X

ഫ്യൂച്ചര്‍ ഷോക്ക് രചയിതാവ് ആല്‍വിന്‍ ടോഫ്ളര്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ സമൂഹത്തിലുണ്ടാകുന്ന വമ്പിച്ച മാറ്റങ്ങളോട് ജനങ്ങളും സ്ഥാപനങ്ങളും എങ്ങനെ പ്രതികരിക്കും പ്രതിസന്ധികളെ എങ്ങനെ നേരിടും എന്നിവ പ്രവചനാത്മകമായി അവതരിപ്പിച്ച ഫ്യൂച്ചര്‍ ഷോക്ക് എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാവ് ആല്‍വിന്‍ ടോഫ്ലെര്‍ ലോസ് അഞ്ചാലെസില്‍ അന്തരിച്ചു. 87 വയസ്സായിരുന്നു അദ്ദേഹത്തിന്. ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റുപോവുകയും ലോകത്തെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത പുസ്തകത്രയങ്ങളില്‍ ആദ്യത്തേതാണ് 1970ല്‍ പുറത്തിറങ്ങിയ ഫ്യൂച്ചര്‍ ഷോക്ക്. 

1960 കളിലെ പ്രമുഖനായ സാമൂഹ്യ ശാസ്ത്ര ചിന്തകനും സ്വതന്ത്ര മാഗസിന്‍ എഴുത്തുകാരനുമായ ടോഫ്ളര്‍ 5 വര്‍ഷക്കാലത്തോളം നടത്തിയ ഗവേഷണ പഠന്നത്തിനൊടുവിലാണ് ഫ്യൂച്ചര്‍ ഷോക്ക് രചിച്ചത്. അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും സാംസ്കാരിക മുന്നേറ്റം ഉണ്ടാക്കിയ പരിവര്‍ത്തനങ്ങളാണ് അദ്ദേഹം വിശകലനത്തിന് വിധേയമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസ്തുതകള്‍ ടോഫ്ളര്‍ ഈ പുസ്തകത്തില്‍ കൊണ്ടുവരുന്നുണ്ട്. സംസ്കാരം, കുടുംബം, ഭടണകൂടം, സമ്പദ് വ്യവസ്ഥ എന്നിവയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ വളരെ കൃത്യമായിരുന്നു. ക്ലോണിംഗ്, പേര്‍സണല്‍ കംപ്യൂട്ടറുകളുടെ ജനപ്രീയതയും സ്വാധീനവും, ഇന്‍റര്‍നെറ്റ്, കേബിള്‍ ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍ എന്നിവയുടെ കണ്ടുപിടുത്തം എല്ലാം അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. ഫ്യൂച്ചര്‍ ഷോക്കിന് തുടര്‍ച്ചയായി ദി തേര്‍ഡ് വേവ് (1980), പവര്‍ഷിഫ്റ്റ് (1990) എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചു. 

പോളണ്ടില്‍ നിന്നുള്ള കുടിയേറ്റക്കാരായ സാം ടോഫ്ലറുടെയും റോസ് ടോഫ്ലറുടെയും രണ്ടു മക്കളില്‍ മൂത്തവനായി 1928 ഒക്ടോബര്‍ 4നു ന്യൂയോര്‍ക്കിലാണ് ആല്‍വിന്‍ ടോഫ്ളര്‍ ജനിച്ചത്.