X

ഈ ‘തെറി’വിളി പുതിയതല്ലല്ലോ സംഘപരിവാറിന്

വി ഉണ്ണികൃഷ്ണന്‍

അക്ഷരങ്ങളോട് സംഘപരിവാറിനുള്ള എതിര്‍പ്പ് പുതിയതല്ല. തങ്ങള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടുന്നവരെയെല്ലാം നിശബ്ദരാക്കാനുള്ള ശ്രമം അവര്‍ തുടങ്ങിയിട്ടു കുറേക്കാലമായി. ദബോല്‍ക്കറെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും അവസാനിപ്പിച്ചതും അങ്ങനെയൊരു പദ്ധതിയുടെ ഭാഗമായാണ്. അടുത്തിടെ തിരൂര്‍ തളൂക്കരയുള്ള എകെജി വായനശാല കത്തിച്ചപ്പോഴും ഉദ്ദേശ്യം അതു തന്നെ. തൃശൂര്‍ മഹാരാജാസ് പോളിടെക്‌നിക്കിലെ കോളേജ് മാഗസിനായ ‘പുറംമോടി’ക്കും കുന്ദംകുളം ഗവ. പോളിയിലെ ‘നെഗറ്റീവ് ഫേയ്സസി’നും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെയും ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെയും മാഗസിനുകള്‍ക്കും നേരെ ഉണ്ടായ ആക്രമണവും ഇതേ കാരണങ്ങള്‍ക്കൊണ്ടു തന്നെ. സംഘപരിവാറിന്റെ അക്ഷര വിരുദ്ധ പരമ്പരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഇപ്പോള്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നടന്നിരിക്കുന്നത്.

ഇന്ത്യന്‍ സംസ്കാരത്തെയും ജുഡീഷ്യറിയെയും അപമാനിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീബുദ്ധന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഭഗത്‌സിംഗ് എന്നിവരെ അധിക്ഷേപിച്ചു എന്നും ആരോപിച്ച്  കോളേജിലെ 2014-2015 വര്‍ഷത്തെ വിശ്വ വിഖ്യാത തെറി  എന്ന മാഗസിന്‍ എബിവിപി യൂണിറ്റ് പ്രസിഡന്‍റ് ശ്രീജിത്ത്‌, കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എബിവിപി ജില്ലാ കണ്‍വീനര്‍ വിവി ശ്രീഹരി എന്നിവരുടെ നേതൃത്വത്തില്‍ കത്തിക്കുകയായിരുന്നു. കൂടാതെ മാഗസിനില്‍ ഗുരുവായൂരപ്പനെ നിന്ദിച്ചു എന്നുമൊക്കെയാണ് അവരുടെ ആരോപണങ്ങള്‍. 

അധ്യാപകരായ ഡോ. പി.സി രതി തമ്പാട്ടി, ഡോ. അനില്‍ വര്‍മ്മ എന്നിവരുടെ മേല്‍നോട്ടത്തില്‍ ശ്രീഷമീം സ്റ്റുഡന്റ് എഡിറ്ററായ കമ്മിറ്റിയാണ് കഴിഞ്ഞയാഴ്ച മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ചെറ്റ, തോട്ടി, കന്യക, കിളവന്‍, കാടന്‍, അരക്കില്ലം, സ്വവര്‍ഗ്ഗ ലൈംഗികത, ബാത്ത്‌റൂം ഗ്രാഫിറ്റി-ലൈംഗികതയുടെ നിഗൂഡ ചരിത്രം എന്നിങ്ങനെയാണ് ലേഖനങ്ങള്‍ക്ക് പേര് നല്‍കിയത്. ഇതില്‍ത്തന്നെ രസകരമായ അടിക്കുറിപ്പുകളും ഡിസൈനുകളും ചേര്‍ത്തിട്ടുണ്ട്. മാഗസിന്റെ ഉള്ളടക്കത്തിനോട്‌ നീതി പുലര്‍ത്തുന്ന രീതിയിലാണ് പ്രകാശനവും നടന്നത്. കോളേജ് കാന്റീനില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന രാധ എന്ന വനിതയ്ക്ക് കൈമാറിയായിരുന്നു മാഗസിന്‍ പ്രകാശനം. ലൈംഗിക ന്യൂനപക്ഷങ്ങളുടെയും മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ദളിത്‌ ജനതയുടെയുമൊക്കെ വ്യക്തമായ ചിത്രം രേഖപ്പെടുത്തുന്ന മാഗസിന്‍ കാമ്പസ് പ്രക്ഷോഭങ്ങളെപ്പറ്റിയും വിശദമായി ചര്‍ച്ച ചെയ്യുന്നു. ഇതേത്തുടര്‍ന്ന് മാഗസിനെതിരെ എബിവിപി സംസ്ഥാന കമ്മിറ്റി പ്രസ്താവന ഇറക്കുകയും വിദ്യാര്‍ത്ഥികള്‍ വായിക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു. ഒപ്പും സോഷ്യല്‍ മീഡിയയിലെങ്ങും കേട്ടാലറയ്ക്കുന്ന തെറിവിളികളും. ഇതിനു പിറകെയാണ് മാഗസിന്‍ കത്തിക്കുന്ന സംഭവമുണ്ടായത്. 

