X

വീടിനും സ്‌കൂളിനും മധ്യേ 50 ശതമാനം പെണ്‍കുട്ടികളും അപമാനിക്കപ്പെടുന്നു

അഴിമുഖം പ്രതിനിധി

സ്‌കൂളിലേക്കുള്ള വഴിയില്‍ 50 ശതമാനം പെണ്‍കുട്ടികളും ലൈംഗികമായി അപമാനിക്കപ്പെടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. അശ്ലീല നോട്ടം, നുള്ളല്‍, ശരീരഭാഗങ്ങളില്‍ തടവല്‍ എന്നിവയാണ് പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ അനുഭവിക്കുന്നത്. അതേസമയം 32 ശതമാനം കുട്ടികളേയും ആരെങ്കിലും പിന്തുടരുകയും ചെയ്യുന്നുണ്ട്.

ബ്രേക്ക് ത്രൂ എന്ന എന്‍ജിഒ ആറു സംസ്ഥാനങ്ങളിലെ 900 പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയിലാണ് പഠനം നടത്തിയത്. കര്‍ണാടക, യുപി, ജാര്‍ഖണ്ഡ്, ബീഹാര്‍, ഹരിയാന, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്.

ഇത്തരം അതിക്രമങ്ങള്‍ ദല്‍ഹിയില്‍ രാവിലെ 47 ശതമാനം പേരും വൈകിട്ട് 48 ശതമാനം പേരും അനുഭവിക്കുന്നുണ്ട്. ബസ് സ്റ്റോപ്പുകളില്‍ നില്‍ക്കുമ്പോഴാണ് 52 ശതമാനം പേര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടായത്. എന്നാല്‍ സ്‌കൂള്‍, കോളെജ് കെട്ടിടങ്ങളില്‍ വച്ച് 23 ശതമാനം പേര്‍ക്കും ഉണ്ടായി.

വിദ്യാര്‍ത്ഥിനികളുടെ സുരക്ഷിതമായ യാത്രയ്ക്കുവേണ്ടി ബ്രേക്ക്ത്രൂ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിനും വീടിനും ഇടയിലെ പെണ്‍കുട്ടികളുടെ സുരക്ഷിതവും അപമാനരഹിതവുമായ യാത്ര ഉറപ്പു വരുത്തുന്നതിനായി മെയ്ക്ക്ഇറ്റ്‌സേഫര്‍ എന്ന ഹാഷ് ടാഗ് പ്രചാരണവും ഈ സംഘടന ആരംഭിച്ചു.

പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ലൈംഗിക അത്രിക്രമങ്ങള്‍ക്ക് നിരവധി അനന്തര ഫലങ്ങളുണ്ട്. പഠനം നിര്‍ത്തുന്നതും നേരത്തെ വിഹാഹം കഴിക്കുന്നതും അമ്മയാകുന്നതും വരെ ഇതില്‍പ്പെടും.

This post was last modified on December 27, 2016 3:50 pm