X

കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ ആത്മഹത്യ ഭീഷണി മുഴക്കി ആദിവാസി യുവാക്കളുടെ സമരം

അഴിമുഖം പ്രതിനിധി

കാസര്‍ഗോഡ്‌ പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാല ഹോസ്റ്റലിന് മുകളില്‍ കയറി ആദിവാസി യുവാക്കളുടെ ആത്മഹത്യ ഭീഷണി. സര്‍വ്വകലാശാലയ്ക്ക് വേണ്ടി സ്ഥലം ഏററ്റെടുത്തപ്പോള്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പലതും  ഇതുവരെയും നടപ്പിലാക്കിയില്ല എന്ന് ചൂണ്ടികാട്ടിയാണ് യുവാക്കള്‍ ഹോസ്റ്റലിന് മുകളില്‍ ആത്മഹത്യ ഭീഷണിയുമായി നിലയുറപ്പിച്ചത്.

വീട് നിര്‍മ്മിച്ച്‌ തരാം, കുടുംബത്തിലെ യുവാക്കള്‍ക്ക് ജോലി തരാം എന്നൊക്കെ പറഞ്ഞു പറ്റിച്ചാണ് ഞങ്ങളുടെ സ്ഥലം സര്‍വ്വകലാശാലയ്ക്ക് വേണ്ടി എഴുതി വാങ്ങിയത്. പക്ഷെ അതൊന്നും കൃത്യമായി നടപ്പിലാക്കിയില്ല. വീടുകള്‍ക്കായുള്ള പണി ഇപ്പോഴും നടക്കുന്നതെയുള്ളു. ആര്‍ക്കും ജോലി കൊടുത്തില്ല. അന്വേഷിച്ചു അന്വേഷിച്ചു മടുത്തപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്”.
സമര നേതാവ് സുധീഷ്‌ അഴിമുഖത്തിനോട് പറഞ്ഞു.

2012ലാണ് സര്‍വ്വകലാശാലയില്‍  ജോലിയും പുതിയ വീടും നല്‍കാം എന്ന ഉറപ്പിന്മേല്‍ മാവില ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനെട്ടു കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത്. എന്നാല്‍ സര്‍വ്വകലാശാലയില്‍ നിരവധി ഒഴിവുകള്‍ വന്നിട്ടും ഇതുവരെയും മൂന്നു പേരെ മാത്രമാണ് ജോലിക്ക് എടുത്തത്. അതും ഇതുവരെയും സ്ഥിരപ്പെടുത്തിയിട്ടില്ല.  വന്ന ഒഴിവുകളില്‍ എല്ലാം പുറത്ത് നിന്ന് ആളെ എടുത്തു എന്നും രാഷ്ട്രീയക്കാരുടെ ആവശ്യം അനുസരിച്ച് ആളുകളെ എടുത്തു എന്നും അതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സമരം നടത്തുന്നത് എന്നും സുധീഷ്‌ പറയുന്നു.

പതിനെട്ട് കുടുംബങ്ങളില്‍ പതിനാറ് കുടുംബങ്ങളിലെ അംഗങ്ങളാണ് ഇപ്പോള്‍ സമരം നടത്തിയത്.

സര്‍വ്വകലാശാല വിസിയുമായി ഈ മാസം പതിനാലാം തീയതി ചര്‍ച്ച നടത്താം എന്നും വേണ്ട നടപടികള്‍ സ്വീകരിക്കാം എന്നുള്ള അധികൃതരുടെ ഉറപ്പിന്‍മേല്‍ തല്‍ക്കാലത്തേക്ക് സമരം അവസാനിപ്പിച്ചിരിക്കുകയാണ്. പതിനാലാം തീയത്തിയിലെ ചര്‍ച്ച പരാജയമായി വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് സമരക്കാര്‍ പറഞ്ഞു.

This post was last modified on December 27, 2016 2:24 pm