X

പിറന്നാള്‍ ആശംസ, പോലീസ് ഭീകരത, തീവെപ്പ്- വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍

പൊലീസ് ക്രൂരത, വംശീയ ആക്രമണ ഭീതി എ്ന്നിവ തുടരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍

ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ നാഗാലാന്‍ഡ് ഈയിടെ വാര്‍ത്തകളില്‍ വന്നത് അവിടത്തെ വിവിധ വിമത വിഭാഗങ്ങളും സര്‍ക്കാരും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ പേരിലും തങ്ങളുടേത് മാത്രമായ ഭരണഘടനയും പതാകയും നേടിയെടുക്കാനുള്ള അവിടത്തെ ജനതയുടെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നേറ്റ തിരിച്ചടിയുടെ പേരിലും ഒക്കെയാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഒരു വൈറല്‍ വീഡിയോയുടെ വാര്‍ത്തയാണ് ഇപ്പോള്‍ നാഗാലാന്‍ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

സെപ്റ്റംബര്‍ 17 നു 69 -ാം പിറന്നാള്‍ ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉങ്മ ഗ്രാമത്തിലെ നാല് കുട്ടികള്‍ പാട്ടു പാടുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 5, 6 വയസ്സു മാത്രം വരുന്ന മൂന്ന് പെണ്‍കുട്ടികളും ഗിറ്റാര്‍ വായിച്ചു കൂടെ പാടുന്ന മുതിര്‍ന്ന ഒരാണ്‍കുട്ടിയുമാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വളരെയധികം ആവേശത്തോടെയും നിഷ്‌കളങ്കമായും പാടി തകര്‍ക്കുന്ന ഈ കുട്ടികളുടെ വീഡിയോ പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും പെട്ടു. ഇന്റര്‍നെറ്റില്‍ താന്‍ കണ്ട ഏറ്റവും സന്തോഷം പകര്‍ന്ന കാഴ്ച എന്നിതിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി ഈ കുട്ടികളോട് നന്ദി പറയുകയും അവര്‍ക്കുള്ള സമ്മാനങ്ങള്‍ എത്രയും വേഗം അയക്കുമെന്നു ഉറപ്പു നല്‍കുകയും ചെയ്തു.

മനുഷ്യ മനസ്സിനെ നടുക്കുന്ന പോലീസ് ഭീകരതയാണ് ആസ്സാമില്‍ ഈയിടെ അരങ്ങേറിയത്. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി ഉപദ്രവിക്കപ്പെട്ട മൂന്ന് സഹോദരിമാരെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നു. സെപ്തംബര് 8 നു നടന്ന സംഭവം വൈകിയാണ് പുറം ലോകമറിഞ്ഞത്. റിപ്പോര്‍്ട്ടുകള്‍ പ്രകാരം, ഈ യുവതികളുടെ സഹോദരന്‍ അന്യമതസ്ഥയായ ഒരു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ സഹോദരിമാരെ ബുര്‍ഹാ പോലീസ് സ്റ്റേഷനിലേയ്ക് കൊണ്ട് വന്നത്. അവിടെ വച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയ മഹേന്ദ്ര ശര്‍മയുടെ നേതൃത്വത്തില്‍ ഈ സഹോദരിമാര്‍ ക്രൂരമായ മര്‍ദ്ദനത്തിനും മറ്റു പീഡനങ്ങള്‍ക്കും വിധേയരായി. സംഭവസമയത്തു സഹോദരിമാരില്‍ ഒരാള്‍ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ അവര്‍ക്കു അവരുടെ കുഞ്ഞിനെ നഷ്ടപ്പെട്ടു. സംഭവത്തെക്കുറിച്ചു ഇവര്‍ പരാതി നല്‍കി 8 ദിവസങ്ങള്‍ കടന്നുപോയിട്ടും നടപടികള്‍ ഒന്നുമുണ്ടായില്ല. അതോടെ തങ്ങള്‍ക്കു നേരിട്ട ദുരനുഭവം ഇവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതിനു ശേഷമാണു ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയുണ്ടായത്. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ആയ ബി. സിന്‍ഹയോട് സംഭവത്തെക്കുറിച്ചു അന്വേഷണം നടത്താനും 7 ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഹിന്ദിയെ രാഷ്ടഭാഷ ആക്കുന്നത് സംബന്ധിച്ചു വാദപ്രതിവാദങ്ങള്‍ നടക്കേ, ത്രിപുര മുഖ്യമന്ത്രിയായ ബിപ്ലബ് ദേബ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. ഹിന്ദിയെ രാഷ്ടഭാഷ ആക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നാണ് ദേയുടെ നിലപാട്. മുന്‍പും ഇത്തരം വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് ദേബ്. ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയം മഹാഭാരത കാലഘട്ടം മുതല്‍ക്കേ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടെന്നും 1997 ല്‍ മിസ്സ് വേള്‍ഡ് പട്ടം നേടിയ ഡയാന ഹെയ്ഡന്‍, അവര്‍ക്കു ഹിന്ദു ദേവതകളെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യം ഇല്ലാത്തതിനാല്‍, ആ പട്ടത്തിനു അര്‍ഹയല്ലെന്നും ഒക്കെയുള്ള പ്രസ്താവനകള്‍ അവയില്‍ ചിലതാണ്. (സെപ്റ്റംബര്‍ 17ലെ റിപ്പോര്‍ട്ട്)

