X

ബീഫ് ഫെസ്റ്റ്: ഒസ്മാനിയ സര്‍വകലാശാലയില്‍ 16 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

കോടതി ഉത്തരവ് ലംഘിച്ച് ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ ഒരുങ്ങിയ 16 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഫ് ഫെസ്റ്റിവലിന് എതിരായി ഗോ സേവാ ദിവസ് ആചരിക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവ് രാജാ സിംഗിനേയും പൊലീസ് വീട്ട് തടങ്കലില്‍ ആക്കി.

സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് തടയിടാനാണ് ഇയാളെ തടവിലാക്കിയത്. ഇയാള്‍ ബീഫ് ഫെസ്റ്റിവലിന് എതിരായി റാലി നടത്താനും പദ്ധതയിട്ടിരുന്നു. ഇന്ന് സര്‍വകലാശാലയില്‍ പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുമെന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികളും പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തുടനീളം അസഹിഷ്ണുത ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥയില്‍ തെരഞ്ഞെടുക്കാനുള്ള എല്ലാവരുടേയും സ്വാതന്ത്ര്യം ഉറപ്പുവരുത്താനാണ് ഫെസ്റ്റിവല്‍ നടത്തുന്നതെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം ബീഫ് ഫെസ്റ്റിവലിന് പിന്തുണയുമായി രണ്ടു കിലോമീറ്റര്‍ ഓടുമെന്ന് പ്രഖ്യാപിച്ചിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞിരുന്നു.

സര്‍വകലാശാലയില്‍ കനത്ത പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച സര്‍വകലാശാലയിലെ അനവധി വിദ്യാര്‍ത്ഥികള്‍ ബീഫ് ബിരിയാണിയും കബാബുകളും പൊലീസ് നോക്കി നില്‍ക്കേ കഴിച്ചിരുന്നു. ഈ ഫെസ്റ്റിവലുകള്‍ നിയമവിരുദ്ധമാണെന്നും അനവധി മൃഗ അവകാശ നിയമങ്ങള്‍ ലംഘിക്കുന്നതാണ് എന്നും ചൂണ്ടിക്കാണിച്ച് കോടതി നിരോധിച്ചിരുന്നു.

2011, 2012, 2014 വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റിവലുകള്‍ നടത്തിയപ്പോള്‍ സംഘര്‍ഷം ഉണ്ടായിയെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.

This post was last modified on December 27, 2016 3:25 pm