‘മുഖ്യധാരാ സമൂഹം തെറിയായി ഉപയോഗിക്കുന്ന പല പദങ്ങളും ജാതീയവും വംശീയവും ലിംഗപരവുമായ അധിക്ഷേപങ്ങളാണ്. അത്തരം പദാവലികളെ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തത്’ സ്റ്റുഡന്‍റ്റ്സ് എഡിറ്റര്‍ ശ്രീഷമീം പറയുന്നു.

‘ഈ വിഷയത്തില്‍ എന്താണ് ഇത്ര പുതുമ എന്ന് ഞങ്ങള്‍ക്കു മനസ്സിലാവുന്നില്ല. സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മാഗസിനില്‍ വന്നിട്ടുള്ളത്. തെറിയുടെ രാഷ്ട്രീയം ഇന്നത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. ഡിസൈന്‍, ലേഔട്ട് എന്നിവ വ്യത്യസ്തത പുലര്‍ത്തണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വൈക്കം മുഹമ്മദ്‌ ബഷീറിനെ അപമാനിക്കുന്നു എന്നൊക്കെ ചിലര്‍ ആരോപിക്കുന്നുണ്ട്. അങ്ങനെയൊന്നില്ല എന്ന് മാഗസിന്‍ വായിച്ചാല്‍ മനസ്സിലാവും. മാഗസിന്‍ കത്തിച്ചതിലൂടെ എബിവിപി ചെയ്തത് ഒരു തരത്തില്‍ സഹായമാണ്, കോളേജില്‍ മാത്രം വായിക്കുമായിരുന്ന മാഗസിന്‍ ഇപ്പോള്‍ കേരളത്തിലുള്ള നല്ലൊരു ഭാഗം ആളുകളും വായിച്ചു കഴിഞ്ഞു.’– ശ്രീഷമീം വ്യക്തമാക്കുന്നു.

മാനേജ്‌മെന്റില്‍ നിന്നും ചില അധ്യാപകര്‍ക്കിടയില്‍ നിന്നും തുടക്കത്തില്‍ തന്നെ ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ചാണ് കമ്മിറ്റി മാഗസിന്‍ പുറത്തിറക്കിയത്. ‘കാമ്പസ് മാഗസിനില്‍ എന്തിനാണ് രാഷ്ട്രീയം ചേര്‍ക്കുന്നത്; അതില്‍ പാട്ടും കഥകളും പോരേ’ എന്നുള്ള ചോദ്യവും മാഗസിന്‍ തയ്യാറാക്കിയവര്‍ ഡെറ്റോള്‍ ഉപയോഗിച്ചു കൈകഴുകണം എന്നും അരാജകവാദികള്‍ എന്നുള്ള ആക്ഷേപങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും നല്ല പ്രതികരണമാണ് മാഗസിന് ലഭിച്ചതെന്ന് കമ്മിറ്റി കൂട്ടിച്ചേര്‍ക്കുന്നു. കോളേജില്‍ തന്നെയുള്ള ചില വിദ്യാര്‍ഥികള്‍ പലരും മാഗസിന്‍ വായിച്ചത് ഇത് വിവാദമായതിനു ശേഷമാണ് എന്നും ആദ്യം വിമര്‍ശിച്ച പലരും പിന്നീട് പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ അറിയിച്ചുവെന്നും ഇവര്‍ പറയുന്നു.

മറ്റുള്ളവര്‍ ആരോപിക്കുന്നതുപോലെ തെറിയല്ല, തെറിയുടെ രാഷ്ട്രീയമാണ് തങ്ങള്‍ മാഗസിനിലൂടെ ഉയര്‍ത്തുന്നത്. ഡോ രതി തമ്പാട്ടിയുടെയും ഡോ അനില്‍ വര്‍മ്മയുടെയും പൂര്‍ണ്ണമായ പിന്തുണ ഇക്കാര്യത്തില്‍ മാഗസിന്‍ കമ്മിറ്റിക്കുണ്ടായിരുന്നു.

