X

എഎപിയില്‍ ഭിന്നത; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് യോഗേന്ദ്രയാദവ്

അഴിമുഖം പ്രതിനിധി

ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു.  ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാര്‍ട്ടിക്കുള്ളിൽ ഉടലെടുത്തിരുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.  ഇതിന്റെ ഭാഗമായി യോഗേന്ദ്രയാദവും പ്രശാന്ത്ഭൂഷണും അടക്കമുള്ള നേതാക്കള്‍ എഎപിയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മറ്റിയില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവില്‍ എഎപി കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ കെജരിവാള്‍ സന്നദ്ധത പ്രകടിപ്പിച്ചതായും സൂചനയുണ്ട്.

അതിനിടെ പാർട്ടിയുടെ മുതിർന്ന നേതാവ് യോഗേന്ദ്രയാദവിനെതിരെ  മറ്റൊരു നേതാവ് ദിലീപ് പാണ്ടെ എഎപി അച്ചടക്കസമിതിക്ക് നൽകിയ കത്തും പുറത്ത് വന്നിട്ടുണ്ട്.

എന്നാൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന  തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും വ്യക്തമാക്കി. യോഗേന്ദ്ര യാദവ് ഫെയ്‌സ് ബുക്ക് വഴിയാണ് ആരോപണങ്ങളെ തള്ളിയത്. റിപ്പോര്‍ട്ടുകള്‍ തന്നെ ഒരുപോലെ സങ്കടപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ പുതുതായി ഉണ്ടാക്കിയതും ഗൂഡാലോചനയുടെ ഫലവുമാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ തങ്ങള്‍ക്ക് വലിയ വിജയമാണ് തന്നത്. അതുകൊണ്ട് തന്നെ വലിയ കാര്യങ്ങൾ ചെയ്ത് തീര്‍ക്കാനുമുണ്ട്. രാജ്യം പാര്‍ട്ടിയില്‍ വലിയ പ്രത്യാശ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

 

This post was last modified on December 27, 2016 2:52 pm