X

കെജ്രിവാളിനോട് വീണ്ടും ബി ജെ പിയുടെ 5 ചോദ്യങ്ങള്‍

അഴിമുഖം പ്രതിനിധി

ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ അഭിപ്രായ സര്‍വെകളില്‍ പിന്നോക്കം പോയ ബിജെപി, ജനപിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസാന തന്ത്രങ്ങള്‍ പയറ്റിത്തുടങ്ങി. എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ ബിജെപി പയറ്റുന്നത്. വ്യാഴാഴ്ച അഞ്ച് ചോദ്യങ്ങളുമായി കെജ്രിവാളിനെ നേരിട്ട ബിജെപി ഇന്ന് പുതിയ അഞ്ച് ചോദ്യങ്ങള്‍ കൂടി കെജ്രിവാളിനോട് ചോദിച്ചിട്ടുണ്ട്.

എന്നാല്‍ പുതിയ ചോദ്യങ്ങളില്‍ ചിലത് നേരത്തെ ഉന്നയിച്ചതാണെന്നും അതിന് ഉത്തരം കിട്ടാത്തതിനാലാണ് വീണ്ടും ഉന്നയിക്കുന്നതെന്നും ബിജെപി നേതാവും കേന്ദ്ര വാണീജ്യ മന്ത്രിയുമായ നിര്‍മല സീതാരാമന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.

1) ഡല്‍ഹിയില്‍ വിദേശികള്‍ എഎപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ? എന്താണ് വിദേശ വോളണ്ടിയര്‍മാര്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതിന്റെ കാരണം?

2) എഎപി സ്ത്രീ വിരുദ്ധ കക്ഷിയാണ്. എല്ലാ സ്ത്രീ പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നു എന്ന് മാത്രമല്ല, എഎപികാര്‍ ബിജെപിയുടെ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുകയും ചെയ്തു. ഒരു വനിത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ (കിരണ്‍ ബേദി) നേരിടേണ്ട രീതി ഇതാണോ? എന്തുകൊണ്ടാണ് സ്ത്രീകള്‍ എഎപി വിടുന്നത്?

3) 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലെ വരവ് ചിലവ് കണക്കുകള്‍ എഎപി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടില്ല. എന്തുകൊണ്ടാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇതുവരെ സമര്‍പ്പിക്കാത്തത്?

4) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുകള്‍ എഎപി ലംഘിക്കുന്നു. അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബഹുമാനിക്കുന്നില്ല. ഭരണഘടന സ്ഥാപനങ്ങള്‍ അധിക്ഷേപിക്കുന്നത് എന്തുകൊണ്ടാണ്?

5) ലോകായുക്തയെ ശക്തിപ്പെടുത്തുകയല്ല എഎപിയുടെ ഉദ്ദേശം. അവരുടെ 49 ദിവസത്തെ ഭരണത്തിന് ശേഷം എത്ര തവണ അവര്‍ ഈ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്? എഎപി എന്തുകൊണ്ടാണ് ലോകായുക്തയെതഴയുന്നത്?

എന്നാല്‍ അഞ്ചിന് പകരം അമ്പത് ചോദ്യങ്ങളുടെ പേരില്‍ സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ എഎപി ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. ഇന്നലെ ബിജെപി അഞ്ച് ചോദ്യങ്ങള്‍ കെജ്രിവാളിനോട് ചോദിച്ചിരുന്നു. ഫെബ്രുവരി അഞ്ചുവരെയുള്ള എല്ലാ ദിവസവും അഞ്ച് ചോദ്യങ്ങള്‍ വച്ച് ചോദിക്കുമെന്ന് ബിജെപി അറിയിച്ചു. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

This post was last modified on December 27, 2016 2:42 pm