X

സോണിയയേയും രാഹുലിനേയും മന്‍മോഹന്‍ സിംഗിനേയും അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പാര്‍ലമെന്റില്‍ ഏറ്റുമുട്ടിയശേഷം പോരാട്ടം തെരുവിലെത്തി. രണ്ട് പാര്‍ട്ടികളും ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടികള്‍ നടത്തി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. അതേസമയം പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ എന്‍ഡിഎയും പ്രതിഷേധം സംഘടിപ്പിച്ചു.

ജന്തര്‍മന്ദിറില്‍ നിന്നും പാര്‍ലമെന്റിലേക്ക് സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി. മാര്‍ച്ച് പൊലീസ് തടയുകയും സോണിയ, രാഹുല്‍, മന്‍മോഹന്‍സിങ്, എകെ ആന്റണി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതും അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ വിഷയവും ആണ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തിലെത്തിയത്. ജനാധിപത്യത്തെ അവര്‍ കൊലപ്പെടുത്തി. സര്‍ക്കാരിന്റെ അനീതിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല. ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ വിഭജിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ പോലും അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ്. ജനാധിപത്യത്തെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാറ്റിനേയും തങ്ങളുടെ വരുതിയിലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ ജന്തര്‍മന്ദിറില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

ജനങ്ങള്‍ തങ്ങളോടൊപ്പം ഉള്ള കാലത്തോളം എല്ലാ ആക്രമണങ്ങളില്‍ നിന്നും ഭരണഘടനയെ പ്രതിരോധിക്കാനുള്ള പോരാട്ടം തങ്ങള്‍ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങളെ കുറിച്ച് സംസാരിക്കുന്ന ബിജെപി ഇപ്പോള്‍ അതിനെ തകര്‍ക്കുകയാണ്. അവര്‍ തങ്ങളെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. എന്നാല്‍ അവര്‍ വിജയിക്കില്ല. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കണം. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപി കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 4:02 pm