X

കെ ബാബുവിന്റെ ഇളയമകളുടെ ബാങ്ക് ലോക്കറില്‍ നിന്ന് നൂറിലേറെ പവന്‍ സ്വര്‍ണ്ണം കണ്ടെത്തി

അഴിമുഖം പ്രതിനിധി 

മുന്‍ മന്ത്രി കെ ബാബുവിന്‍റെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് പരിശോധന തുടരുന്നു. ഇന്ന് ബാബുവിന്റെ ഇളയ മകളുടെ പേരിലുള്ള മറ്റൊരു ലോക്കറില്‍ നിന്ന് നൂറിലേറെ പവന്‍ സ്വര്‍ണം കണ്ടെടുത്തു.  തമ്മനം യൂണിയന്‍ ബാങ്കിലെ ലോക്കറില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. നേരത്തെ ഇവരുടെ വെണ്ണലയിലെ പിഎന്‍ബി ലോക്കറില്‍ നിന്നും 120 പവന്‍ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് കുടുംബ സ്വത്തിന്റെ ഭാഗമായുള്ള സ്വര്‍ണമാണെന്ന് ബാബുവിന്റെ മരുമകന്‍ അവകാശപ്പെട്ടു. വിജിലന്‍സ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച്ച ബാബുവിന്റെയും രണ്ട് മക്കളുടെയും ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടെയും വീടുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മകളുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിക്കുന്നത്. അന്ന് നടത്തിയ പരിശോധനയില്‍ ബാബുവിന്റെ വീട്ടില്‍ നിന്നും 180 ഗ്രാം സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ഭൂമി ഇടപാടുകളുടെ രേഖകളും കണ്ടെടുത്തിരുന്നു. 

തൃപ്പൂണിത്തുറയിലെ സ്റ്റേറ്റ് ബാങ്കില്‍ ബാബുവിന്റെ പേരിലുള്ള ലോക്കറും ഇന്ന് വിജിലന്‍സ് പരിശോധിച്ചേക്കും. ഇനിയും മൂന്ന് ലോക്കറുകള്‍ കൂടി പരിശോധിക്കാനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിട്ടുണ്ട്. 

This post was last modified on December 27, 2016 2:29 pm