X

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാന്റെ പേരുപോലും ഇതുവരെ കേട്ടിട്ടില്ല; അടൂര്‍ ഗോപാലകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ മുന്‍ ചെയര്‍മാന്‍ കൂടിയായ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ കഴമ്പുണ്ടെന്നു പറഞ്ഞ അടൂര്‍ നിയുക്ത ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാനെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നും പറഞ്ഞു. ഗജേന്ദ്ര ചൗഹാന്റെ പേരുപോലും കേട്ടിട്ടില്ല. ഏതെങ്കിലുമൊക്കെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്പോലൊരു സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആയിരിക്കാനുള്ള യോഗ്യതയാകില്ല. ശത്രുഘ്‌നന്‍ സിന്‍ഹയെ പരിഗണിച്ചിരുന്നെങ്കില്‍ പോലും അംഗീകരിക്കാമായിരുന്നു. ഇത്തരമൊരു പദവിയില്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതുകൊണ്ട് സിനിമയ്‌ക്കോ അദ്ദേഹത്തിന് വ്യക്തിപരമായോ യാതൊരു ഗുണവും ചെയ്യില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബിജെപിയുടെ വര്‍ഗീയ അജണ്ട ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടപ്പാക്കാനാണ് യാതൊരുവിധ യോഗ്യതകളും ഇല്ലാതെ മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ യുധിഷ്ഠരന്റെ വേഷം ചെയ്യ്തിട്ടുണ്ടെന്ന പരിഗണനമാത്രം വച്ച് ഗജേന്ദ്ര ചൗഹനെപോലൊരു ബിഗ്രേഡ് മൂവി ആര്‍ട്ടിസ്റ്റിനെ എഫ്ടി ഐ ഐയുടെ ചെയര്‍മാന്‍ ആക്കിയതെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ വന്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. അതേസമയം ആരോപണങ്ങള്‍ കേട്ട് താന്‍ സ്ഥാനം രാജിവയ്ക്കില്ലെന്നും തനിക്ക് പ്രവര്‍ത്തിക്കാന്‍ സമയം അനുവദിക്കണമെന്നും ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു.

This post was last modified on December 27, 2016 3:09 pm