X

കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്; 130 കോടി ജനങ്ങൾക്കുള്ള ‘വിൻ-വിൻ’, ചരിത്രപരമായ തീരുമാനമെന്ന് പ്രധാനമന്ത്രി

സ്വകാര്യ നിക്ഷേപം വർദ്ധിക്കുമെന്നും പ്രധാനമന്ത്രി മോദി

സാമ്പത്തിക ഉത്തേജന നടപടികളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോര്‍പ്പറേറ്റ് നികുതി കുറച്ചത് ചരിത്രപരമായ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടിവരുന്ന ഇന്ത്യക്കാർക്ക് ‘വിൻ-വിൻ’ ആണിതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തന്റെ ടിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാർ തീരുമാനം രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം സർക്കാറിന്റെ അഭിമാന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യക്കും നടപടി വലിയ ഉത്തേജനം നൽകും. സ്വകാര്യ നിക്ഷേപം വർദ്ധിക്കുമെന്നും പ്രധാനമന്ത്രി മോദി ട്വീറ്റുകളിൽ പറഞ്ഞു.

5 ട്രില്യൺ ഡോളർ സമ്പത്ത് വ്യവസ്ഥയെന്ന് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ കുറിച്ചും മോദി തന്റെ ട്വീറ്റിൽ പരാമർശിച്ചു. വ്യവസായങ്ങള്‍ക്ക് കൂടുതൽ അനുകുലമായ സ്ഥലമാക്കി മാറ്റാനുള്ള അടിത്തറയാണ് പ്രഖ്യാപനം. നീക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവസരങ്ങൾ മെച്ചപ്പെടുത്തുകയും സമൃദ്ധി വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഭവന നിര്‍മ്മാണ മേഖല അടക്കമുള്ളവയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തിയത്. 30 ശതമാനത്തില്‍ നിന്ന് 25.2 ശതമാനത്തിലേയ്ക്കാണ് നികുതി ഇളവ് നല്‍കിയത്. സര്‍ചാര്‍ജ്ജുകള്‍ അടക്കമാണിത്. നിര്‍മ്മല സീതാരാമന്‍ ഗോവയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് ടാക്‌സ് കുറക്കുന്നതിലൂടെ ഒരു വര്‍ഷം 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ക്കും പുതിയ മാനുഫാക്ച്വറിംഗ് സ്ഥാപനങ്ങള്‍ക്കും ധന മന്ത്രി നികുതി ഇളവ് പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റ് നികുതി കുറക്കുന്നതിനായി 1961ലെ ആദായനികുതി നിയമം ഭേദഗതി ചെയ്യും. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഇന്‍കംടാക്‌സ് ആക്ടില്‍ കൊണ്ടുവരും. മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് നികുതി 15 ശതമാനമാക്കുക. ഉല്‍പ്പാദന വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഇത് സഹായകമാകുമെന്ന് ധന മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ധന മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം സെന്‍സെക്‌സ് സൂചിക 900 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 10,900 മാര്‍ക്ക് കടന്നു.

This post was last modified on September 20, 2019 6:14 pm