അഴിമുഖം പ്രതിനിധി
നിഹാല്‍ ബിറ്റ്ലയ്ക്ക് ഇത്തവണത്തെ ക്രിസ്തുമസ് ഏറെ സന്തോഷം പകരുന്നതായിരിക്കും. സാക്ഷാല്‍ ആമിര്‍ ഖാനാണ് സമ്മാനങ്ങളുമായി നിഹാലിനെ തേടിയെത്തിയത്.
നിഹാല്‍ ബിറ്റ്ലയുടെ പ്രിയപ്പെട്ട താരമാണ് ആമിര്‍. ആമിര്‍ ഒരുക്കിയ താരെ സമീന്‍ പര് കണ്ടതില്‍ പിന്നെ എങ്ങനെയെങ്കിലും താരത്തെ നേരില്‍ കാണണം എന്നായിരുന്നു നിഹാലിന്റെ ആഗ്രഹം. കാരണം നിഹാലിന്റെ ജീവിതത്തില്‍ ഏറെ പ്രചോദനം നല്‍കിയൊരു സിനിമയായിരുന്നു ആമിര്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത താരേ സമീന്‍ പര്.
ആപൂര്‍വങ്ങളില്‍ അപൂര്‍വമായി വരുന്ന ജനതിക രോഗമായ പ്രോജേറിയ ബാധിച്ച പതിനാലുകാരനാണ് നിഹാല്‍ ബിറ്റ്ല എന്ന മുംബൈ ബാലന്. തന്റെ ജീവിതത്തെ കുറിച്ചും ആമിര്‍ ഖാനെക്കുറിച്ചും താരെ സമീന്‍ പര് എന്ന ചലച്ചിത്രത്തെക്കുറിച്ചുമെല്ലാം എഴുതിയൊരു കുറിപ്പ് ഫോട്ടോ സഹിതം നിഹാല്‍ ഹ്യൂമന്‍ ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെയൊന്നു ചെയ്യുമ്പോള്‍ തന്റെ സ്വപ്നം വളരെ പെട്ടെന്നു യാഥാര്‍ത്ഥ്യമാകുമെന്നു നിഹാല്‍ വിചാരിച്ചുമില്ല. എന്നാല്‍ കൊച്ചു നിഹാലിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമീര്‍ ഖാന് എത്തി.
ക്രിസ്തുമസ് കാലമായതിനാല്‍ നിഹാലിന് നല്കാന് ചില സമ്മാനങ്ങളും അദ്ദേഹം കരുതിയിരുന്നു. ഗെയിം ബോര്‍ഡും പിന്നെ താരെ സമീന്‍ പര്, ധൂം-3 അടക്കം താന്‍ അഭിനയിച്ച സിനിമകളുടെ ഡിവിഡികളും. പ്രിയപ്പെട്ട നിഹാല്‍, ഇതൊരു സ്നേഹപൂര്‍ണമായ കൂട്ടിക്കാഴ്ച്ചയായിരുന്നു. നിനക്ക് എന്നും സന്തോഷം ഞാന്‍ ആശംസിക്കുന്നു, നിന്റെ മുഖത്തെ ഈ പുഞ്ചിരി മായാതിരിക്കട്ടെ; നിഹാലിന് സമ്മാനിച്ച ഡിവിഡി കവറില്‍ ആമിര്‍ സ്നേഹം പൂര്‍വം ഇപ്രകാരം കുറിച്ചു.
ആമിറിന്റെ പക്കല്‍ നിന്നും സമ്മാനം സ്വീകരിച്ച നിഹാല്‍ പകരം മറ്റൊരു സമ്മാനം താരത്തിനും നല്കി, താന്‍ വരച്ചൊരു ഗണപതിയുടെ ചിത്രം.
പിരിയുന്നതിനു മുമ്പ് ഇരുവരും ചേര്‍ന്ന് മനോഹരങ്ങളായ ഏതാനും സെല്‍ഫികളും പകര്‍ത്തിയിരുന്നു.
This post was last modified on December 27, 2016 3:32 pm