X

ഓം പുരി അന്തരിച്ചു

പത്മശ്രീ പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ നേടി.

പ്രമുഖ നടന്‍ ഓം പുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പത്മശ്രീ പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ നേടി. നാടക വേദിയില്‍ നിന്ന് സിനിമയിലെത്തിയ ഓം പുരി ശ്യാം ബെനഗലിന്‌റേയും ഗോവിന്ദ് നിഹലാനിയുടേയും ഹിന്ദി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ ഭാഷകളിലായി 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. പുരാവൃത്തം, സംവത്സരങ്ങള്‍, ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1950 ഒക്ടോബര്‍ 18ന് ഹരിയാനയിലെ അംബാലയില്‍ പഞ്ചാബി കുടുംബത്തിലാണ് ജനനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ന്യൂഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചു. മറാത്തി ചിത്രമായ ഖാഷിറാം കോട്വാള്‍ (1976) ആണ് ആദ്യ ചിത്രം. ആരോഹണ്‍ (1981), അര്‍ദ്ധസത്യ (1983) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി (1983) അടക്കം നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു. പാകിസ്ഥാനി ചിത്രമായ ആക്ടര്‍ ഇന്‍ ലോയിലും ഓംപുരി അഭിനയിച്ചു. ആക്രോശ്, ദ്രോഹ്കാല്‍, പാര്‍ട്ടി, മിര്‍ച്ച് മസാല, തമസ്, പാര്‍, ജാനേ ഭി ദോ യാരോ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍. നന്ദിത സി പുരിയുമായുള്ള വിവാഹബന്ധം 2013ല്‍ വേര്‍പെടുത്തിയിരുന്നു. ഇഷാന്‍ പുരി ഏക മകനാണ്.

This post was last modified on January 6, 2017 11:23 am