X

ഇന്ത്യയിലെ 95 ശതമാനം ബീഫ് കച്ചവടക്കാരും ഹിന്ദുക്കള്‍: ജസ്റ്റിസ് സച്ചാര്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ ബീഫ് കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്നവരില്‍ മുസ്ലിംങ്ങളേക്കാള്‍ ഏറെ ഹിന്ദുക്കളാണ് മുന്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായ രജീന്ദര്‍ സച്ചാര്‍ മഥുരയില്‍ അഭിപ്രായപ്പെട്ടു. ബീഫ് കച്ചവടക്കാരില്‍ 95 ശതമാനത്തില്‍ അധികവും ഹിന്ദുക്കളാണെന്ന് സച്ചാര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിംങ്ങള്‍ക്ക് 2006-ല്‍ സംവരണ ക്വാട്ട ശുപാര്‍ശ ചെയ്ത കമ്മിറ്റിയുടെ തലവനും ആയിരുന്നു ജസ്റ്റിസ് സച്ചാര്‍. ഇസ്ലാമിക ഭീകരതയെ കുറിച്ച് നടക്കുന്ന ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ളത് കൂടാതെ കാനഡ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ലോകസുരക്ഷയേയും ഇസ്ലാമിക ഭീകരതയേയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഫറന്‍സിന് എത്തിയിരുന്നു.

എംപിമാരും എംഎല്‍എമാരും ബീഫ് കമ്പനികളുടെ ഉടമകളായുണ്ട് എന്ന് സര്‍ദാന എംഎല്‍എയായ സംഗീത് സോമിന്റെ പേരില്‍ അടുത്ത കാലത്ത് ഉയര്‍ന്ന വിവാദത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് സച്ചാര്‍ പറഞ്ഞു. എന്നിട്ടും വലതുപക്ഷ സംഘടനകള്‍ എന്തുകൊണ്ട് സാധാരണക്കാരെ മാത്രം ലക്ഷ്യമിടുന്നുവെന്ന് സച്ചാര്‍ ചോദിച്ചു. സച്ചാറിന്റെ പ്രസ്താവന സമ്മേളന ഹാളില്‍ പ്രതിഷേധത്തിന് കാരണമായി. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിനിധികള്‍ ഹാള്‍ വിട്ടു പോയി. ചില പ്രതിനിധികള്‍ ഹാളിലെ ലൈറ്റും ഫാനുകളും ഓഫ് ചെയ്യുകയും സച്ചാര്‍ പ്രസംഗം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

This post was last modified on December 27, 2016 3:26 pm