മധ്യ അമേരിക്കൻ നാടുകളിൽ നിന്നും മെക്സിക്കോയിലെത്തിയ അഭയാർത്ഥികളുടെ സംഘങ്ങളെ ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയതു സംബന്ധിച്ച ചോദ്യമുന്നയിച്ച സിഎൻഎൻ റിപ്പോർട്ടർക്ക് വൈറ്റ് ഹൗസ് വിലക്കേർപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെ ജിം അകോസ്റ്റ എന്ന മാധ്യമപ്രവർത്തകനാണ് ട്രംപിന് ഇഷ്ടപ്പെടാത്ത ചോദ്യമുന്നയിച്ചത്. അഭയാർത്ഥികളുടെ സംഘം മെക്സിക്കോയിൽ നൂറുകണക്കിന് മൈലുകൾക്കപ്പുറത്താണ് എന്നിരിക്കെ തെരഞ്ഞെടുപ്പ് ലാക്കാക്കിയല്ലേ ഭീതിയുളവാക്കുന്ന പ്രസ്താവനകൾ നടത്തിയതും മറ്റും എന്ന ചോദ്യത്തെ അസഹിഷ്ണുതയോടെയാണ് ട്രംപ് നേരിട്ടത്.
നിങ്ങൾ സിഎൻഎന്നിൽ നിന്നുള്ളവർ നുണ പ്രചരിപ്പിക്കുന്നവരാണ് എന്ന പ്രസ്താവനയോടെ ട്രംപ് ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി. വിടാൻ ഭാവമില്ലാതിരുന്ന റിപ്പോർട്ടറെ ഒരു വൈറ്റ് ഹൗസ് ഇന്റേൺ പിടിച്ചിരുത്താനും ശ്രമിക്കുകയുണ്ടായി. മൈക്രോഫോൺ താഴെ വെക്കാനും ഇരിക്കാനും ട്രംപ് ആജ്ഞാപിച്ചു. ഇത് കേൾക്കാൻ റിപ്പോർട്ടർ തയ്യാറായില്ല.
സിഎൻഎൻ റിപ്പോർട്ടറെ വിലക്കിക്കൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് ഇറക്കിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് ഇന്റേൺ ആയ പെൺകുട്ടിയുടെ കൈയിൽ ജിം അകോസ്റ്റ കൈ വെച്ചെന്നും ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നും അതുകൊണ്ടാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നും ആരോപിച്ചു. എന്നാൽ ഇത് നുണയാണ് എന്ന് അകോസ്റ്റ ട്വീറ്റ് ചെയ്തു.
ട്രംപ് മാധ്യമസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നയാളാണെന്നും തന്റെ ഭരണത്തെക്കുറിച്ച് കടുത്ത ചോദ്യങ്ങളെ നേരിടാൻ അദ്ദേഹം തയ്യാറാണെന്നും സാറ സാൻഡേഴ്സിന്റെ പ്രസ്താവന പറയുന്നുണ്ട്. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ ജിം അകോസ്റ്റയെ വൈറ്റ് ഹൗസ് റിപ്പോർട്ടിങ്ങിൽ നിന്നും വിലക്കുന്നതായും സാറ പറയുന്നു.
സിഎൻഎന്നുമായി കടുത്ത വിയോജിപ്പുകൾ ട്രംപിനുണ്ട്. ഇവർ പ്രസിഡണ്ടിന്റെ കടുത്ത വിമർശകരാണ് എന്നതാണ് കാരണം. ഇപ്പോൾ നടന്നതിനു സമാനമായ സംഭവങ്ങൾ നേരത്തെയും സിഎൻഎൻ റിപ്പോർട്ടർമാർക്ക് വൈറ്റ് ഹൗസിൽ നേരിടേണ്ടി വന്നിട്ടുമുണ്ട്. ജിം അകോസ്റ്റ നേരത്തെയും ട്രംപിന് ഇഷ്ടപ്പെടാത്ത ചോദ്യങ്ങളുന്നയിച്ച് വൈറ്റ് ഹൗസിന്റെ അപ്രീതി നേടിയിട്ടുണ്ട്.
This post was last modified on November 8, 2018 8:15 am
Leave a Comment