X

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: ആപ് മുന്നിലെന്ന് അഭിപ്രായ സര്‍വെ

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി ബിജെപിയെക്കാള്‍ മുന്നിലെത്തിയതായി ഏറ്റവും പുതിയ അഭിപ്രായ സര്‍വെകള്‍ ചൂണ്ടിക്കാട്ടുന്നു. മസ്ലീങ്ങള്‍ക്കും മറ്റ് പിന്നോക്കക്കാര്‍ക്കിടയിലും താഴ്ന്ന വരുമാനമുള്ളവര്‍ക്കിടയിലും അരവിന്ദ് കെജ്രരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ മുന്‍തൂക്കം ഉള്ളതായി എബിപി ന്യൂസ്-നീല്‍സണ്‍ നടത്തിയ പുതിയ അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നു.

ജനുവരി 24-25 തീയതികളില്‍ നടത്തിയ സര്‍വെയില്‍ 70 നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 2,262 പേരാണ് പങ്കെടുത്തത്. നേരത്തെ നടന്ന അഭിപ്രായ സര്‍വെകളെക്കാള്‍ എഎപിയ്ക്ക് അനുകൂലമായുള്ള പൊതുജന പിന്തുണ നാല് ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പുതിയ സര്‍വെ വെളിപ്പെടുത്തുന്നത്.

ജനുവരി രണ്ടാം വാരം നടത്തിയ സര്‍വെയില്‍ 46 ശതമാനം പേര്‍ ഉറപ്പായും എഎപിയ്ക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിരുന്നെങ്കില്‍ പുതിയ സര്‍വെയില്‍ അത് 50 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ പിന്തുണയില്‍ നാല് ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ 45 ശതമാനം പിന്തുണ ഉണ്ടായിരുന്ന അവര്‍ക്ക് ഇപ്പോള്‍ 41 ശതമാനം മാത്രമാണ് ജനപിന്തുണ ഉള്ളത്. കോണ്‍ഗ്രസിന്റെ പിന്തുണ ഒമ്പത് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി കുറഞ്ഞിട്ടുണ്ട്. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ള പ്രചാരണതന്ത്രം ബിജെപിക്ക് തിരിച്ചടിയാവുന്നു എന്നാണ് വിദഗ്ധര്‍ വിലിയരുത്തുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൈയില്‍ നിന്നും പണം വാങ്ങിയാലും വോട്ട് എഎപിയ്ക്ക് ചെയ്യണമെന്ന പ്രസ്താവന അദ്ദേഹം ആവര്‍ത്തിച്ചു.

This post was last modified on December 27, 2016 2:42 pm