X

ആന്‍ഡമാനില്‍ 800-ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ നേവിയുടെ നാല് കപ്പലുകള്‍

അഴിമുഖം പ്രതിനിധി

ആന്‍ഡമാന്‍ ദ്വീപില്‍ 800-ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്ന് ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപായ ഹാവെലോക്കില്‍ വിനോദസഞ്ചാരത്തിനായി എത്തിയവരാണ് കുടുങ്ങയത്. ഇവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ നാല് കപ്പലുകള്‍ തിരിച്ചിട്ടുണ്ട്. കുടുങ്ങിയവര്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളാണെന്നാണ് വിവരം. ഇന്ന് രാവിലെ ആന്‍ഡമാന്‍ അഡ്മിനിസ്‌ട്രേഷന്‍ നാവികസേനയെ വിവരം അറിയച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 3.15ന് കപ്പലുകള്‍ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് തിരിച്ചിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് പോര്‍ട്ട് ബ്ലെയറില്‍ നിന്ന് ഹാവെലോക്കിലേക്കുള്ള ബോട്ട് സര്‍വീസുകളും വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചതുകൊണ്ട്് ദ്വീപില്‍ വിനോദ സഞ്ചാരികള്‍ രണ്ടു ദിവസമായി കുടുങ്ങി കിടക്കുകയാണ്. നാവികസേനയുടെ ബിട്ര, ബംഗാരം, കുംഭീര്‍ എല്‍സിയു 38 എന്നീ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്പെട്ട് ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരികളില്‍ ചിലര്‍ തങ്ങളുടെ അവസ്ഥ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

This post was last modified on December 27, 2016 2:14 pm