മണിപ്പൂരില്‍, മാറാം ഖുല്ലന്‍ സര്‍ക്കിള്‍ യൂണിയന്‍ (എം.കെ.സി.യു )ന്റെ പ്രവര്‍ത്തകരെന്നു സംശയിക്കപ്പെടുന്ന ഒരു കൂട്ടം ആയുധധാരികള്‍ സേനാപതി ജില്ലയിലെ പത്തോളം വീടുകള്‍ അഗ്‌നിക്കിരയാക്കി. മാറാം, മഖന്‍ എന്നീ ഗ്രാമങ്ങളിലെ ആളുകള്‍ തമ്മില്‍ 40 വര്‍ഷത്തോളമായി നടക്കുന്ന ഭൂമി തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഈ അക്രമം നടന്നത്. ലക്ഷകണക്കിന് രൂപ മൂല്യം വരുന്ന വസ്തുവകകള്‍ തീപിടുത്തത്തില്‍ കത്തി നശിച്ചു. ഒരു സ്ത്രീയ്ക് പരിക്കേറ്റെങ്കിലും അവര്‍ അപകട നില തരണം ചെയ്തു. മഖനിലൂടെ കടന്നു പോകുന്ന ഹൈവേയിലെ ഒരു പാലവും അക്രമികള്‍ കത്തിച്ചു. വയറുകള്‍ക് കേടുപാട് സംഭവിച്ചതിനാല്‍ ടെലികോം സേവനങ്ങള്‍ തടസ്സപ്പെട്ടെങ്കിലും ഉച്ചയോടു കൂടി അവ പുനഃസ്ഥാപിക്കപ്പെട്ടു. മഖന്‍ പീപ്പിള്‍സ് ഓര്‍ഗനൈസിംഗ് (എം.പി.ഓ ) ന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയ മഖന്‍ ഗ്രാമവാസികള്‍ ഹൈവേ ഉപരോധിച്ചു. പിനീട് സംസ്ഥാന ട്രൈബല്‍ അഫയര്‍സ് ഉദ്യോഗസ്ഥനായ എന്‍ കായിഷി ഗ്രാമവാസികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണു അവര്‍ ഉപരോധം അവസാനിപ്പിച്ചത്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തു പട്രോളിങ് നടത്താനും ഒരു പ്ലാറ്റൂണ്‍ ഐ. ആര്‍.ബി അംഗങ്ങളെ ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുണ്ട്.(സെപ്റ്റംബര്‍ 17ലെ റിപ്പോര്‍ട്ട് )

സെപ്റ്റംബര്‍ 19- മിസോറമില്‍ നിന്ന് വംശീയ ആക്രമണം ഭയന്ന് പലായനം ചെയ്തു വടക്കന്‍ ത്രിപുരയിലെ ക്യാമ്പുകളില്‍ കഴിയുന്ന ബ്രൂ കുടുംബങ്ങളോട് മിസോറാമിലേയ്ക് തിരിച്ചു വരാന്‍ അവിടുത്തെ പ്രമുഖ സിവില്‍ സൊസൈറ്റി സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും ഒറ്റക്കെട്ടായി അഭ്യര്‍ത്ഥിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ബ്രൂ സംഘടനയുടെ പ്രവര്‍ത്തകരാല്‍ ഒരു മിസോ ഗാര്‍ഡ് കൊല്ലപ്പെട്ട സംഭവത്തിന് ശേഷം തിരിച്ചടികളും വംശീയ ആക്രമണവും ഭയന്നു ആയിരക്കണക്കിന് ബ്രൂ കുടുംബങ്ങളാണ് മിസോറമില്‍ നിന്ന് പലായനം ചെയ്തത്. ഇവരെ മടക്കി കൊണ്ടുവരാന്‍ 2009 മുതല്‍ മിസോറം സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളൊന്നും തന്നെ ഫലം കണ്ടില്ല. തിരികെ വരുന്നതിന്റെ ഭാഗമായി ബ്രൂ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അവര്‍ അംഗീകരിക്കാത്തതായിരുന്നു അതിനു പ്രധാന കാരണം. ഇതേസമയം, മ്യാന്മറില്‍ നിന്നു അനധികൃതമായി മിസോറമില്‍ എത്തിയ 489 അഭയാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അനുവദിക്കുകയും ചെയ്‌തെന്നു എന്‍.ജി.ഓ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിക്കുന്നു. മ്യാന്‍മറിലെ ഗ്രമങ്ങളില്‍ നിന്നും 2017 ലെ സായുധ കലാപത്തില്‍ നിന്ന് രക്ഷ തേടി 1700 ല്‍ അധികം അഭയാര്‍ത്ഥികള്‍ മിസോറമില്‍ എത്തിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇങ്ങനെ എത്തിയിട്ടുള്ള അഭയാര്‍ഥികളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കണമെന്നാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്.

 

 

 

അമന വാങ്കനായോ

മാധ്യമ പ്രവര്‍ത്തക

More Posts