X

ഇന്നെങ്കിലും അവരെ കണ്ടെത്താനാവുമോ? സൈന്യത്തിന്റെ ഇടപെടല്‍ കാത്ത് കവളപ്പാറയിലെ ജനങ്ങള്‍

ഉറ്റവരെ തേടി ബന്ധുക്കള്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇറങ്ങുന്ന അവസ്ഥപോലുമുണ്ടായി

മണ്ണിടിച്ചില്‍ ഉണ്ടായിട്ട് ഇന്ന് മൂന്ന് ദിവസമാകുന്നു. എത്രപേരാണ് ഇപ്പോഴും മണ്ണിനുള്ളില്‍ എന്ന് പോലും അറിയാത്ത ദുരന്തം അനുഭവിക്കുകയാണ്  മലപ്പുറം കവളപ്പാറയിലെ  ജനങ്ങള്‍. വീടുകള്‍ പോലും പൂര്‍ണമായും മൂടിപ്പോയ ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം കാര്യമായി നടത്താന്‍ പോലുമാവാത്ത സാഹചര്യമായിരുന്നു ഇതുവരെ.  ഇന്ന് രാവിലെയാണ് സൈന്യം എത്തിയത്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പോലുള്ള പ്രകൃതി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഇനിയും 57 പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്കാക്കുന്നത്.

മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് ഇവിടെ ഇന്ന് തിരച്ചലിന് എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയുമാണ് ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തിയത്.  എന്നാല്‍ ഇതിനിടെയുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. മണ്ണിടിഞ്ഞ് പരന്ന് പോയ പ്രദേശത്ത തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ എന്തുചെയ്യണമെന്നറിയാതെ ഉറ്റവരെക്കുറിച്ച് അറിയാത്ത അവസ്ഥയിലാണ് ഇവിടെ അവശേഷിക്കുന്നവര്‍.

ഉരുള്‍പൊട്ടലില്‍ 63 പേരെയാണ് കാണാതായത്. ഇതില്‍ ഏഴ് പേരുടെ മൃതശരീരങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. വീടുകള്‍ തന്നെ മണ്ണിട്ട് മൂടപ്പെട്ട അവസ്ഥയില്‍ ഇവരില്‍ കാണാതായ ആരെങ്കിലും ജീവനോടെ കണ്ടെത്താമെന്ന് പ്രതീക്ഷ നാട്ടുകാര്‍ക്കില്ല. കാണാതായവരില്‍ 20 കുട്ടികളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 40 വീടുകളെങ്കിലും മണ്ണിനടയില്‍ പോയെന്നാണ് കണക്കാക്കുന്നത്. ഉറ്റവരെ തേടി ബന്ധുക്കള്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇറങ്ങുന്ന അവസ്ഥപോലുമുണ്ടായി.

മണ്ണ് നീക്കി തിരച്ചല്‍ ശക്തമാക്കാന്‍ സൈന്യത്തിന കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ശക്തമായ മഴയെ തുടര്‍ന്ന് പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ശ്രമിക്കുമ്പോഴാണ് ദുരന്തം വിതച്ച് ഉരുള്‍പ്പൊട്ടിയത്. സുരക്ഷിത സ്ഥലമെന്ന് കരുതി സമീപത്തെ വീടുകളില്‍ എത്തിയവരും ദുരന്തത്തില്‍ പെട്ടു.

സൈന്യത്തിന്റെ വരവോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ കുരുതുന്നു. ഇന്ന് രാവിലെ മുതല്‍ ഇവിടെ മഴയിലും കുറവുണ്ടായിട്ടുണ്ട്. പുത്തുമലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇവിടെ ഒമ്പത് പേരെയാണ് ഇനി കണ്ടെത്താനുളളത്.

This post was last modified on August 14, 2019 5:04 pm