X
    Categories: കേരളം

തട്ടില്‍ എസ്റ്റേറ്റ്‌ അഴിമതി; കാര്‍ഷിക സര്‍വകലാശാല അധികൃതരില്‍ നിന്ന് തുക തിരിച്ചുപിടിക്കാന്‍ വിജിലന്‍സ് കോടതി ശുപാര്‍ശ

അഴിമുഖം പ്രതിനിധി

കേരള കാര്‍ഷിക സര്‍വകലാശാല 1971 ല്‍ ഏറ്റെടുത്ത ചരിത്രപ്രസിദ്ധമായ തട്ടില്‍ എസ്‌റേറ്റ് ക്രമക്കേടുകളെയും അഴിമതികളെക്കുറിച്ചും അന്വേഷണം നടത്തിയ തൃശൂര്‍ വിജിലന്‍സ് കോടതി കുറ്റക്കാരായ കാര്‍ഷിക സര്‍വകലാശാല അധികൃതരില്‍ നിന്നും ഒരു കോടി മുപ്പത്തേഴു ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്തു. കേസില്‍ ഒന്നാം പ്രതി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രാജേന്ദ്രനും രണ്ടാം പ്രതി ഇപ്പോഴത്തെ എസ്‌റേറ്റ് മേധാവി ഡോ. കെ. അരവിന്ദാക്ഷനും മൂന്നാം പ്രതി സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. മാത്യുവുമാണ്. 

2000-2001, 2008-2009, 2012-2013 സാമ്പത്തിക വര്‍ഷങ്ങളില്‍ അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഒരു കോടി മുപ്പത്തേഴു ലക്ഷം രൂപ സര്‍വകലാശാലക്ക് നഷ്ടമുണ്ടായതായി എ.ജി. ആഡിറ്റ് കണ്ടെത്തിയിരുന്നു. പതിനഞ്ചു വര്‍ഷമായിട്ടും ഈ തുക തിരിച്ചുപിടിക്കാന്‍ യാതൊരു നടപടിയും സര്‍വകലാശാല സ്വീകരിച്ചിരുന്നില്ല. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തുക തിരിച്ചുപിടിക്കണമെന്ന വിജിലന്‍സ് കോടതിയുടെ ശുപാര്‍ശ ഉണ്ടായത്. കേസിലെ രണ്ടാം പ്രതിയും ഇപ്പോഴത്തെ എസ്‌റേറ്റ് മേധാവിയുമായ ഡോ. കെ. അരവിന്ദാക്ഷനാണ് ഈ കാലയളവില്‍ അധികവും എസ്‌റേറ്റ് ഭരണം നടത്തിയിരുന്നത്. 

സര്‍വകലാശാല എസ്‌റേറ്റില്‍ എത്ര റബ്ബര്‍ മരങ്ങളുണ്ടെന്ന് അധികൃതര്‍ക്കറിയില്ല. 2004 മുതല്‍ റബ്ബര്‍ മരങ്ങളുടെ കണക്കുപുസ്തകം സൂക്ഷിച്ചിട്ടില്ല. സര്‍വകലാശാല ഔദ്യോഗികമായി പുറപ്പെടുവിച്ച പൗരാവകാശ രേഖയില്‍ 12250 മരങ്ങളാണ് ഉള്ളത്. അതേസമയം വിജിലന്‍സില്‍ കൊടുത്ത കണക്കില്‍ 15882 മരങ്ങളുണ്ട്. ഇവയില്‍ 6000 മരങ്ങളില്‍ നിന്ന് മാത്രമേ പാലെടുക്കുന്നുള്ളൂ. ഈ വസ്തുത കണക്കിലെടുത്താണ് എ.ജി. ആഡിറ്റ് ഒരു കോടി മുപ്പത്തേഴു ലക്ഷം രൂപ സര്‍വകലാശാലക്ക് നഷ്ടമുണ്ടായതായി കണ്ടെത്തിയത്. എ.ജി.ആഡിറ്റ് ശരിവച്ചുകൊണ്ടാണ് വിജിലന്‍സ് അധികൃതരില്‍ നിന്ന് നഷ്ടം വന്ന തുക തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ആയത്.

ചരിത്ര പ്രസിദ്ധമായ തട്ടില്‍ എസ്‌റേറ്റ് പുനരുജ്ജീവിപ്പിക്കുന്നതിനും അനുബന്ധ റബ്ബര്‍ ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിനും വേണ്ട അടിയന്തിര നടപടികള്‍ കേരള കാര്‍ഷിക സര്‍വകലാശാല ഭരണ വിഭാഗവും എക്‌സിക്യുട്ടീവ് കമ്മറ്റിയും കൈക്കൊള്ളണമെന്നും വിജിലന്‍സ് കോടതി ശുപാര്‍ശ ചെയ്യുന്നുണ്ട്. അല്ലാത്തപക്ഷം കാര്‍ഷിക സര്‍വകലാശാലയുടെ ഭാവി തന്നെ അപകടപ്പെടുത്തും വിധം പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും എസ്‌റേറ്റ് തന്നെ ഇല്ലാതാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കുന്നു. 

