X

‘അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ’ പാകിസ്താനില്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

തിളങ്ങുന്ന പച്ചക്കണ്ണുകളോടും ചോദ്യഭാവത്തിലുള്ള നോട്ടംകൊണ്ട് നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്റെ കവര്‍ചിത്രമായി പ്രശസ്തി നേടിയ അഫ്ഗാന്‍ യുവതി ഷര്‍ബാത് ബിബി പാകിസ്ഥാനില്‍ അറസിറ്റിലായി. വ്യാജ രേഖ ചമച്ചതായി ആരോപിച്ചാണ് ഷര്‍ബാത് ബിബിയെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇവരെ പെഷവാറിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതിനാണ് അറസ്റ്റ്. ഒരേ സമയം പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും തിരിച്ചറിയല്‍ കാര്‍ഡ് ഷര്‍ബാത് ബിബി കൈവശം വച്ചിരുന്നു. ഇവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. ഡോണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുറ്റം തെളിഞ്ഞാല്‍ ഏഴ് മുതല്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. 

1984ല്‍ സ്റ്റീവ് മക്കറി എടുത്ത ഷര്‍ബാതിന്റെ ഫോട്ടോയാണ് ലോക ശ്രദ്ധ നേടിയത്. പാകിസ്ഥാനിലെ പെഷവാറിലുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നാണ് അന്ന് 12 വയസുണ്ടായിരുന്ന ഷര്‍ബാതിന്റെ ചിത്രം പകര്‍ത്തിയത്. അഫ്ഗാന്‍ ഗേള്‍ എന്ന പേരില്‍ 1985ലെ നാഷണല്‍ ജ്യോഗ്രഫിക് പതിപ്പില്‍ തിളങ്ങുന്ന കണ്ണുകളുള്ള പെണ്‍കുട്ടിയുടെ ചിത്രം ആഗോള പ്രശസ്തി നേടി. നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്റെ ഏറ്റവും ശ്രദ്ധേയമായ കവര്‍ ചിത്രങ്ങളിലൊന്നായി അഫ്ഗാന്‍ ഗേള്‍ മാറിയിരുന്നു.

പിന്നീട് 2002ല്‍ ബിബിയെ കുറിച്ച് നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ ഡോക്യുമെന്ററിയും ചെയ്തിരുന്നു. അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ എന്നാണ് നാഷണല്‍ ജ്യോഗ്രഫിക് ഇവരെ ബിബിയെ വിശേഷിപ്പിച്ചത്. അതുവരെ ഇവരെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. പാകിസ്ഥാന്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക്്. 30 ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ പാകിസ്ഥാനിലുണ്ടെന്നാണ് ഗവണ്‍മെന്റ് കണക്ക്. രജിസ്റ്റര്‍ ചെയ്യാത്തവരും മതിയായ രേഖകളില്ലാത്തവരുമായ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യം വിടാന്‍ 2017 മാര്‍ച്ച് വരെയാണ് സമയം നല്‍കിയിരിക്കുന്നത്.

This post was last modified on December 27, 2016 2:20 pm