ജെല്ലിക്കെട്ട് നിരോധിച്ച നടപടിക്കെതിരെ തമിഴ്‌നാട് ജനത നടത്തുന്ന സമരത്തില്‍ അനുഭാവം പ്രകടിപ്പിച്ച് ഒരു ദിവസത്തെ നിരാഹാര സമരം അനുഷ്ഠിക്കുമെന്ന് ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. തന്റെ ട്വിറ്ററിലൂടെയാണ് നാളെ നടികര്‍ സംഘം നടത്തുന്ന നിരാഹാര സമരത്തില്‍ താനും പങ്കാളിയാകുന്ന കാര്യം റഹ്മാന്‍ അറിയിച്ചത്.
അതേസമയം മദ്രാസിലെ മൊസാര്‍ട്ട് എന്നറിയപ്പെടുന്ന റഹ്മാന്‍ തന്റെ നിരാഹാര സമരത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ചെസ് ബോര്‍ഡിലെ ഇന്ത്യന്‍ ഇതിഹാസം വിശ്വനാഥ് ആനന്ദും കോടതി വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘എന്റെ നാട് സമാധാനത്തോടെയും ഐക്യത്തോടെയും ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഒരു തമിഴനായതില്‍ ഞാന്‍ അഭിമാനിക്കുന്നു’വെന്നും ‘ജെല്ലിക്കെട്ട് ഒരു സാംസ്‌കാരിക ചിഹ്നമാണ്. അതിനെ ബഹുമാനിക്കണം. മൃഗങ്ങളുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്നുണ്ടെങ്കിലും ഇവിടെ പ്രശ്‌നം പരമ്പരാഗത വിശ്വാസങ്ങളും ജീവിതമാര്‍ഗ്ഗവുമാണ്’ എന്നും രണ്ട് ട്വീറ്റുകളിലായി അദ്ദേഹം അറിയിച്ചു.
നാളെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ് സിനിമ താരങ്ങള്‍ ഏകദിന നിരാഹാരം അനുഷ്ഠിക്കുകയാണ്. നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് സമരം. കമല്‍ ഹാസന്‍, രജനികാന്ത്, വിജയ്, സൂര്യ തുടങ്ങിയ പ്രമുഖരും സമരത്തില്‍ പങ്കെടുക്കും. ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ് പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടികര്‍ സംഗം സെക്രട്ടറി വിശാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
This post was last modified on January 19, 2017 7:15 pm
Leave a Comment