X

അംബാനി പത്മവിഭൂഷന് അര്‍ഹനെന്ന് സുപ്രിംകോടതി

അംബാനി രാജ്യത്തിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ അവാര്‍ഡ് തിരിച്ചെടുക്കണമെന്നുമാണ് പി സി ശ്രീവാസ്തവ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്

കഴിഞ്ഞ വര്‍ഷം മരണാനന്തരമായി നല്‍കിയ പത്മവിഭൂഷണ്‍ അവാര്‍ഡ് റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനി അര്‍ഹിക്കുന്നുണ്ടെന്ന് സുപ്രിംകോടതി. രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ കഴിഞ്ഞ വര്‍ഷം അംബാനിയുടെ പത്‌നി കോകിലബെന്‍ രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു.

ഇവരുടെ മക്കള്‍ അനില്‍ അംബാനിയും മുകേഷ് അംബാനിയും അവാര്‍ഡ് സ്വീകരണ ചടങ്ങില്‍ എത്തിയിരുന്നു. ഇക്കാലത്ത് ഏറ്റവും വലിയ വ്യവസായ സംരഭകകനായാണ് അദ്ദേഹത്തെ കണക്കാക്കുന്നതെന്നും ആര്‍ക്കാണ് പത്മവിഭൂഷണ്‍ നല്‍കേണ്ടതെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്നും. നിങ്ങള്‍ക്ക് കിട്ടിയാല്‍ ഞങ്ങളും ചോദ്യം ചെയ്യില്ലെന്നും സുപ്രിംകോടതി അവാര്‍ഡ് തിരിച്ചുവാങ്ങണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഭിഭാഷകനോട് പറഞ്ഞു.

2002ല്‍ മരിച്ച അംബാനി രാജ്യത്തിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ അവാര്‍ഡ് തിരിച്ചെടുക്കണമെന്നുമാണ് പി സി ശ്രീവാസ്തവ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അനില്‍ അംബാനിയും മുകേഷ് അംബാനിയും തമ്മില്‍ ഇടഞ്ഞതോടെ 2005ല്‍ റിലയന്‍സ് ഗ്രൂപ്പ് പിരിഞ്ഞിരുന്നു. എന്നിരുന്നാലും അവര്‍ ഇപ്പോഴും ചില സ്ഥാപനങ്ങള്‍ സംയുക്ത സംരഭമായാണ് നടത്തുന്നത്.