X

അമേരിക്കയും അൽ-ക്വെയ്ദയും ഇപ്പോൾ യെമനിൽ ഒരേ പാളയത്തില്‍

ഗ്രെഗ് മില്ലർ
(വാഷിംഗ്ടൺ പോസ്റ്റ്)

സൌദി അറേബ്യൻ മരുഭൂമിയിലെ സി ഐ എ ഡ്രോൺ താവളത്തിൽ  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ തോതിലുള്ള പുതുക്കിപ്പണിയലുകൾ നടന്നു. താമസിക്കാനുള്ള നിരവധി കെട്ടിടങ്ങളും, വിമാനങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളും, പുതുതായി വെച്ചുപിടിപ്പിച്ച പനകളുമൊക്കെ ഉപഗ്രഹചിത്രത്തിൽ തെളിഞ്ഞുകാണാം.

യെമനിലെ ഭീകരവിരുദ്ധ നീക്കത്തിൽ ഒബാമ ഭരണകൂടത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് ഈ താവളം.

വിഭാഗീയ സംഘര്‍ഷങ്ങൾ അതിരൂക്ഷമാകവേ യെമനിൽ നിന്നും യു.എസ് സൈനികർ പിന്‍വാങ്ങിയിരിക്കുകയാണ്. യു.എസ് സേന പരിശീലിപ്പിച്ച യെമന്റെ പ്രത്യേക സേനയും സര്‍ക്കാർ തകര്‍ന്നതോടെ ചിതറിപ്പോയി. ഇവര്‍ക്കായി യു.എസ് നല്കിയ ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന അത്യാധുനിക ആയുധങ്ങൾ സൌദിയുടെ വ്യോമാക്രമണത്തിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ആയുധങ്ങൾ ഇറാൻ പിന്തുണയുള്ള വിമതരുടെ കയ്യിലെത്താതിരിക്കുകയായിരുന്നു ഈ നീക്കത്തിന്റെ ഉദ്ദേശം.

തങ്ങളുടെ നേതാക്കള്‍ക്ക് നേരെ വര്‍ഷങ്ങളായുള്ള യു.എസ് ആളില്ലാ പോര്‍വിമാനങ്ങളുടെ ആക്രമണത്തിൽ പ്രതിരോധത്തിലായിരുന്ന അൽ-ക്വെയ്ദ അറേബ്യൻ ഉപഭൂഖണ്ഡത്തിൽ വീണ്ടും ശക്തിയാര്‍ജിക്കാനുള്ള അവസാന ശ്രമാണ് ഈ വിടവ് നല്‍കിയിരിക്കുന്നതെന്ന് യു.എസ് അധികൃതർ തന്നെ പറയുന്നു.

എ‌ക്യൂ‌എ‌പി അംഗങ്ങൾക്കെതിരെ ആക്രമണസജ്ജമായി സി ഐ എയുടെ ആളില്ലാ പോര്‍വിമാനങ്ങൾ ഇപ്പൊഴും യെമന് മുകളിൽ പറക്കുന്നുണ്ടെന്ന് യു.എസ് പറഞ്ഞു. സൌദി ആക്രമണത്തിനുള്ള യു.എസ് രഹസ്യാന്വേഷണ പിന്തുണ ഈ നടപടികളുടെ ശക്തി കുറച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

എന്നാൽ സൌദി അറേബ്യയും ഇറാനും തമ്മിൽ മേഖലാ മേധാവിത്തത്തിനായി നടത്തുന്ന ഒരു നിഴല്‍പോരാട്ടത്തിന്റെ കൂടി ഫലമായ യെമനിലെ ആഭ്യന്തര യുദ്ധം ഭീകരവിരുദ്ധ പോരാട്ടത്തെ രണ്ടാം നിരയിലാക്കിയിരിക്കുന്നു.

ഹൂതി വിമതർ സര്‍ക്കാരിന്റെ നിയന്ത്രണം കൈക്കലാക്കി എന്നു പ്രഖ്യാപിച്ച ഫെബ്രുവരി പകുതി മുതൽ യു.എസ്, യെമനിൽ ആളില്ലാ പോര്‍വിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടില്ല. ഇത്തരം ഇടവേളകൾ സാധാരണമാണെങ്കിലും രാജ്യത്തിനകത്തെ രഹസ്യാന്വേഷണ ദൌത്യങ്ങൾ നിന്നുപോയ സ്ഥിതിക്ക് ഈ ഇടവേള നീളുമെന്നും യു.എസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഈ കുഴപ്പങ്ങളെല്ലാം എ‌ക്യൂ‌എ‌പി-ക്കു വീണ്ടും ശക്തി പ്രാപിക്കാനുള്ള അവസരമൊരുക്കുകയാണ്. പടിഞ്ഞാറിനെതിരായ ഭീകര പ്രവര്‍ത്തനത്തിനും ഷിയാ മേധാവിത്വമുള്ള ഹൂതികളുടെ മുന്നേറ്റം തടഞ്ഞു യെമനിലെ സുന്നി മുസ്ലീങ്ങളുടെ സംരക്ഷകരായി ചമയാനും.

