X

ഇന്ത്യയടക്കം ആഗോള വിപണികളില്‍ തകര്‍ച്ച, വഴിമരുന്നിട്ട് ചൈന

അഴിമുഖം പ്രതിനിധി

ചൈനയ്ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച. സെന്‍സെക്‌സ് 500 പോയിന്റിലേറെ ഇടിഞ്ഞ് 25,000-ന് താഴേക്ക് പതിച്ചപ്പോള്‍ നിഫ്റ്റി 7,600-നും താഴെയെത്തി. ഇരു വിപണികളിലേയും മൂന്നാഴ്ച്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.

ഷാങ്ഷായ് വിപണി ഏഴ് ശതമാനത്തില്‍ കൂടുതല്‍ തകര്‍ച്ച നേരിട്ടതിനെ തുടര്‍ന്ന് സാധാരണ വ്യാപാരം അവസാനിപ്പിക്കുന്നതിലും നേരത്തെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ചൈനീസ് കറന്‍സിയായ യുവാനും കനത്ത മൂല്യശോഷണമാണ് സംഭവിച്ചിരിക്കുന്നത്. ചൈനയില്‍ ഈയാഴ്ചയില്‍ ഇത് രണ്ടാം തവണയാണ് വ്യാപാരം നേരത്തെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.

ഇന്ന് രൂപയുടെ മൂല്യം ഡോളറിന് 66.95 ആയി ഇടിഞ്ഞശേഷം 66.67-ലേക്ക് കരകയറി.

ഇന്ത്യന്‍ വിപണിയിലെ ഒട്ടുമിക്ക ഓഹരികളും വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ചൈനീസ് യുവാന്റെ മൂല്യശോഷണം ഇറക്കുമതി ചെലവ് കുറയ്ക്കുമെന്ന ഭീതി കാരണം ഇന്ത്യന്‍ വിപണിയിലെ ലോഹ ഓഹരികള്‍ക്ക് കൂടുതല്‍ വില്‍പന സമ്മര്‍ദ്ദമാണുണ്ടായത്. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത എന്നിവയുടെ ഓഹരികള്‍ നാലിനും അഞ്ചിനും ശതമാനത്തിന് ഇടയ്ക്ക് ഇടിവും രേഖപ്പെടുത്തി. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ എത്തിയതിനെ തുടര്‍ന്ന് എണ്ണ കമ്പനികളുടെ ഓഹരികള്‍ക്കും വില്‍പന സമ്മര്‍ദ്ദമുണ്ടായി. കെയ്ന്‍ ഇന്ത്യ ഏഴ് ശതമാനവും ഒഎന്‍ജിസി അഞ്ച് ശതമാനവും വിലയില്‍ ഇടിവുണ്ടായി.

ചൈനീസ് വിപണിയിലെ തകര്‍ച്ച മറ്റു ഏഷ്യന്‍ വിപണികളിലും അലയൊലിയുണ്ടാക്കി. ജപ്പാന്റെ നിക്കി 2.3 ശതമാനവും ഹോങ്കോങ്ങിലെ ഹാങ്‌സെങ് 2.75 ശതമാനവും ഇടിഞ്ഞു. യൂറോപ്യന്‍ വിപണികളിലും തകര്‍ച്ച ദൃശ്യമായി.

ചൈനീസ് വിപണികളിലെ തകര്‍ച്ചയ്ക്ക് വഴിമരുന്നിടുന്നത് യുവാന്റെ മൂല്യശോഷണമാണ്. ഇത് ചൈനീസ് സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്ക ഉണര്‍ത്തു. കൂടാതെ മറ്റു രാജ്യങ്ങളും സ്വന്തം കറന്‍സികളുടെ മൂല്യം കുറയ്ക്കാന്‍ സാധ്യതയുണ്ട്.

This post was last modified on December 27, 2016 3:31 pm