X

ആം ആദ്മി സര്‍ക്കാര്‍ വാക്കു പാലിച്ചു; ഡല്‍ഹിയില്‍ വൈദ്യുതി ചാര്‍ജ് 50 ശതമാനം കുറച്ചു

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് പകുതിയാക്കി കുറച്ചുകൊണ്ട് എ.എ.പി സര്‍ക്കാര്‍ ഉത്തരവിട്ടു. ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പ്രധാനമായി പറഞ്ഞിരുന്ന കാര്യമായിരുന്നുവൈദ്യുതി ചാര്‍ജ് കുറയ്ക്കുമെന്നത്. പ്രതിമാസം 400 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്കാണ് വൈദ്യുതി നിരക്കില്‍ 50 ശതമാനം കുറവ് ലഭിക്കുക. കഴിഞ്ഞതവണ അധികാരത്തില്‍ വന്നപ്പോഴും എഎപി. സര്‍ക്കാര്‍ 400 യൂണിറ്റുവരെയുള്ള ഉപയോഗത്തിനുള്ള ചാര്‍ജ് പകുതിയാക്കി കുറച്ചിരുന്നു. കൂടാതെ ഓരോ കുടുംബത്തിനും എല്ലാ മാസവും 20,000 ലിറ്റര്‍ ശുദ്ധജലം സൗജന്യമായി ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

വൈദ്യുതി ചാര്‍ജ് പകുതിയാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധന, ഊര്‍ജ വകുപ്പുകളോട് കെജരിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യുതിവിതരണ കമ്പനികള്‍ കണക്കുകള്‍ പെരുപ്പിച്ചു കാട്ടി കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നതിനെതിരെയാണ് ആം ആദ്മി ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ഡല്‍ഹിക്ക് ആവശ്യമായ 5000 മെഗാവാട്ട് വൈദ്യുതിക്ക് മറ്റു സംസ്ഥാനങ്ങളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. സൗരോര്‍ജം ഉള്‍പ്പെടെയുള്ള പുനഃസൃഷ്ടിക്കാവുന്ന ഊര്‍ജ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാനും അതിന്റെ വിതരണത്തിനുമുള്ള വിപുലമായ പദ്ധതികളുമാണ് ആം ആദ്മിയുടെ അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

This post was last modified on December 27, 2016 2:47 pm