X

നടിയെ ആക്രമിച്ച സംഭവം: അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സുനി പ്രതീഷിനാണ് കൈമാറിയതെന്നാണ് പോലീസ് ഭാഷ്യം

യുവനടിയെ ആക്രമിച്ച കേസില്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് കോടതിയുടെ പരാമര്‍ശം.

പ്രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ്. കേസില്‍ തന്നെ കുടുക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് പ്രതീഷിന്റെ വാദം. അതേസമയം നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സുനി പ്രതീഷിനാണ് കൈമാറിയതെന്നാണ് പോലീസ് ഭാഷ്യം. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതീഷിനെ ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

ഗൂഢാലോചന കുറ്റത്തിന് ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് ലഭിച്ച കൂടുതല്‍ തെളിവുകളുടെ വെളിച്ചത്തിലാണ് അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്ന് ഇന്നലെ മുഖ്യമന്ത്രിയും അന്വേഷണ സംഘവും വ്യക്തമായ സൂചന നല്‍കിയിരുന്നു.

ഒരു പ്രതിപക്ഷ എംഎല്‍എ സുനിയെ പലതവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്തിന് വേണ്ടിയാണ് വിളിച്ചതെന്ന് കണ്ടെത്താന്‍ എംഎല്‍എയുടെ മൊഴി അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും.

This post was last modified on July 12, 2017 4:51 pm