കേന്ദ്ര തോട്ടം വകുപ്പറിയാതെയും സര്‍വകലാശാലയിലെ നിയമോപദേഷ്ടാവിനെ അവഗണിച്ചുകൊണ്ടും 14 തോട്ടം തൊഴിലാളികളെ ഫാം തൊഴിലാളികളാക്കിയത് തെറ്റാണെന്നും അവരെ എത്രയും വേഗം തോട്ടം തൊഴിലാളികളാക്കി പുനര്‍വിന്യസിപ്പിച്ച് ഉത്തരവിറക്കണമെന്നും എസ്‌റ്റേറ്റ് പ്രവര്‍ത്തനസജ്ജമാക്കണമെന്നും വിജിലന്‍സ് കോടതിയുടെ ശുപാര്‍ശയുണ്ട്. 

വന്‍തുക സാമ്പത്തിക നഷ്ടമുണ്ടായതായുള്ള എ.ജി ആഡിറ്റ് റിപ്പോര്‍ട്ടിന്മേല്‍ സത്വര നടപടി സ്വീകരിക്കണമെന്നും കോടതി ആവര്‍ത്തിച്ചു പറയുന്നുണ്ട്. 

സര്‍വകലാശാലക്ക് പ്രതിവര്‍ഷം ഒരു കോടിയിലേറെ വരുമാനം നേടിത്തന്ന റബ്ബര്‍ മരങ്ങള്‍ മുറിച്ച് ഗവേഷണപരീക്ഷണങ്ങള്‍ നടത്തിയത് ശരിയല്ലെന്നും വിജിലന്‍സ് കുറ്റപ്പെടുത്തി. മുറിച്ചുമാറ്റിയ മരങ്ങളുടെ സ്ഥാനത്ത് വനം വകുപ്പ് നിര്‍ദ്ദേശിക്കും പ്രകാരം പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതായിരുന്നു. സര്‍വകലാശാല അതുചെയ്തില്ല. കാര്‍ഷിക സര്‍വകലാശാല ഭൂമി വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തേണ്ടതാണ്. ഇതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി യോജിച്ച് പ്രവര്‍ത്തിക്കണം. തൊഴിലുറപ്പും പാരിസ്ഥിതിക സന്തുലനവും ഉറപ്പു വരുത്തണം, വിജിലന്‍സിന്റെ ശുപാര്‍ശകള്‍ തുടരുന്നു. 

തൃശൂര്‍ വിജിലന്‍സ് കോടതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരിക്കുകയാണ്.

ഈ കേസുമായി ബന്ധപ്പെട്ട് വിജിലസില്‍ മൊഴികൊടുത്ത സര്‍വകലാശാല സെക്ഷന്‍ ഓഫിസര്‍ക്കെതിരെ എസ്‌റേറ്റ് മേധാവി ഡോ. കെ. അരവിന്ദാക്ഷന്‍ വധഭീഷണി മുഴക്കിയതും സ്ത്രീ പീഡന കേസ്സില്‍ കുരുക്കാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു. പ്രസ്തുത ഓഫിസര്‍ കഴിഞ്ഞ മാസം സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ശമ്പളമടക്കമുള്ള എല്ലാ വിരമിക്കല്‍ ആനുകൂല്യങ്ങളും തടഞ്ഞിരിക്കുകയാണ്.

എന്നാല്‍ കര്‍ഷിക സര്‍വകലാശാലക്കെതിരെ താന്‍ ഉന്നയിച്ച ക്രമക്കേടുകളും അഴിമതികളും വിജിലന്‍സ് കോടതിയില്‍ തെളിഞ്ഞ സാഹചര്യത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാതെ കേവലം ശുപാര്‍ശകളില്‍ കേസ് ഒതുക്കുന്നത് നിര്‍ഭാഗ്യകരവും നീതി നിഷേധവുമാണെന്നും കേസിലെ പരാതിക്കാരനും ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റുമായ ടി. ചന്ദശേഖരന്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഈ കേസില്‍ മൊഴി കൊടുത്ത ഉദ്യോഗസ്ഥരെപോലും ജനാധിപത്യ വിരുദ്ധമായും സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായും സര്‍വകലാശാല പീഡിപ്പിക്കുകയാണെന്നു പരാതിയുണ്ട്. കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതുവരെ സമര പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ടി. ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. പരാതിക്കാരന് വേണ്ടി അഡ്വ. സത്യജിത് ഹാജരായി. 2014 ഫെബ്രുവരി അഞ്ചിനായിരുന്നു പരാതി സമര്‍പ്പിച്ചത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on December 27, 2016 3:10 pm