ നയം മാറ്റമില്ലാതെ തുടരുമെന്ന് വൈറ്റ് ഹൗസിന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവിച്ചു.
വെനസ്വേലയെ പണപ്പെരുപ്പം പിടികൂടിയിരിക്കുകയാണെന്നും സാമ്പത്തികവ്യവസ്ഥ അമ്പെ തകർന്നിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഭക്ഷ്യക്ഷാമവും മരുന്ന് ക്ഷാമവും രാജ്യത്തെ കെടുതിയിലാഴ്ത്തിയിരിക്കുകയാണെന്നും 20 ലക്ഷത്തോളമാളുകൾ ഈ ഗതികേടിൽ നിന്നും രക്ഷപ്പെടാൻ രാജ്യം വിട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും ആരോപണമുണ്ട്.
അയൽരാജ്യമായ കൊളംബിയയോട് തന്നെ കൊല്ലാൻ അമേരിക്ക ആവശ്യപ്പെട്ടെന്നാണ് നികോളാസ് മഡൂറോയുടെ ആരോപണം. വ്യാഴാഴ്ച രാത്രിയിൽ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് മഡൂറോ ഇക്കാര്യം അറിയിച്ചത്. തന്റെ ഒരു രോമത്തിൽപ്പോലും തൊടാൻ അമേരിക്കക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.
This post was last modified on October 12, 2018 5:51 pm
Leave a Comment