X

പെല്ലറ്റ് ആക്രമണം; ശ്രീനഗറില്‍ 12 കാരന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

കശ്മീരില്‍ സുരക്ഷാസേന നടത്തുന്ന പെല്ലറ്റ് ആക്രമണത്തിന് ഒരു രക്തസാക്ഷി കൂടി. ഇന്നലെ വൈകിട്ട് ശ്രീനഗറില്‍ പ്രതിഷേധക്കാര്‍ക്കെതിരേ നടത്തിയ പെലറ്റ് ആക്രമണത്തില്‍ 12 കാരനായ ഒരു ബാലനാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ഉടലെടുത്ത വ്യപകസംഘര്‍ഷത്തിനു പിന്നാലെ ശ്രീനഗറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

സയ്ദ്പുര നഗരത്തില്‍ ഇന്നലെയായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ വ്യാപക പെല്ലറ്റാക്രമണത്തില്‍ ജുനൈദ് അഹമ്മദ് എന്ന ബാലന് മാരകമായ പരിക്കേറ്റത്. പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ പ്രത്യാക്രമണത്തില്‍ പെട്ടുപോവുകയായിരുന്നു ജുനൈദ്.

ഈ ബാലന്‍ പ്രതിഷേധക്കാരില്‍ പെട്ടയാളായിരുന്നില്ലെന്നും തന്റെ വീടിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന ബാലന്റെ തലയിലും നെഞ്ചിലുമായി പെല്ലറ്റുകള്‍ തറയ്ക്കുകയായിരുന്നുവെന്നും പേരുവെളുപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ തന്നെ മാധ്യമങ്ങളോട് സമ്മതിക്കുന്നുണ്ട്. ഗുരുതരമായ പരിക്കേറ്റ ബാലന് മരണത്തിനു കീഴടങ്ങുകയായിരുന്നു.

ജുനൈദിന്റെ മരണവാര്‍ത്തയറിഞ്ഞതോടെ പ്രദേശത്തെ സംഘര്‍ഷാവസ്ഥ ഗുരുതരമായി. ബാലന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവരുന്നതിനിടയില്‍ നൂറുകണിനു പ്രതിഷേധക്കാര്‍ സൈന്യത്തിനെതിരേ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി.

ജുനൈദിന്റെ മൃതദേഹം സംസ്‌കാരിക്കാനായി കൊണ്ടുപോകുന്നതിനിടയില്‍ വീണ്ടും സംഘര്‍ഷം വളര്‍ന്നതോടെ സുരക്ഷാസേന കണ്ണീര്‍ വാതകവും പെല്ലറ്റ് ആക്രമണവും നടത്തി. സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷസേന ചടങ്ങുകള്‍ മുടക്കാന്‍ ശ്രമം നടത്തിയാതായും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഈ സമയത്തു നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തിലും പെല്ലറ്റാക്രമണത്തിലും നിരവധിപേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറയുന്നു.

ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനു പിന്നാലെ കശ്മീര്‍ താഴ് വരയില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 90 പേരാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം ആരംഭിച്ച് 92 ദിവസം പിന്നിടുന്ന ഇന്നുവരെ സ്‌കൂളുകള്‍, കോളേജുകള്‍, ബിനിസസ് സ്ഥാപനങ്ങളൊന്നും തന്നെ തുടര്‍ച്ചയായി തുറക്കുന്നതുപോലുമില്ല. മിക്കദിവസങ്ങളിലും ഇവിടെ കര്‍ഫ്യു പ്രഖ്യാപിക്കുകയാണ്.

This post was last modified on December 27, 2016 2:24 pm