ഈയിടെ നടത്തിയ തടവറ ആക്രമണത്തിന് മുമ്പുവരെ എ‌ക്യൂ‌എ‌പി താരതമ്യേന ഒതുങ്ങിക്കിടക്കുകയായിരുന്നു. സുന്നി മേധാവിത്വമുള്ള അൽ-ക്വെയ്ദയുമായി ശത്രുത പുലര്‍ത്തുന്ന ഹൂതികള്‍ക്കെതിരെ നടത്തിയ ചെറിയ ആക്രമങ്ങളൊഴിച്ചാൽ യു.എസ് ആളില്ലാ പോര്‍വിമാനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നേരിട്ടുള്ള സംഘട്ടനങ്ങൾ ഒഴിവാക്കുകയായിരുന്നു അവർ.

“ഹൂതികളുടെ മുന്നേറ്റം എ‌ക്യൂ‌എ‌പി-യുടെ വിദേശപദ്ധതികള്‍ക്ക് വിഘാതമായി. ഇനിയിപ്പോൾ ഒരു ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്,” ഒരു മുതിര്‍ന്ന യു.എസ് സൈനികോദ്യോഗസ്ഥൻ പറഞ്ഞു.

വിചിത്രമാണെങ്കിലും യു.എസും അൽ-ക്വെയ്ദയും ഇപ്പോൾ യെമനിൽ ഒരേ കാര്യമാണ് ചെയ്യുന്നത്. യെമനിൽ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധത്തെ അവലോകനം ചെയ്യുകയും സംഘര്‍ഷത്തിന്റെ ആഘാതത്തെ തങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് ആലോചിക്കുകയുമാണ് ഇരുകൂട്ടരും.

“യു.എസിന്റെ ഭീകരവിരുദ്ധ തന്ത്രം തത്ക്കാലത്തേക്കെങ്കിലും അരികിലായിരിക്കുകയാണ്,” യെമൻ വിദഗ്ദ്ധനായ ഖലീദ് ഫത്താ നിരീക്ഷിക്കുന്നു. രാജ്യത്തിന്റെ തെക്കും കിഴക്കും പ്രവിശ്യകളിൽ എ‌ക്യൂ‌എ‌പി-യും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുമെന്നും അദ്ദേഹം പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള പുതിയ സംഘടനളുണ്ടെങ്കിലും യു.എസിന് നേരിട്ട് ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്ന ഭീകരസംഘം എ‌ക്യൂ‌എ‌പി-യാണെന്ന് യു.എസ് അധികൃതർ ഇപ്പൊഴും വിലയിരുത്തുന്നു. പാരീസിൽ നടന്ന ആക്രമണത്തിനും യു.എസിലേക്കുള്ള വിമാനത്തിൽ സ്ഫോടനശ്രമത്തിനും പിന്നിലും ഇവരാണെന്നും കരുതുന്നു.

എ‌ക്യൂ‌എ‌പി-ക്കെതിരായ ആക്രമണത്തിൽ സൌദി അറേബ്യയിലെ ഈ വ്യോമതാവളത്തിന് നിര്‍ണായക പങ്കുണ്ട്. ആളില്ലാ പോര്‍വിമാനങ്ങളുടെ നിരവധി ആക്രമണങ്ങൾ ഈ താവളത്തിൽ നിന്നായിരുന്നു. അമേരിക്കക്കാരനായ അൽ-ക്വെയ്ദ നേതാവ് അന്‍വർ അൽ-അവ്ലാകി 2011-ൽ കൊല്ലപ്പെട്ടത് ഇത്തരമൊരു ആക്രമണത്തിലായിരുന്നു.

പ്രസിഡണ്ട് ബരാക് ഒബാമയുടെ ഭീകരവിരുദ്ധ യുദ്ധത്തിലെ പ്രധാന ഘടകമാണ് ഈ സാങ്കേതിക മുന്നേറ്റം. അതുകൊണ്ടുതന്നെ ഉപഗ്രഹ ചിത്രങൾ അനുസരിച്ചാണെങ്കിൽ ഈ വിദൂരനിയന്ത്രിത സൌകര്യം കാര്യമായിത്തന്നെ പുതുക്കിയിട്ടുണ്ട്.

പക്ഷേ പ്രാദേശിക സുരക്ഷാ ശക്തികളുമായി ആക്രമണനീക്കണങ്ങളിലെ അപായസാധ്യതകൾ പങ്കിടുന്ന ഈ തന്ത്രത്തിന്റെ മറുവശം, യെമനിലെ യു.എസ് അനുകൂലിയായ പ്രസിഡണ്ട് അബേദ് റബ്ബോ മന്‍സൂർ ഹാദി രാജ്യം വിട്ടോടിയതോടെ അവതാളത്തിലായിരിക്കുകയാണ്.

