X

നരച്ച മുടിയിഴകൾ പുറത്തുകാട്ടി സി ജിൻപിങ്ങിന്റെ കീഴ്‌വഴക്ക ലംഘനം; ‘കാരണവർ’ പ്രതിച്ഛായ വർധിപ്പിക്കാനെന്ന് നിരീക്ഷണം

'അങ്കിൾ സി' എന്നൊരു വിളിപ്പേര് സി ജിൻപിങ്ങിനുണ്ട്.

ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ് ചട്ടങ്ങൾ ലംഘിക്കുന്നതിൽ പ്രസിദ്ധനാണ്. മാവോയ്ക്കു ശേഷം ഇത്രയേറെ അധികാരകേന്ദ്രീകരണം തന്നിലേക്ക് നടത്തിയ മറ്റൊരു നേതാവുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചട്ടലംഘനം തലമുടിയുടെ നിറത്തിലാണ്. ഏറെ വർഷങ്ങൾക്കിടയിൽ ചൈനീസ് നേതാക്കൾക്കിടയിൽ ഇങ്ങനെയൊന്ന് സംഭവിക്കുന്നത് ഇതാദ്യമാണ്. മുടി മുഴുവൻ കറുപ്പിച്ച് നിർത്തുന്നതാണ് ചൈനീസ് നേതാക്കളുടെ ഇതുവരെയുള്ള ശൈലി. എന്നാൽ ജിൻപിങ് തന്റെ മുടിയിഴകളിലെ വെള്ളിരേഖകൾ പുറത്തുകാണിക്കാൻ സന്നദ്ധമായിരിക്കുന്നു ഇപ്പോൾ. പാർട്ടിയുടെ യൗവനത്തിന്റെ പ്രതീകങ്ങളായി സ്വയം സ്ഥാപിക്കുന്നതിന് മുടി കറുപ്പടിച്ച് നിർത്തിയിരുന്ന നേതാക്കളുടെ കീഴ്‌വഴക്കത്തെയാണ് ജിൻപിങ് ലംഘിച്ചിരിക്കുന്നത്.

നിലവിൽ 65 വയസ്സുണ്ട് ജിൻപിങ്ങിന്. ജിൻപിങ്ങിന്റെ ഈ നടപടിയെ തന്നെ ഒരു കാരണവസ്ഥാനത്ത് സ്ഥാപിക്കാനും കർശനക്കാരനെന്ന പ്രതിച്ഛായയെ ഇല്ലാതാക്കാനുമുള്ള ശ്രമമായി വേണം കാണാൻ. ചൈനീസ് നിയമനിർമാതാക്കളുടെ വാർഷികയോഗത്തിൽ ജിൻപിങ് നരച്ച മുടിയിഴകൾ കാട്ടി വന്നത് അംഗങ്ങൾക്കിടയിൽ ചർ‍ച്ചയായി മാറിയിരുന്നു. ജനങ്ങൾക്കിടയിലും ഈ നടപടി ശ്രദ്ധ നേടിയിട്ടുണ്ട്. തന്നെ തുറന്നുകാട്ടാൻ മടിയില്ലാത്ത നേതാവായിട്ടാണ് പലരും ജിൻപിങ്ങിനെ മനസ്സിലാക്കുന്നത്. നരച്ച മുടി വെളിയിൽ കാണിക്കാൻ അദ്ദേഹം കാണിച്ച മനസ്ഥിതിയെ അവർ ഇതിന്റെ അടയാളമായിട്ടാണ് കാണുന്നത്.

‘അങ്കിൾ സി’ എന്നൊരു വിളിപ്പേര് സി ജിൻപിങ്ങിനുണ്ട്. പാർട്ടിയിലെ അണികൾക്കിടയിലെ ആരാധകർ വിളിക്കുന്നത്. അണികളിൽ നിന്നും കൽപ്പിച്ചു കിട്ടിയ ഈ കാരണവർ സ്ഥാനത്തെ ഇനിയും ഉറപ്പിക്കുകയാണ് ജിൻപിങ് ചെയ്യുന്നത്. ബോറനായ ഒരു പാർട്ടി കേഡറുടെ ശൈലിയല്ല മുടിയിലെ വെള്ളനരകൾ കാണിച്ചു നടക്കുന്നതെന്ന് ചൈനീസ് ചരിത്രം പഠിക്കുന്ന ഗവേഷകൻ ജൂലിയൻ ഗെർവിറ്റ്സ് പറയുന്നു.

മാവോ സെദോങ്ങും തനിക്ക് പ്രായമേറിയപ്പോൾ മുടി കറുപ്പടിക്കുന്നതിൽ നിന്നും പിൻവാങ്ങിയിരുന്നു. എങ്കിലും പിൽക്കാലത്തും പാർട്ടിയുടെ ഉയർന്ന നേതാക്കൾ തങ്ങളുടെ ഒരുമയെയും ഊർജസ്വലതയെയും പ്രകടിപ്പിക്കുന്നതിന് മുടി കറുപ്പിക്കുന്നത് ഒരു ശീലമാക്കി. സമൂഹം കുറെക്കൂടി തുറന്നതാകുന്നതിന്റെയും മനോഭാവം വിശാലമാകുന്നതിന്റെയും അടയാളമായിക്കൂടി ഈ ‘മുടികാട്ട’ലിനെ കാണുന്നവരുണ്ട്.

This post was last modified on March 8, 2019 12:56 pm