X

രോഹിതിന് നീതി; രാജ്യവ്യാപകമായി ഇന്ന് കാമ്പസുകള്‍ സമരത്തില്‍

അഴിമുഖം പ്രതിനിധി

ബ്രാഹ്മണ ഫാസിസത്തിനെതിരെ പോരാടാന്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം ശക്തിപ്പെടേണ്ടതുണ്ടെന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്, രോഹിതിന് നീതി എന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ യുണിവേഴ്‌സിറ്റി സ്‌ട്രൈക്ക് ആരംഭിച്ചു. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്( എച്ച് ഒ യു) നേതൃത്വം നല്‍കുന്ന സമരത്തിന് രാജ്യത്തെ കാമ്പസുകള്‍ അണിചേര്‍ന്നിട്ടുണ്ട്. രോഹിതിന്റെ ‘കൊലപാതക ആത്മഹത്യയുടെ കാരണക്കാര്‍ക്കെതിരെ നടപടി’ എന്ന വിട്ടുവീഴ്ച്ചയില്ലാത്ത ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്നത്.

രാവിലെ ഏട്ടരമുതല്‍ കാമ്പസുകള്‍ സമരത്തില്‍ അണിചേര്‍ന്നു തുടങ്ങി. പ്രതിഷേധങ്ങളും ചിന്തകളും പ്രകടിപ്പിക്കുന്ന കാര്‍ഡുകള്‍ ഉയര്‍ത്തിയും രോഹിത് വെമുലയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്ന ബാഡ്ജുകള്‍ ധരിച്ചും നീതിതേടുന്നവന്റെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഛായക്കൂട്ടുകള്‍ പൂശിയും നിങ്ങള്‍ മുന്നോട്ടു വരിക, ഉറക്കെ പ്രതികരിക്കുക; ഈ സമരത്തിന്റെ പ്രധാന ആഹ്വാനങ്ങള്‍ ഇവയാണ്. വിദ്യാര്‍ത്ഥി സമൂഹത്തിനൊപ്പം ജനാധിപത്യ പുരോഗമന സമൂഹത്തിന്റെ പിന്തുണയും സമരത്തിനുണ്ട്.

കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരബാദ് യൂണിവേഴ്‌സിറ്റി പി അപ്പറാവു, യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്ടര്‍ പ്രൊ. അലോക് പാണ്ഡെ,യൂണിവേഴ്‌സിറ്റിയിലെ എബിവിപി ഘടകം പ്രസിഡന്റ് സുശീല്‍ കുമാര്‍, എംല്‍സി രാമചന്ദ്ര ബാബു എന്നിവര്‍ക്കെതിരെ എസ് സി/ എസ് ടി ആക്ട്പ്രകാരം കേസ് എടുക്കുക, പി അപ്പറാവുവിനെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സല്‍ തസ്തികയില്‍ നിന്നും പുറത്താക്കുക, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ മന്ത്രിസ്ഥാനത്തു നിന്നു നീക്കുക, ഉന്നതവിദ്യാഭ്യാസത്തിന് പഠിക്കുന്ന, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന ‘രോഹിത് ആക്ട’ നിയമനിര്‍മാണ സഭയില്‍ പാസാക്കുക, രോഹിതിന്റെ കുടുംബത്തില്‍ നിന്നൊരാള്‍ക്ക് ജോലിയും നഷ്ടപരിഹാരമായി അമ്പതുലക്ഷം രൂപയും സര്‍വകലാശാല നല്‍കുക, രോഹിത് അടക്കം അഞ്ചുവിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തപ്പെട്ട കള്ളക്കേസുകള്‍ നിരുപാധികമായി അടിയന്തരപ്രാധാന്യത്തോടെ പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടി, അടിയന്തരമായി, നിരുപാധികം പിന്‍വലിക്കുക. എന്നീ ഏഴ് ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

അതേസമയം ജെ എ സി എസ് ജെ യുടെ സമരത്തിനെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ മറ്റൊരു സമരത്തിനും ഇന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

This post was last modified on December 27, 2016 3:34 pm