X
    Categories: demon-etisation

ആധാര്‍ കാര്‍ഡുകള്‍ ഡെബിറ്റ് കാര്‍ഡുകളായി ഉപയോഗിക്കാന്‍ അവസരമൊരുങ്ങും

അഴിമുഖം പ്രതിനിധി

പണരഹിത സമൂഹം കെട്ടിപ്പടുക്കുന്നതിന് അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇനിമുതല്‍ ആധാര്‍ കാര്‍ഡുകള്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളായി ഉപയോഗിക്കാനുള്ള സംവിധാനം ഉടന്‍ വരും. ആധാരിന്റെ ഐഡി നമ്പര്‍ രേഖപ്പെടുത്തിയ ശേഷം വിരലടയാളം പതിപ്പിച്ചാല്‍ ഇലക്ട്രോണിക് ഇടപാടുകള്‍ സാധ്യമാക്കുന്ന വിധത്തിലാവും സംവിധാനം നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി ആധാറിന്റെ ബയോമെട്രിക് ഓഥന്റിക്കേഷന്‍ ശേഷി ഇപ്പോഴുള്ള പ്രതിദിനം പത്തുകോടി എന്നത് 40 കോടിയായി വര്‍ദ്ധിപ്പിക്കുമെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആധാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും അങ്ങേയറ്റം സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടപാടുകള്‍ക്കായുള്ള ആപ്പ് 15 ദിവസത്തിനുള്ളില്‍ ലഭ്യമാകും. ഫോണിന് പുറത്തോ അല്ലെങ്കില്‍ ഉള്ളില്‍ ഘടിപ്പിച്ചതോ ആയ ആന്റിനയുള്ള സെല്‍ഫോണുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോണുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കാനാവുമോ എന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി. പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനും പണം ഇടപാടുകള്‍ നിരുത്സാഹപ്പെടുത്താനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അജയ് ഭൂഷണ്‍ വ്യക്തമാക്കി.

രാജ്യത്തെമ്പാടുമുള്ള രണ്ട് ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകളില്‍ പേര് ചേര്‍ത്തിട്ടുള്ള വ്യാപാരികള്‍ക്ക് ദിവസം നൂറു രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കുന്നുണ്ടെന്ന് ഐടി സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ഡിജിറ്റല്‍ പണമടവ് സംവിധാനങ്ങളെ കുറിച്ച് പരിശോധിക്കാനും നടപ്പിലാക്കാനുമുള്ള മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയുടെ യോഗം വ്യാഴാഴ്ച നടന്നിരുന്നു. നീതി ആയോഗ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം സംഘടിപ്പിച്ചത്. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ഒഡിഷ, സിക്കിം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നീതി ആയോഗ് സിഇഒയും വൈസ് ചെയര്‍മാനും അടങ്ങിയതാണ് 13 അംഗ കമ്മിറ്റി.

This post was last modified on December 27, 2016 4:47 pm