‘ഭാഷാപരമായ പിഴവുകളോ വിഷയങ്ങളില്‍ വന്ന കുറവുകളോ സംബന്ധിച്ചുള്ള ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇത്തരം ഡിസ്ട്രക്റ്റീവ് ആയ പ്രതികരണങ്ങള്‍ അപലപനീയമാണ്’, മാഗസിന്‍ സ്റ്റാഫ് എഡിറ്ററായ ഡോ. അനില്‍ വര്‍മ്മ പറയുന്നു.

‘മാഗസിനില്‍ ഏറെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതു പക്ഷേ തെരഞ്ഞെടുത്ത വിഷയത്തിലല്ല. ഭാഷാപരമായും പ്രൂഫ്‌ ചെക്കിംഗിലും പിഴവ് വന്നിട്ടുണ്ട്. അതുപോലെ തന്നെ മാഗസിനു വേണ്ടി എടുത്ത വിഷയത്തെ അക്കാദമിക്കായി അവര്‍ സമീപിച്ചിട്ടില്ല.‘ ഡോ. അനില്‍ വര്‍മ്മ കൂട്ടിച്ചേര്‍ക്കുന്നു.

‘മാഗസിനില്‍ പറഞ്ഞവിഷയങ്ങള്‍ ഭാഷയില്‍ സ്വയംഭൂവല്ലലോ. അതെന്തുകൊണ്ടാണ് ചിലര്‍ക്കു കൊണ്ടത്‌ എന്നുള്ളത് ഗോപ്യമായ ഒന്നല്ല. വിദ്യാര്‍ഥികളുടെ നടപടിയോട് എനിക്കു വിയോജിക്കാനാവില്ല. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍  നല്ലതു തന്നെയാണ്, അത് ഞങ്ങള്‍ സ്വീകരിക്കുക തന്നെ ചെയ്യും. മാഗസിന്‍ കത്തിക്കല്‍ പോലെയുള്ള രീതികളോട് യോജിക്കാനാവില്ല’-ഡോ അനില്‍ വര്‍മ്മ തന്റെ നിലപാടു വ്യക്തമാക്കി.

മാനേജ്മെന്റ് ഇതേക്കുറിച്ച് തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ചില അധ്യാപകര്‍ നെഗറ്റീവ് ആയി പ്രതികരിച്ചു എന്ന് അനില്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

മാഗസിന്‍ ഒരു തവണ വായിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ തികച്ചും അര്‍ത്ഥമില്ലാത്തവയാണ് എന്നു ബോധ്യപ്പെടും. മാഗസിന്‍ തുറന്നു നോക്കാതെയാണ്‌ പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും ഇവര്‍ പറയുന്നു. ആശയപരമായ പ്രതികരണങ്ങളെ നേരിടാന്‍ തങ്ങള്‍ തയ്യാറാണ് എന്ന് മാഗസിന്‍ കമ്മിറ്റി വ്യക്തമാക്കി.

‘ഇപ്പോള്‍ വരാന്‍ സാധ്യതയുള്ള ഏക പ്രശ്നം  കോളേജ് മാഗസിനുള്ള ഫണ്ട് പിന്‍വലിക്കുക എന്നതാണ്. അങ്ങനെയാണെങ്കില്‍ മാഗസിന്‍ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ കടക്കാരാവും. 1500 കോപ്പിയാണ് പ്രിന്റ്‌ എടുത്തത്. 25000 രൂപ അഡ്വാന്‍സ് ആയി തന്നിരുന്നു. മൊത്തം തുകയില്‍ 80000 രൂപ കോളേജ് നല്‍കും. ബാക്കി പരസ്യങ്ങളിലൂടെ കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശം. അത് ഞങ്ങള്‍ നിര്‍വഹിച്ചു കഴിഞ്ഞു’- ശ്രീഷമീം പറയുന്നു.

എങ്കിലും ഈ വിഷയത്തില്‍ ഇനി പിന്നോട്ടില്ലെന്നാണ്  മാഗസിന്‍ കമ്മിറ്റി ഉറപ്പിച്ചിരിക്കുന്നത്. 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍) 

This post was last modified on April 3, 2016 9:34 pm

Related Post
Leave a Comment