യു.എസ് ശേഷികള്‍ക്കേറ്റ തിരിച്ചടികൾ കുറച്ചുകാട്ടാനാണ് അധികൃതർ ശ്രമിക്കുന്നത്. “യെമനിൽ ആഭ്യന്തര പ്രതിസന്ധി നമ്മുടെ ഭീകരവിരുദ്ധ ശ്രമങ്ങളെ വിപുലമാക്കിയില്ലെങ്കിലും നമുക്കിപ്പോഴും ഗണ്യമായ ഭീകരവിരുദ്ധ സ്രോതസുകളും ശേഷിയുമുണ്ട്,” എന്നാണ് വൈറ്റ് ഹൌസ് മാധ്യമ സെക്രട്ടറി ജോഷ് ഏണെസ്റ്റ് പറഞ്ഞത്.

ആളില്ലാ പോര്‍വിമാന ആക്രമണങ്ങള്‍ക്കുള്ള അമേരിക്കൻ ശേഷി യെമനിലെ രഹസ്യ വിവരങ്ങളുടെ വഴികൾ തകരാറിലായതോടെ തടസപ്പെട്ടിരിക്കുന്നു. ഇതിൽ നിര്‍ണായകം സൌദി അറേബ്യ രൂപംകൊടുത്ത രഹസ്യവിവരദാതാക്കളുടെ ഒരു ശൃംഖലയാണ്. അവരാകട്ടെ ഇപ്പോൾ ഹൂതികള്‍ക്കെതിരായ സൌദി വ്യോമാക്രമണത്തിനെ സഹായിക്കുന്ന തിരക്കിലുമാണ്.

“രഹസ്യവിവരങ്ങൾ നല്കാൻ ആളുകൾ ഇപ്പോഴില്ലെങ്കിലും, മറ്റുതരത്തിലുള്ള രഹസ്യവിവര മാര്‍ഗങ്ങൾ ഇപ്പോഴുമുണ്ട്,” ഒരു മുതിര്‍ന്ന യു എസ് സൈനികോദ്യഗസ്ഥൻ പറയുന്നു.

പരസ്പരം ശത്രുക്കളായ സൌദി അറേബ്യയും എ‌ക്യൂ‌എ‌പി-യും പൊതുശത്രുവായ  ഹൂതികള്‍ക്കെതിരായ  പോരാട്ടത്തിലാണ്. സൌദി അറേബ്യയുടെ ആക്രമണത്തെ എ‌ക്യൂ‌എ‌പി അപലപിച്ചിട്ടില്ല. സൌദി ആക്രമണം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണിത്.

എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ഹൂതികൾക്കെതിരായ ആക്രമണത്തിൽ രണ്ടു പള്ളികളിൽ ബോംബിട്ടതിനെ എ‌ക്യൂ‌എ‌പി അപലപിച്ചു. സിറിയയിലും ഇറാക്കിലും സ്ഥാപിച്ച ഖിലാഫത്തിന്റെ തലവന്‍മാരായ ഐ എസ് ഐ എസ് ഇവരുടെ എതിരാളികളാണ്.

ദിവസങ്ങള്‍ക്കുമുമ്പ് നടത്തിയ തടവറയാക്രമണം എ‌ക്യൂ‌പി‌ക്യൂ-വിന്റെ സായുധ ശേഷിയും രാജ്യത്തെ സുരക്ഷയുടെ പരിതാപകരമായ അവസ്ഥയും സൂചിപ്പിക്കുന്നു. 2006-ൽ ഒരു സൌദി തടവറയിൽ നിന്നും 23 പേരെ രക്ഷപ്പെടുത്തിയ എ‌ക്യൂ‌എ‌പി-യുടെ തുടക്കം കുറിച്ച ദൌത്യത്തെയും ഇതോര്‍മ്മിപ്പിക്കുന്നു. നീണ്ടകാലം സംഘത്തിന്റെ നേതാവും ഇപ്പോൾ അൽ-ക്വെയ്ദയുടെ നേതൃനിരയിലെ രണ്ടാമനുമായ നസീർ അൽ-വുഹായ്ഷിയും ഇതില്‍പ്പെടുന്നു.

സൈനികമായി ശക്തിയാര്‍ജിക്കുന്നതിന് മുമ്പ് എ‌ക്യൂ‌എ‌പി-ക്കു യെമനിൽ ശക്തികേന്ദ്രങ്ങൾ സൃഷ്ടിക്കാൻ സമ്മര്‍ദമുണ്ട്. എന്നാൽ യു. എസിനെതിരായ ആക്രമണസന്നദ്ധത അവർ വെടിയാനും സാധ്യതയില്ല. യെമനിൽ നിന്നും ഐ എസ് ഐ എസിനെ പുറത്താക്കുകയായിരിക്കും എ‌ക്യൂ‌എ‌പി നേരിടുന്ന വലിയ സമ്മര്‍ദ്ദം.

This post was last modified on April 10, 2015 7:44 am